അന്ന് സഹായിച്ചത് കേരളമല്ല; മമ്മൂട്ടിയുടെ 'പദ്മശ്രീ' തമിഴ്‌നാടിന്‌റെ അക്കൗണ്ടില്‍

അന്ന് സഹായിച്ചത് കേരളമല്ല; മമ്മൂട്ടിയുടെ 'പദ്മശ്രീ' തമിഴ്‌നാടിന്‌റെ അക്കൗണ്ടില്‍

1998 ലാണ് മമ്മൂട്ടിയെ കേന്ദ്രസര്‍ക്കാര്‍ പദ്മശ്രീ നല്‍കി ആദരിക്കുന്നത്. അതുപക്ഷേ കേരള സര്‍ക്കാരിന്‌റെ ശിപാര്‍ശയിലായിരുന്നില്ല

ഇക്കുറി പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടി ആ പട്ടികയില്‍ ഇടം പിടിക്കുമോ എന്നറിയാനായിരുന്നു കേരളം കാത്തിരുന്നത്. പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി ചലച്ചിത്ര മേഖലയില്‍ നിന്ന് കേരളം നല്‍കിയ ഏക പേരായിരുന്നിട്ട് പോലും മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പദ്മശ്രീയില്‍ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടിയെന്ന് പ്രതിപക്ഷനേതാവായ വി ഡി സതീശന്‍ പറയുമ്പോള്‍ അതിന് പിന്നില്‍ മറ്റൊരു ചരിത്രം കൂടിയുണ്ട്. ആ പദ്മശ്രീ പക്ഷേ കേരള സര്‍ക്കാരിന്‌റെ അക്കൗണ്ടിലുള്ളതല്ല , മറിച്ച് തമിഴ്‌നാടിന്‌റെ സമ്മാനമാണ്.

1998 ലാണ് മമ്മൂട്ടിയെ കേന്ദ്രസര്‍ക്കാര്‍ പദ്മശ്രീ നല്‍കി ആദരിക്കുന്നത്. അതുപക്ഷേ കേരള സര്‍ക്കാരിന്‌റെ ശിപാര്‍ശയിലായിരുന്നില്ല. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്‌നാട് സര്‍ക്കാരാണ് മമ്മൂട്ടിയെ പദ്മശ്രീ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. രജനികാന്ത് അദ്ദേഹത്തിന്‌റെ കരിയറിന്‌റെ ഏറ്റവും വലിയ വിജയതുടര്‍ച്ചയില്‍ തമിഴ് സിനിമയില്‍ തലപൊക്കത്തില്‍ നിന്ന സമയത്തായിരുന്നു കരുണാനിധിയുടെ ഈ നീക്കമെന്ന് കൂട്ടിവായിക്കുമ്പോഴാണ് ആ ശിപാര്‍ശയുടെ ആഴം മനസിലാവുക. അതിന് കാരണം ഡോക്ടര്‍ ബാബസാഹേബ് അംബേദ്ക്കര്‍ എന്ന ഒറ്റ ചിത്രമാണെന്ന് മാധ്യമപ്രവര്‍ത്തകനും ചരിത്രഗവേഷകനുമായ പി രാംകുമാര്‍ വിലയിരുത്തുന്നു. അംബേദ്ക്കറിസത്തിന് തമിഴക മണ്ണിലുള്ള സ്വീകാര്യത തന്നെയാണ് അതിന് കാരണം. അംബേദ്ക്കറിലൂടെ ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മറ്റൊന്നും ചിന്തിക്കാതെ തമിഴകം പദ്മ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്തു.

