കാനിലെ അഭിമാനമായി ഇന്ത്യൻ സിനിമകൾ; 'ക്രെഡിറ്റി'ന്  അർഹമില്ലാത്ത സിനിമാ മേഖലയും

കാനിലെ അഭിമാനമായി ഇന്ത്യൻ സിനിമകൾ; 'ക്രെഡിറ്റി'ന് അർഹമില്ലാത്ത സിനിമാ മേഖലയും

ഈ നേട്ടങ്ങളെല്ലാം സിനിമാ മേഖലയ്ക്ക് അഭിമാനമാണെങ്കിലും ഈ സിനിമകളുടെ നേട്ടത്തിൽ ഇന്ത്യൻ സിനിമാ മേഖലയ്ക്ക് ഒരു പങ്കുമില്ലെന്നതാണ് വസ്തുത.

77-ാമത് കാന്‍ ചലച്ചിത്രോത്സവം ഇന്ത്യന്‍ സിനിമകളാല്‍ ശ്രദ്ധേയമായിരുന്നു. കാനിലെ പ്രധാന പുരസ്‌കാരങ്ങള്‍ നേടിയെടുത്താണ് ഇന്ത്യക്കാരായ താരങ്ങള്‍ രാജ്യത്തേക്ക് തിരിച്ച് വരുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത, മലയാളത്തിന്റെ അഭിമാനമായ കനി കുസൃതിയും ദിവ്യ പ്രഭയും നായികമാരായ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയിരിക്കുന്നു. 30 വര്‍ഷത്തിന് ശേഷം കാന്‍ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയോടെ കാനിലെത്തിയപ്പോള്‍തന്നെ സിനിമ വിജയിച്ചിരുന്നു.

എന്നാല്‍ ഗ്രാന്‍ഡ് പ്രി ജൂറി പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതി കൂടിയും ഈ സിനിമ നേടിയെടുത്തു. ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാറ്റിന്‍ ബോജനോവിന്റെ ദ ഷേംലെസ്സിലൂടെ മികച്ച നടിക്കുള്ള അണ്‍ സര്‍ട്ടന്‍ റിഗാര്‍ഡ് പുരസ്‌കാരം ആദ്യമായി അനസൂയ സെന്‍ഗുപ്തയിലൂടെ ഇന്ത്യയിലെത്തി. ഷഹാന ഗോസ്വാമി അഭിനയിച്ച സന്ധ്യ സൂരിയുടെ സന്തോഷ് എന്ന സിനിമയും ഇതേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ ചൈദാനന്ദ എസ് നായിക്കിന്റെ ഹ്രസ്വ ചിത്രം സണ്‍ഫ്‌ളവേര്‍സ് വേര്‍ ദ ഫസ്റ്റ് വണ്‍സ് ടു ക്‌നോ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ലാ ചിനെഫ് പുരസ്‌കാരവും കരസ്ഥമാക്കി.

കാനിലെ അഭിമാനമായി ഇന്ത്യൻ സിനിമകൾ; 'ക്രെഡിറ്റി'ന്  അർഹമില്ലാത്ത സിനിമാ മേഖലയും
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരോത്സുകയായ വിദ്യാർഥി, ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ വരച്ചിട്ട പായൽ കപാഡിയ

ഈ നേട്ടങ്ങളെല്ലാം സിനിമാ മേഖലയ്ക്ക് അഭിമാനമാണെങ്കിലും ഈ സിനിമകളുടെ നേട്ടത്തിൽ ഇന്ത്യൻ സിനിമാ മേഖലയ്ക്ക് ഒരു പങ്കുമില്ലെന്നതാണ് വസ്തുത. ഇത്തരത്തില്‍ ഇന്ത്യന്‍ സിനിമകള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുമ്പോഴും സിനിമാ മേഖല ഇപ്പോഴും കച്ചവട, താരമൂല്യമുള്ള സിനിമകള്‍ക്ക് പിന്നാലെയാണെന്ന വസ്തുത ഇപ്പോഴെങ്കിലും ചര്‍ച്ചയാവേണ്ടതുണ്ട്. ഇന്ത്യന്‍ സിനിമാ മേഖലയിൽ ഈ സിനിമകള്‍ ഇപ്പോഴും പിന്നിലാണ്. ഉദാഹരണമായി പാരീസ് കേന്ദ്രീകൃതമായ പെറ്റിറ്റ് ചവോസ് എന്ന നിര്‍മാണ കമ്പനിയിലെ ഹക്കീമും ജൂലിയന്‍ ഗ്രാഫും മുംബൈയിലെ ചോക്ക് ആന്‍ഡ് ചീസ് ഫിലിംസിലെ സികോ മൈത്രേയുമാണ് ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് നിര്‍മിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ അക്ക ഫിലിംസ്, തായ്‌വാനിലെ ഹൗസ് ഓണ്‍ ഫയര്‍, ഫ്രാന്‍സിലെ അര്‍ബന്‍ ഫാക്ടറി, ഇന്ത്യയിലെ ടീമോ പ്രൊഡക്ഷന്‍സ് എച്ച് ക്യു ലിമിറ്റഡ്, ബള്‍ഗേറിയയിലെ ക്ലാസ് ഫിലിം എന്നീ നിര്‍മാണ കമ്പനികളാണ് ഷേംലെസിന്റെ നിര്‍മാതാക്കള്‍.

