മദ്യപിച്ചതാണ്  ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്; സൂപ്പർസ്റ്റാർ എന്ന വാക്ക് നീക്കാൻ പറഞ്ഞതിന് കാരണമുണ്ട്: രജനീകാന്ത്

മദ്യപിച്ചതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്; സൂപ്പർസ്റ്റാർ എന്ന വാക്ക് നീക്കാൻ പറഞ്ഞതിന് കാരണമുണ്ട്: രജനീകാന്ത്

ജയിലറിന്റെ ഓഡിയോ ലോഞ്ചിലാണ് രജനീകാന്തിന്റെ പ്രതികരണം

ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ വിമർശനങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, അതുരണ്ടും നമ്മുടെ നാട്ടില്‍  ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല, എന്നാൽ നമ്മള്‍ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണമെന്ന് രജനി പ്രതികരിച്ചു

ബീസ്റ്റിന്റെ പരാജയത്തിന് പിന്നാലെ സംവിധായകനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് രജനീകാന്തിന്റെ മറുപടി. ബീസ്റ്റിന്റെ പരാജയത്തിന് പിന്നാലെ ജയിലറിൽ നിന്ന് നെൽസൺ ദിലീപ് കുമാറിനെ മാറ്റാൻ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. വിതരണക്കാരുൾപ്പെടെ ആവശ്യമുന്നയിച്ചതോടെ നിർമാതാക്കളായ സൺ പിക്ചേഴ്സുമായി സംസാരിച്ചു, ബീസ്റ്റിന് നെഗറ്റീവ് റിവ്യൂസ് ഉണ്ടെങ്കിലും സാമ്പത്തിക നഷ്ടമില്ലെന്ന് സൺ പിക്ച്ചേഴ്സ് പറഞ്ഞതോടെയാണ് ജയിലറുമായി മുന്നോട്ട് പോയത്

കാവാലയ്യ പാട്ടിനെതിരെ ഉയർന്ന ട്രോളുകളോടും രജനീകാന്ത് പ്രതികരിച്ചു. ട്രോളുകളുണ്ടെങ്കിലും പാട്ടും അതിന്റെ നൃത്തരംഗങ്ങളും തമ്മന്നയും ഡാൻസ് മാസ്റ്ററും വേറെ ലെവലാക്കി. തന്റെ ഡേറ്റ് ആറുദിവസം കൂടി അവശേഷിക്കുമ്പോഴായിരുന്നു പാട്ടിന്റെ ചിത്രീകരണം. എന്നാൽ ആദ്യ മൂന്ന് ദിവസം ഷൂട്ടിന് വിളിക്കാത്തതിനാൽ അണിയറ പ്രവർത്തകരെ വിളിച്ച് നോക്കി. അപ്പോഴാണ് ഒരു സീൻ മാത്രമേ പാട്ടിലുള്ളൂ എന്ന് അറിയുന്നത്.

ഹുക്കും എന്ന ഗാനം ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. പക്ഷേ ഗാനത്തിലെ സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ പട്ടം എക്കാലവും പ്രശ്നമാണ്.അതിനാലാണ് പാട്ടിൽ നിന്നും ആ വാക്ക് മാറ്റാൻ പറഞ്ഞത്. തനിക്ക് ലഭിച്ച സൂപ്പർസ്റ്റാർ പദവി നീക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രജനികാന്തിന് പേടിയാണെന്നാണ് അന്ന് പലരും പറഞ്ഞ്, രണ്ടുപേരെ മാത്രമേ തനിക്ക് പേടിയുള്ളൂ, ഒന്ന് ദൈവം, രണ്ട് നല്ല മനുഷ്യര്‍, നല്ല മനുഷ്യരുടെ ശാപവും വാങ്ങരുതെന്നാണ് ആഗ്രഹം, തീയിലാണ് കുരുത്തത് അതിനാൽ മറ്റൊന്നിനേയും പേടിയില്ലെന്നും രജനീകാന്ത് പറഞ്ഞു

മദ്യപിച്ചതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് വിശ്വസിക്കുന്നു. മദ്യപിക്കുമായിരുന്നില്ലെങ്കിൽ ഒരു പക്ഷേ കൂടുതൽ നല്ല മനുഷ്യനും നല്ല താരവുമാകാൻ സാധിക്കുമായിരുന്നു. എന്നുവച്ച് മദ്യപിക്കരുതെന്ന് പറയുന്നില്ല ആഘോഷ വേളയില്‍ മദ്യപിക്കുന്നതിൽ തെറ്റില്ല, ശീലമാക്കരുതെന്നും രജനീ പറയുന്നു.

അണ്ണാത്തയ്ക്ക് ശേഷം കേട്ട കഥകളെല്ലാം ബാഷയോ അണ്ണാമലൈയോ അല്ലെങ്കിൽ മുൻപ് ചെയ്ത മറ്റ് കഥാപാത്രങ്ങൾ പോലെയോ തോന്നിയതിനാൽ നിരവധി ചിത്രങ്ങൾ വേണ്ടെന്ന് വച്ചു. കഥ കേട്ട് നിരസിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയപ്പോൾ കഥ കേൾക്കുന്നത് പോലും നിർത്തിയിരുന്നു. എന്നാൽ ജയിലർ മികച്ച സിനിമയാകുമെന്ന് ഉറപ്പുള്ളതിനാലാണ് ചെയ്തതെന്നും ചിത്രത്തിലെ വിനായകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും രജനീകാന്ത് പറഞ്ഞു

logo
The Fourth
www.thefourthnews.in