'പാടിയത് വാലിബന് വേണ്ടിയെന്ന് അറിഞ്ഞത് ഒരു വർഷത്തിന് ശേഷം'; അഭയ ഹിരൺമയി

'പാടിയത് വാലിബന് വേണ്ടിയെന്ന് അറിഞ്ഞത് ഒരു വർഷത്തിന് ശേഷം'; അഭയ ഹിരൺമയി

സന്തോഷം അടക്കാനായില്ല, മലൈക്കോട്ടൈ വാലിബനിലെ പാട്ടിലേക്കെത്തിയ അനുഭവം പങ്കുവയ്ക്കുകയാണ്‌ ഗായിക അഭയ ഹിരൺമയി

പാട്ടുപാടി ഒരു വർഷത്തിന് ശേഷമാണ് അറിയുന്നത്, പാടിയത് ലിജോ ചിത്രം 'മലൈക്കോട്ടൈ വാലിബന്' വേണ്ടിയാണെന്ന്. സന്തോഷം അടക്കാനായില്ലെന്ന് ​ഗായിക അഭയ ഹിരൺമയി. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' റിലീസായപ്പോൾ പാട്ടിലേക്കെത്തിയ അനുഭവം ദ ഫോർത്തിനോട് പങ്കുവെക്കുകയാണ് അഭയ.

അഭയ ഹിരൺമയിയുടെ വാക്കുകൾ

ഒരു വർഷം മുമ്പ് സം​ഗീത സംവിധായകൻ പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്റ് ആണ് എന്നെ ഈ പാട്ടിനായി വിളിക്കുന്നത്. ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് അറിയുമായിരുന്നില്ല. പ്രശാന്തിന്റെ പാട്ടാണെന്ന് മാത്രമറിയാം. എനിക്ക് മുമ്പേ ശ്രീകുമാർ പാടിയിരുന്നു. പാടിനോക്കിയപ്പോൾ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് വളരെ ഇണങ്ങുന്ന ഈണമായി തോന്നി. ‌‌പാടിയ സമയത്ത് എന്റേതായ രീതിയിൽ ചില സം​ഗതികളും ഭാവങ്ങളും കൊടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ അതൊന്നും ആ പാട്ടിന് ആവശ്യമില്ലെന്ന് പാടിക്കഴിഞ്ഞാണ് മനസിലായത്. വളരെ സിംപിളാണ്. പക്ഷെ ആ സിംപ്ലിസിറ്റി ആയിരുന്നു ആ പാട്ടിന്റെ ഭം​ഗി. സിംപിളായി പാടുക എന്നത് മാത്രമായിരുന്നു എന്റെ ആകെയുളള ജോലി.

അവസാനം ലാലേട്ടൻ വരുന്നതും ചെമ്പുപൊട്ടിക്കുന്നതും കൂടി കണ്ടപ്പോൾ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിലാണല്ലോ ഞാൻ പാടിയത് എന്ന തിരിച്ചറിവ് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

അഭയ ഹിരൺമയി

എന്റെ ധർമം പാട്ടുപാടുക എന്നത് മാത്രമാണ്. എന്നെ വിളിക്കുന്നത് ഏതു പടത്തിന് വേണ്ടിയാണെന്നോ ആരാണ് കൂടെ പാടുന്നതെന്നോ, എപ്പോഴാണ് പാട്ട് റിലീസ് ആവുന്നതെന്നോ ഒന്നും തന്നെ ഞാൻ അന്വേഷിക്കാറില്ല. അതങ്ങനെ ചോദിക്കുന്നത് ശരിയല്ല എന്നുളള ചിന്തയാണ് എനിക്ക്. കൂടെ പാടുന്നത് ശങ്കർ മഹാദേവനോ ഹരിഹരനോ തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടനോ ആരുമാവട്ടെ, നമ്മുടെ ജോലി പാടുക എന്നതാണ്. അതു കൃത്യമായി ചെയ്യണം. വ്യക്തികളെ ആകർഷിച്ചാവരുത് നമ്മുടെ സം​ഗീതം എന്ന ചിന്താ​ഗതിക്കാരിയാണ് ഞാൻ. ഞാൻ പാടിയ പല പാട്ടുകളുടെയും റിലീസ് ദിവസമോ ചിലപ്പോൾ അരമണിക്കൂർ മുമ്പോ ആയിരിക്കും ഞാൻ അറിയുന്നത്. അതേ സമീപനം തന്നെ ആയിരുന്നു പ്രശാന്തിന് വേണ്ടി പാടിയ പുന്നാര കാട്ടിലെ പൂവനത്തിൽ എന്ന പാട്ടിനോടും. പാടിക്കഴിഞ്ഞ് പൂർണമായും അതിനെ മനസിൽ നിന്നു വിട്ടു.

