'ആട്ടം' മികച്ച ചിത്രം; വിനയ് ഫോർട്ട് - ആനന്ദ് ഏകർഷി ചിത്രത്തിന് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ അം​ഗീകാരം

'ആട്ടം' മികച്ച ചിത്രം; വിനയ് ഫോർട്ട് - ആനന്ദ് ഏകർഷി ചിത്രത്തിന് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ അം​ഗീകാരം

വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി, സെറിൻ ശിഹാബ് എന്നിവരോടൊപ്പം 9 പുതുമുഖ താരങ്ങളും ആട്ടത്തിൽ ഒന്നിക്കുന്നു

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ (ഐഎഫ്എഫ്എൽഎ) മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം സ്വന്തമാക്കി മലയാള ചിത്രം 'ആട്ടം'. നവാഗതനായ ആനന്ദ് ഏകർഷിയാണ് ആട്ടത്തിന്റെ സംവിധായകന്‍. ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന പ്രമേയത്തെ ആസ്പദമാക്കി നിർമിച്ചിട്ടുള്ള ചിത്രത്തിന് മേളയിൽ മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചതായി അണിയറപ്രവർത്തകർ പറയുന്നു. അവതരണത്തിലെ വ്യത്യസ്ഥതയും പതിയെ ചുരുളഴിയുന്ന സസ്പെൻസുകളുമാണ് ചിത്രത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകൾക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ 'ആട്ട'വും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം ഒന്‍പത് പുതുമുഖ താരങ്ങളും ഒന്നിക്കുന്ന 'ആട്ടം' ശക്തമായ പ്രകടനങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ. അജിത് ജോയ് ആണ് നിർമാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ബേസിൽ സി ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് ശബ്ദമിശ്രണം നിർവഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിൻ നായരും ചേർന്നാണ്. നിശ്ചല ഛായാഗ്രഹണം രാഹുൽ എം. സത്യൻ. ഷഹീൻ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകൾ. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ്, കമ്മ്യുണിക്കേഷൻ എന്നിവ നിർവഹിക്കുന്നു. ജോയ് മൂവീസ് പ്രൊഡക്ഷനാണ് ചിത്രം വിതരണം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in