റേ മുതൽ റഹ്മാൻ വരെ;
ഓസ്‌കാര്‍ ജേതാക്കളായ ഇന്ത്യക്കാരെക്കുറിച്ചറിയാം

റേ മുതൽ റഹ്മാൻ വരെ; ഓസ്‌കാര്‍ ജേതാക്കളായ ഇന്ത്യക്കാരെക്കുറിച്ചറിയാം

സിനിമലോകത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് സത്യജിത് റേയ്ക്ക് ലൈഫ് അച്ചീവ്മെൻ്റ് പുരസ്കാരമാണ് ലഭിച്ചത്

ഇന്ത്യന്‍ സിനിമകള്‍ക്ക് ഓസ്‌കര്‍ ലഭിച്ചിട്ടില്ലെങ്കില്‍ പോലും ലോകസിനിമയുടെ അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഭാനു അത്തയ്യ, സത്യജിത്ത് റേ, എആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് അഭിമാനമായത്.

ഭാനു അതയ്യ

ഇന്ത്യയില്‍ നിന്ന് ആദ്യമായി ഓസ്‌കര്‍ നേടിയ വ്യക്തിയാണ് വസ്ത്രാലങ്കാര വിദഗ്ധയായ ഭാനു അതയ്യ. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന സിനിമയ്ക്കായിരുന്നു ഭാനു അതയ്യ ഓസ്‌കര്‍ സ്വന്തമാക്കിയത്. ഗാന്ധിയുടെ ജീവചരിത്രമായി ഒരുക്കിയ സിനിമയെ യഥാര്‍ത്ഥ്യമായി തോന്നിപ്പിക്കാന്‍ ഭാനു അതയ്യയുടെ വസ്ത്രാലങ്കാരം പ്രധാന പങ്കുവഹിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ സംസ്‌കാരവും ജനങ്ങളില്‍ വന്ന മാറ്റങ്ങളും എല്ലാം അവരുടെ വസ്ത്രങ്ങളിലും വ്യക്തമായിരുന്നു. പഴയകാലത്തെ വസ്ത്രങ്ങളെ പുനഃരാവിഷ്‌കരിച്ച് ഇന്ത്യന്‍ ജനതയുടെ അന്നത്തെ സംസ്‌കാരത്തെയും ജീവിതരീതികളെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കാന്‍ ഭാനു അതയ്യയ്ക്ക് കഴിഞ്ഞു.

1983ല്‍ ഇറങ്ങിയ 'ഗാന്ധി' ഒരു ഇന്ത്യന്‍ സിനിമ ആണെന്ന് പറയാന്‍ സാധ്യമല്ല. ഇന്ത്യയും യുകെയും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം. വസ്ത്രാലങ്കാരം, ഛായാഗ്രഹണം എന്നിങ്ങനെ എട്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

സത്യജിത്ത് റേ

ഇന്ത്യൻ സിനിമയുടെ ഇതിഹാസ കലാകാരനെ ഓസ്‌കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്‌സ് ആൻ്റ് സയൻസസ് ഓണററി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. സത്യജിത് റേ സിനിമലോകത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ളതായിരുന്നു ആദരവ്. ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് ഓസ്‌കര്‍ സ്വീകരിക്കുന്ന റേയുടെ വീഡിയോ ഓസ്‌കര്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സിനിമ സംവിധായകനെന്ന നിലയില്‍ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച പുരസ്‌കാരമാണിതെന്നായിരുന്നു റേയുടെ വാക്കുകള്‍. പുരസ്താരം ഏറ്റ് വാങ്ങി ഒരു മാസത്തിന് ശേഷം അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

എആര്‍ റഹ്‌മാന്‍

2009ല്‍ നടന്ന 81-ാമത് അക്കാദമി പുരസ്‌കാര വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാനമായി എആര്‍ റഹ്‌മാനും ഉണ്ടായിരുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഹോളിവുഡ് ചിത്രം 'സ്ലം ഡോഗ് മില്ല്യണയറി'ലെ എആര്‍ റഹ്‌മാനൊരുക്കിയ ഗാനം ലോകത്തെ തന്നെ ത്രസിപ്പിച്ചു. സിനിമയോടൊപ്പം എആര്‍ റഹ്‌മാന്‍ എന്ന സംഗീത സംവിധായകനും ലോകവേദിയിൽ ആദരിക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ ലോകത്തെ ദശകങ്ങളോളം അടക്കി വാണ,പ്രണയത്തിലും വിരഹത്തിലും ഇന്ത്യൻ യുവതയ്ക്ക് കൂട്ടായി തീർന്ന റഹ്മാൻ സംഗീതം ഓസ്കർ നിറവിലെത്തിയപ്പോൾ അത് ഇന്ത്യൻ ജനതയുടെയാകെ നേട്ടമാകുകയായിരുന്നു.

മികച്ച ഒറിജിനല്‍ സോംഗ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിരുന്നു എആര്‍ റഹ്‌മാന്‍ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.

റസൂല്‍ പൂക്കുട്ടി

സ്ലം ഡോഗ് മില്ല്യണയറിലൂടെ മറ്റൊരു ഇന്ത്യക്കാരനും ഓസ്‌കറിന് അര്‍ഹനായി. പ്രേക്ഷകന് മുന്നില്‍ സിനിമ പലപ്പോഴും അഭിനേതാക്കളിലും സംവിധായകരിലും മാത്രമായി ഒതുങ്ങി പോകാറുണ്ട്. സിനിമയ്ക്ക് പിന്നിലെ കലാകാരന്‍മാരെ പൊതുവേ ജനങ്ങൾ ശ്രദ്ധിക്കാറില്ല. 81-ാമത് അക്കാദമി പുരസ്‌കാര വേദിയില്‍ ഇന്ത്യക്കാര്‍ക്ക് തന്നെ അത്ര പരിചിതനല്ലാത്ത ഒരു ഇന്ത്യക്കാരന്‍ മികച്ച ശബ്ദ മിശ്രണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. സ്ലം ഡോഗ് മില്ല്യണയറിലെ ശബ്ദ മിശ്രണത്തിന് റസൂല്‍ പൂക്കുട്ടി എന്ന ഇന്ത്യക്കാരൻ മികച്ച ശബ്ദ മിശ്രണത്തിനുള്ള അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ സിനിമയിലെ സാങ്കേതിക പ്രവർത്തകർക്ക് അത് പുതിയ ഊർജ്ജമേകി.ഓസ്കർ വേദിയിൽ ആദ്യമായി ഒരു മലയാളി അംഗീകരിക്കപ്പെട്ടത് കണ്ട് നമ്മുടെ കൊച്ചുകേരളവും ആവേശക്കൊടുമുടിയിലായി

ഗുല്‍സാര്‍

റഹ്‌മാനോടൊപ്പം മികച്ച ഒറിജിനല്‍ സോംഗിനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ കവിയും ഗാനരചയിതാവുമായ ഗുല്‍സാറും അർഹനായി. 'ജയ് ഹോ' എന്ന ഗാനം രചിച്ചത് ഗുല്‍സാറായിരുന്നു.ഗുൽസാറിൻ്റെ ഓസ്കർ നേട്ടം ഇന്ത്യന്‍ സിനിമ സാഹിത്യ ലോകത്തിനാകെ അഭിമാനമുഹൂർത്തമായിരുന്നു.

logo
The Fourth
www.thefourthnews.in