അധികാരവർ​ഗത്തോടാണ് ജാക്സന്റെ പോരാട്ടം

യഥാർഥ സംഭവങ്ങളോട് ചേർന്നുനിൽക്കുന്ന കഥാ പരിസരമാവുമ്പോഴും അതിനാടകീയമായിത്തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത്

ജാക്സൺ ബസാർ എന്ന പുറമ്പോക്ക് കോളനിയുടെ നിലനിൽപ്പിന്റെ കഥയാണ് ജാക്സൺ ബസാർ യൂത്ത്. ജാക്സൺ വേലയ്യൻ എന്ന ട്രമ്പറ്റ് വായനക്കാരനും ഉന്മാദിയുമായ ഒരു മനുഷ്യൻ നേതൃത്വം കൊടുക്കുന്ന 'ജാക്സൺ ബസാർ യൂത്ത്' എന്ന ബാന്റ് സംഘം ഇവിടെയാണ്. ബോധപൂർവ്വം മെനഞ്ഞെടുത്ത കളർഫുൾ ക്യാൻവാസാണ് ബാന്റ് സംഘം. ഈ ബാക്ഡ്രോപ്പിൽ നിന്നുകൊണ്ട് സിനിമ സംസാരിക്കുന്നത് ഇവിടുത്തെ വികസന പദ്ധതികളിൽ ബലിയാടുകളാക്കപ്പെടുന്ന പാവം മനുഷ്യരെ കുറിച്ചാണ്.

തങ്ങളിൽ താഴെയെന്ന് തോന്നുന്നവരോട് മാനസികമായി പൊരുത്തപ്പെടാനോ മര്യാദയ്ക്ക് പെരുമാറാനോ അറിയാത്ത നിയമവ്യവസ്ഥിതിയോടാണ് ജാക്സണും കൂട്ടർക്കും പൊരുതേണ്ടി വരുന്നത്. ഇന്നും പുനരധിവാസം പ്രായോ​ഗികമാവാത്ത മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ടുനിൽക്കുന്ന അനേകം ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്. കേരളത്തിൽ ഇന്നോളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളള എണ്ണം തിട്ടപ്പെടുത്താനാവാത്തത്ര കസ്റ്റഡി മരണങ്ങളെയും ചില സീനുകൾ ഓർമ്മിപ്പിക്കും.

യഥാർഥ സംഭവങ്ങളോട് ചേർന്നുനിൽക്കുന്ന കഥാ പരിസരമാവുമ്പോഴും അതിനാടകീയമായിത്തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആ നാടകീയത ഒരു പരിധിവരെ സിനിമയെ എന്റർടെയ്നിങ് ആക്കി നിർത്തുന്നു. 'അങ്ങനെ വിരട്ടിയോടിക്കാൻ നോക്കണ്ട സാറേ' എന്ന ഡയലോ​ഗിൽ വ്യക്തമാണ് സിനിമ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയം. തിയേറ്ററിൽ ആസ്വദിക്കേണ്ടതു തന്നെയാണ് ഷമൽ സുലൈമാൻ എന്ന നവാ​ഗത സംവിധായകന്റെ 'ജാക്സൺ ബസാർ യൂത്ത്'.

Related Stories

No stories found.
logo
The Fourth
www.thefourthnews.in