അനസൂയ സെന്‍ഗുപ്ത
അനസൂയ സെന്‍ഗുപ്ത

ഇന്ത്യന്‍ സിനിമാ മേഖലയിലെ കൂട്ടായ വിജയമാണിതെന്ന് കാണാനാണ് നമുക്ക് ഇഷ്ടമെന്ന് എനിക്ക് അറിയാം. പക്ഷേ, ഇത് പായല്‍ കപാഡിയയുടെയും അവരുടെ അസാധ്യമായ അഭിനേതാക്കളുടെയും ക്രൂവിന്റേതുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു

ശ്രേയ ധന്വന്തരി

ഇതില്‍ നിന്നുതന്നെ ഇന്ത്യക്ക് പുറത്ത് നിന്നുള്ള നിര്‍മാണ കമ്പനികളുടെ സഹായത്തിലാണ് ഇന്ത്യന്‍ സിനിമകള്‍ കാനില്‍ തിളങ്ങിയതെന്ന് മനസിലാക്കാം. ഇന്ത്യൻ സിനിമാ മേഖലയിലെ ഈ അവസ്ഥയെക്കുറിച്ചുള്ള സമാന ആശങ്ക കലാകാരന്മാരും പ്രകടിപ്പിക്കുന്നുണ്ട്.

''ഇന്ത്യന്‍ സിനിമാ മേഖലയിലെ കൂട്ടായ വിജയമാണിതെന്ന് കാണാനാണ് നമുക്ക് ഇഷ്ടമെന്ന് എനിക്ക് അറിയാം. പക്ഷേ, ഇത് പായല്‍ കപാഡിയയുടെയും അവരുടെ അസാധ്യമായ അഭിനേതാക്കളുടെയും ക്രൂവിന്റേതുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ഒരു സിനിമ നിര്‍മിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത സിനിമകള്‍. ഈ നേട്ടം അവരുടേത് മാത്രമാണ്. ഇതൊന്നും അവര്‍ക്ക് ആരും എളുപ്പമാക്കി കൊടുത്തതല്ല,''ശ്രേയ ധന്വന്തരി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കുന്നു. ഇന്ത്യൻ സിനിമാ മേഖലയിലെ പിന്തുണയില്ലാതിരുന്നിട്ടും അവർ വിജയിച്ചുവെന്നും ശ്രേയ കൂട്ടിച്ചേർത്തു.

കാനിലെ അഭിമാനമായി ഇന്ത്യൻ സിനിമകൾ; 'ക്രെഡിറ്റി'ന്  അർഹമില്ലാത്ത സിനിമാ മേഖലയും
'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്:' കവിത പോലെ ഒരു സിനിമ

ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഒന്നും ചെയ്യാനില്ല, അല്ലെങ്കില്‍ കുറച്ച് മാത്രമേ ചെയ്യുന്നുള്ളുവെന്നതാണ് സങ്കടകരമായ കാര്യമെന്ന് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഗ്രാന്‍ഡ് പ്രി നേടുന്നതിന് മുമ്പ് സംവിധായകന്‍ പാന്‍ നളിനും എക്‌സില്‍ പങ്കുവെച്ചിരുന്നു.

''പ്രവചനം: ഇന്ന് രാത്രി ഗ്രേറ്റ ഗെര്‍വിഗ് (ജൂറി പ്രസിഡന്റ്) ഇന്ത്യന്‍ സിനിമയില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരും. ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല, അല്ലെങ്കില്‍ കുറച്ച് മാത്രമേ ചെയ്യുന്നുള്ളുവെന്നത് സങ്കടകരമായ സത്യമാണ്. പക്ഷേ, പായല്‍ കപാഡിയയ്ക്ക് ഇപ്പോള്‍തന്നെ മാറ്റമുണ്ട്. ഫ്രാന്‍സിന് മാത്രമേ കഴിവിന് പിന്നിലുള്ള ശക്തി ആരാണെന്ന് അറിവുള്ളു,'' അദ്ദേഹം പറഞ്ഞു. 2021ല്‍ കാനില്‍ 'ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ച 'ദ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന പായലിന്റെ ഡോക്യുമെന്ററി ഇതുവരെ ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കാനില്‍ റെഡ് കാര്‍പ്പെറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഐശ്വര്യ റായ്, അതിഥി റാവു, ശോബിദ ഥുലിപാല തുടങ്ങിയ നടിമാരും നാന്‍സി ടിയാഗി, നിഹാരിക എന്‍എം, അങ്കുഷ് ബഹുഗുണ, രാജ് ശമാനി, വിരാട് ഖലേനി തുടങ്ങിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരും റെഡ് കാര്‍പ്പറ്റില്‍ തിളങ്ങുകയായിരുന്നു. പക്ഷേ ഇത്തരം സാന്നിധ്യങ്ങൾക്കും പുരസ്കാരം ലഭിക്കുമ്പോൾ മാത്രം ലഭിക്കുന്ന അഭിനന്ദനങ്ങൾക്കും അപ്പുറത്തേക്ക് സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് ഇന്നും ഇന്ത്യൻ സിനിമാ മേഖല ഉയർന്നിട്ടില്ല. ഇതിനുദാഹരണമാണ് പായലിൻ്റെ പുരസ്കാരം നേടിയ ഹ്രസ്വ ചിത്രം ഇന്നും ഇന്ത്യയിൽ റിലീസ് ചെയ്തിട്ടില്ല എന്നത്. കാനിലെ ഇന്ത്യന്‍ സാന്നിധ്യം മുന്‍നിര്‍ത്തി നിര്‍മാണ കമ്പനികളും ഇന്ത്യന്‍ സിനിമാ മേഖലയും ഇത്തരത്തിലുള്ള സിനിമകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in