'പാടിയത് വാലിബന് വേണ്ടിയെന്ന് അറിഞ്ഞത് ഒരു വർഷത്തിന് ശേഷം'; അഭയ ഹിരൺമയി
'പുന്നാരക്കാട്ടിലെ പൂവനത്തിൽ'... റഫീഖിന്റെ വരികളും സംഗീതവും; മലൈക്കോട്ടൈ വാലിബനിലെ ആദ്യഗാനം പുറത്ത്

രണ്ടു മാസം മുമ്പ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റ് എന്നെ വിളിച്ചു. മലൈക്കോട്ടൈ വാലിബനിലേക്കാണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി എന്നെ വിളിക്കുന്നത് പാടാനായിരിക്കുമെന്ന്. ആ പ്രതീക്ഷയിലാണ് പോയതും. പക്ഷെ അവിടെ ചെന്ന് ലിജോയെ കണ്ടപ്പോഴാണ് പറയുന്നത് പാടാനല്ല, ആട്ടക്കാരി എന്നൊരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനാണെന്ന്. അതു കേട്ടതും എന്റെ കിളി പോയി. ഡബ്ബ് ചെയ്യണമെന്ന് ഒരുപാട് ആ​ഗ്രഹമുണ്ടെങ്കിലും ഇന്നേവരെ ചെയ്യാത്ത കാര്യമാണ്. എനിക്കറിയില്ലെന്നും ഞാൻ ചെയ്താൽ നന്നാവില്ലെന്നും ഞാൻ ലിജോയോട് പറഞ്ഞു. എങ്കിലും ഒരു ശ്രമം എന്ന നിലയ്ക്ക് ചെയ്തുനോക്കി എന്നുമാത്രം. പിന്നീട് എന്നെ ആശ്വസിപ്പിക്കാനയിട്ടാണോ എന്നറിയില്ല, അഭയ പാടിയ പാട്ട് കേൾക്കേണ്ടേ എന്ന് ലിജോ എന്നോട് ചോദിച്ചു. ഞാൻ അത്ഭുതത്തോടെ തിരിച്ചു ചോദിച്ചു, അതിന് ഞാൻ ലിജോയ്ക്ക് വേണ്ടി പാടിയിട്ടില്ലല്ലോ? ഒരു വർഷം മുമ്പ് അഭയ പ്രശാന്ത് പിളളയ്ക്ക് വേണ്ടി പാടിയത് മലൈക്കോട്ടെ വാലിബന് വേണ്ടി ആയിരുന്നു, അതുപറഞ്ഞ് സിസ്റ്റത്തിൽ പാട്ട് പ്ലേ ചെയ്തു തന്നു ലിജോ പുറത്തേയ്ക്ക് ഇറങ്ങി. ആ സമയത്തെ സന്തോഷവും അത്ഭുതവും എനിക്ക് അടക്കാൻ പറ്റിയില്ല, അവസാനം ലാലേട്ടൻ വരുന്നതും ചെമ്പുപൊട്ടിക്കുന്നതും കൂടി കണ്ടപ്പോൾ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിലാണല്ലോ ഞാൻ പാടിയത് എന്ന തിരിച്ചറിവ് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

ഈ പാട്ട് മൂന്നു ഭാഷകളിൽ പാടാൻ എനിക്ക് അവസരം കിട്ടി. മലയാളമായിരുന്നു ആദ്യം പാടിയത്. പിന്നീട് തെലുങ്ക്, തമിഴ്. കന്നഡയും ഹിന്ദിയും വേറെ ആളുകളാണ് പാടിയത്. നല്ല അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ പിഎസ് റഫീഖ് തന്നെയാണ് 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' എന്ന പാട്ട് എഴുതിയിരിക്കുന്നത്. ശ്രീകുമാർ വക്കിയിലും അഭയ ഹിരൺമയിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സം​ഗീതസംവിധാനം. ശ്രീരാഗ് സജിയും രാഗേഷുമാണ് അഡീഷണൽ മ്യൂസിക് പ്രൊഡ്യൂസേഴ്‌സ്.

logo
The Fourth
www.thefourthnews.in