Attachment
PDF
1998 Padmashri list.pdf
Preview

തമിഴകത്തിന്‌റെ രാഷ്ട്രീയവും തിരയുലകവും ഒരു പോലെ ചര്‍ച്ച ചെയ്ത 'ഇരുവരില്‍' കരുണാനിധിയാകാനുള്ള മണിരത്‌നത്തിന്‌റെ വാഗ്ദാനം മമ്മൂട്ടി നിരസിച്ചത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. സെന്തമിഴ് വഴങ്ങില്ലെന്ന കാരണം പറഞ്ഞായിരുന്നു അന്ന് മമ്മൂട്ടിയുടെ പിന്‍മാറ്റമെങ്കിലും കരുണാനിധിയെ വെറുപ്പിക്കാനാകാത്തതാണ് ആ പിന്‍മാറ്റത്തിന് പിന്നിലെ കാരണമെന്ന് കരുതുന്നവരും കുറവല്ല. 90 കളില്‍ മമ്മൂട്ടി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകള്‍ക്കും തമിഴില്‍ തിരക്കഥയെഴുതിയിരുന്നതും കരുണാനിധിയായിരുന്നു.

കേരള സര്‍ക്കാരിന്‌റെ ശിപാര്‍ശയില്‍ അതിന് മുന്‍പ് തിക്കുറിശിക്കും (1973) ഭരത് ഗോപിക്കും (1991) പദ്മശ്രീ ലഭിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് മമ്മൂട്ടിയെ ശിപാര്‍ശ ചെയ്തില്ലെന്ന ചോദ്യം അന്നേ ഉണ്ടായിരുന്നു. കേരളം ശിപാര്‍ശ ചെയ്യുന്നതിന് മുന്‍പേ തമിഴ്‌നാട് മമ്മൂട്ടിയെ ശിപാര്‍ശ ചെയ്‌തെന്നാണ് നയനാര്‍ സര്‍ക്കാരില്‍ അന്നത്തെ സ്പീക്കറായിരുന്ന എം വിജയകുമാറിന്‌റെ വിശദീകരണം. ആദ്യം തമിഴ്‌നാട് ശിപാര്‍ശ ചെയ്തതിനാല്‍ അവരുടെ ശിപാര്‍ശ അംഗീകരിച്ചതാകാമെന്നും വിജയകുമാര്‍ പറയുന്നു.

അന്ന് സഹായിച്ചത് കേരളമല്ല; മമ്മൂട്ടിയുടെ 'പദ്മശ്രീ' തമിഴ്‌നാടിന്‌റെ അക്കൗണ്ടില്‍
'അങ്ങനെയൊരു ആലോചനയില്ല', എ ഐ ഉപയോഗിച്ച് മമ്മൂട്ടിയുടെ പ്രായം കുറച്ചുള്ള സിനിമയില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

ഡോക്ടര്‍ ബാബസാഹേബ് അംബേദ്ക്കര്‍

നാഷണല്‍ ഫിലിം ഡവലപ്‌മെന്‌റ് കോര്‍പറേഷന്‍ നിര്‍മിച്ച ഡോക്ടര്‍ ബാബസാഹേബ് അംബേദ്ക്കര്‍ എന്ന ചിത്രം അഞ്ചുവര്‍ഷം കൊണ്ടാണ് പൂര്‍ത്തികരിച്ചത്. രാജ്യപുരോഗതിക്ക് അംബേദ്ക്കര്‍ നല്‍കിയ സംഭാവനകള്‍ പ്രമേയമായ ചിത്രത്തിലേക്ക് നിരവധി പേരെ പരിഗണിച്ചെങ്കിലും രൂപസാദൃശ്യം മമ്മൂട്ടിക്ക് അനുകൂലമായി. ചിത്രം തീയേറ്ററില്‍ വലിയ വിജയമായില്ലെങ്കിലും അംബേദ്ക്കറാകാന്‍ മമ്മൂട്ടി ചെയ്ത കഠിനാധ്വാനം പ്രകീര്‍ത്തിക്കപ്പെട്ടു. ഇംഗ്ലീഷ് ഉച്ചാരണം ശരിയാക്കി ഡബ് ചെയ്യാന്‍ മാത്രമെടുത്ത സമയത്തെ കുറിച്ച് അടുത്തിടെയും മമ്മൂട്ടി പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in