ഇളയരാജയ്ക്ക് ഇന്ന് 80; ആനകളെ പോലും ആകർഷിച്ച ആ രാജഗീതത്തെ പറ്റി

ഇളയരാജയ്ക്ക് ഇന്ന് 80; ആനകളെ പോലും ആകർഷിച്ച ആ രാജഗീതത്തെ പറ്റി

അരിക്കൊമ്പനെ പോലെയല്ല തേനിയിലെ "പാട്ടുകൊമ്പന്മാർ"

അരിക്കൊമ്പനും ചക്കക്കൊമ്പനുമൊക്കെ വാർത്തയിൽ നിറയുമ്പോൾ തേനിയിലെ ഈ 'പാട്ടുകൊമ്പ'ന്മാരെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഇളയരാജ പറഞ്ഞറിഞ്ഞ ഈ സംഭവ കഥ പങ്കുവച്ചത് ഗായകൻ ജയചന്ദ്രനാണ്- "തേനിയിൽ ഇളയരാജയ്ക്ക് ഒരു വീടുണ്ട്. അതിനടുത്താണ് ആ പ്രദേശത്തെ ഏക സിനിമാ കൊട്ടക. വനപ്രദേശമായതുകൊണ്ട് മൃഗങ്ങളും കുറവല്ല. കൊട്ടകയിൽ 'വൈദേഹി കാത്തിരുന്താൾ' എന്ന സിനിമ പ്രദർശിപ്പിക്കുന്നു. സൗണ്ട് പ്രൂഫിങ് സംവിധാനമൊന്നും ഇല്ലാത്തതുകൊണ്ട് കൊട്ടകയ്ക്കകത്തെ ശബ്ദകോലാഹലം മുഴുവൻ പുറത്ത് കേൾക്കാം.

പടത്തിൽ "രാസാത്തി ഉന്നെ കാണാത നെഞ്ചം" എന്ന പാട്ടിന്റെ സന്ദർഭം എത്തുമ്പോൾ ഉൾക്കാട്ടിൽ നിന്ന് ആനകൾ വരിവരിയായി ഇറങ്ങിവരും. പാട്ട് തീരും വരെ കൊട്ടകയുടെ പരിസരത്ത് മേഞ്ഞ ശേഷം ആനക്കൂട്ടം തിരിച്ചുപോകുകയും ചെയ്യും. തേനിയിൽ ആ സിനിമ പ്രദർശിപ്പിച്ച കാലം മുഴുവൻ ഈ പതിവ് ആവർത്തിച്ചിരുന്നുവെന്നും രാജ പറഞ്ഞു. മൃഗങ്ങളെയും സംഗീതം സ്വാധീനിക്കും എന്നതിന് ഉദാഹരണമായാണ് അദ്ദേഹം ഈ അനുഭവം വിശദീകരിച്ചത്''-- ജയചന്ദ്രൻ പറഞ്ഞു.

അത്ഭുതം തോന്നിയിരിക്കില്ല ഇളയരാജയ്ക്ക്. ആ പാട്ടിന് കാടുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിനല്ലേ അറിയൂ? 'വൈദേഹി കാത്തിരുന്താൾ' എന്ന പടത്തിന് വേണ്ടി രാജ ചിട്ടപ്പെടുത്തിയതല്ല ആ ഗാനങ്ങളൊന്നും എന്നറിയുക. ആ ഗാനങ്ങളിൽ നിന്നുണ്ടായതാണ് സിനിമ എന്നതാണ് സത്യം. മുതുമലൈ ഫോറസ്ററ് ഡിവിഷന്റെ ഗസ്റ്റ് ഹൗസിൽ 'കാക്കി സട്ടൈ' എന്ന സിനിമയുടെ കമ്പോസിങിലാണ് ഇളയരാജ. മൂന്ന് ദിവസത്തെ ഷെഡ്യൂൾ അര ദിവസം കൊണ്ട് തീർന്നു. അഞ്ച് പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടും സമയം ഇഷ്ടം പോലെ ബാക്കി.

ഈണങ്ങൾ കൂടി തയ്യാറാക്കി വച്ചു രാജ. കാടിന്റെ കാതടപ്പിക്കുന്ന നിശബ്ദത മാത്രമായിരുന്നു പശ്ചാത്തല സംഗീതം. യാദൃച്ഛികമായി ആ ഈണങ്ങൾ കേട്ട ഗാനരചയിതാവ്‌ പഞ്ചു അരുണാചലത്തിന് ഒരാഗ്രഹം, അവയിലൊന്ന് തന്റെ അടുത്ത പടത്തിൽ ഉപയോഗിക്കാൻ അനുവദിക്കണം. "എന്തിന് ഒന്നിൽ നിർത്തണം. ആറ് ട്യൂണും എടുത്തോളൂ. അവയെല്ലാം ഉൾപ്പെടുത്താൻ പോന്ന ഒരു കഥയും ആലോചിച്ചോളൂ..''- രാജയുടെ മറുപടി. അങ്ങനെ പിറന്നതാണ് 'വൈദേഹി കാത്തിരുന്താൾ'.

രാസാത്തിക്ക് പുറമെ ജയചന്ദ്രന്റെ രണ്ട് മനോഹര ഗാനങ്ങൾ കൂടിയുണ്ടായിരുന്നു പടത്തിൽ

'കാക്കി സട്ടൈ' പുറത്തിറങ്ങാൻ ഏറെ വൈകി. അതിന് മുൻപ് തീയേറ്ററുകളിൽ എത്തിയ 'വൈദേഹി കാത്തിരുന്താൾ' എന്ന പടത്തിൽ ഈ ഈണങ്ങൾ എല്ലാം ഉപയോഗിക്കപ്പെടുകയും ചെയ്തു. വാലിയും പഞ്ചു അരുണാചലവും ഗംഗൈ അമരനുമായിരുന്നു ഗാനരചയിതാക്കൾ. രാസാത്തിക്ക് പുറമെ ജയചന്ദ്രന്റെ രണ്ട് മനോഹര ഗാനങ്ങൾ കൂടിയുണ്ടായിരുന്നു പടത്തിൽ. 'കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോകുതെടി, ഇൻട്രൈക്ക് യേൻ ഇന്ത ആനന്ദമേ..' (വാണി ജയറാമിനൊപ്പം). ഒരൊറ്റ ദിവസത്തിലാണ് ഈ മൂന്ന് പാട്ടും റെക്കോർഡ് ചെയ്യപ്പെട്ടത് എന്നത് മറ്റൊരു കൗതുകം.

logo
The Fourth
www.thefourthnews.in