പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്

ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്.

1946ല്‍ തിരുവല്ലയില്‍ ജനിച്ച അദ്ദേഹം 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി.1970 മുതലാണ് ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നത്. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് തുടക്കം.

മൂന്ന് വര്‍ഷത്തോളം രാമു കാര്യാട്ടിന്റെ കീഴില്‍ സിനിമ ജീവിതം. പിന്നീട് സ്വതന്ത്ര സംവിധാനത്തിലേക്ക് അദ്ദേഹം കടന്നു. സ്വപ്നാടനം, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനായി.

ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭാവനയായ ജെ സി ഡാനിയല്‍ പുരസ്കാരം (2015) ഉള്‍പ്പട പത്ത് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സ്വപ്നാടനം (1975), യവനിക (1982) എന്നിവയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. ആദാമിന്റെ വാരിയെല്ല് (1983), ഇരകള്‍ (1985) എന്നീ സിനിമകള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തു. യവനികയ്ക്കും ആദാമിന്റെ വാരിയെല്ലിനും ഇരകള്‍ക്കും മികച്ച കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സ്വപ്നാടനത്തിലൂടെ മികച്ച സ്ക്രീന്‍പ്ലെയ്ക്കുള്ള പുരസ്കാരവും കെ ജി ജോര്‍ജിനെ തേടിയെത്തി.

logo
The Fourth
www.thefourthnews.in