'ടൈഗര്‍ കാ ഹുക്കും..'; ജയിലറിലെ പുതിയ പാട്ടും തരംഗമാകുന്നു

'ടൈഗര്‍ കാ ഹുക്കും..'; ജയിലറിലെ പുതിയ പാട്ടും തരംഗമാകുന്നു

അനിരുദ്ധ് രവിചന്ദ് സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടില്‍ ഹീറോ പരിവേഷത്തിലെത്തുന്ന രജനികാന്തിന്റെ പുതിയ ലുക്കും പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു

സുപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം ജയിലറിലെ അടുത്ത ഗാനവും വൻ ഹിറ്റ്. ഇന്ന് വൈകീട്ട് ആറ് മണിക്ക് പുറത്തിറങ്ങിയ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ട് കഴിഞ്ഞത്. 'ടൈഗര്‍ കാ ഹുക്കും' എന്ന പാട്ടില്‍ അടിമുടി രജനികാന്ത് തന്നെയാണ് താരം. അനിരുദ്ധ് രവിചന്ദ് സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടില്‍ രജനികാന്തിന്റെ പുതിയ ലുക്കും പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

തുടക്കത്തിലെ രജനികാന്തിന്റെ ഡയലോഗാണ് പാട്ടിന്റെ ഹൈലൈറ്റ്. ''ഹേയ്.. ഞാനാണ് ഇവിടെ രാജാവ്, നിയമങ്ങള്‍ ഞാന്‍ നിശ്ചയിച്ചതാണ്. എന്റെ ഇഷ്ടം പോലെ ഞാന്‍ അവയെ മാറ്റിക്കൊണ്ടേയിരിക്കുന്നു. യാതൊരു മടിയും കൂടാതെ അത് പിന്തുടരുക. നിങ്ങള്‍ ഒരു കോലാഹലം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ നിങ്ങളെ കഷണങ്ങളാക്കി ഇടിച്ചുകളയും. ഹുക്കും.. ടൈഗര്‍ കാ ഹുക്കും.'' ശരിക്കും രജനിയുടെ മാസ് പവർ തന്നെ കാണിക്കുന്ന പാട്ടെന്നാണ് വിലയിരുത്തൽ.

ജയിലറിലെ ആദ്യം പുറത്തിറങ്ങിയ പാട്ടായ കാവാലയും വന്‍ ഹിറ്റായിരുന്നു. കാവാല എന്ന് തുടങ്ങുന്ന പാട്ടില്‍ വരികള്‍ക്കൊപ്പം തമന്നയുടെ നൃത്ത ചുവടുകളും ആരാധകര്‍ ഏറ്റെടുത്തു. പാട്ട് 44 മില്ല്യണ്‍ കാഴ്ചക്കാരെ നേടി മുന്നേറുകയാണ്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ജയില്‍ വാര്‍ഡനായ മുത്തുവേല്‍ പാണ്ഡ്യനായാണ് രജനീകാന്ത് എത്തുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. മോഹന്‍ലാലിന് പുറമെ വിനായകനും മലയാളി സാന്നിധ്യമായി ചിത്രത്തിലുണ്ട്. ശിവ രാജ്കുമാര്‍, തമന്ന, സുനില്‍, രമ്യകൃഷ്ണ, വസന്ത് രവി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ജയിലറിന്റെ പ്രത്യേകത. പടയപ്പയ്ക്ക് ശേഷം രജനീകാന്തും രമ്യ കൃഷ്ണനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

logo
The Fourth
www.thefourthnews.in