ബോക്സ് ഓഫീസിൽ തരംഗമാകാൻ ജവാനെത്തുന്നു; കുതിപ്പ് അവസാനിപ്പിച്ച് ജയിലർ; 500 കോടി ക്ലബിൽ ഇടം പിടിക്കാൻ ഒരുങ്ങി 
ഗദർ 2

ബോക്സ് ഓഫീസിൽ തരംഗമാകാൻ ജവാനെത്തുന്നു; കുതിപ്പ് അവസാനിപ്പിച്ച് ജയിലർ; 500 കോടി ക്ലബിൽ ഇടം പിടിക്കാൻ ഒരുങ്ങി ഗദർ 2

അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും

നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജയിലർ‍ തീയേറ്ററുകളിൽ നാലാംവാരം പ്രദർശനം തുടരുകയാണ്. 500 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം നാലാവാരം കളക്ഷനിൽ പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ചിത്രമിറങ്ങി 23 ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി ജയിലർ ഇതുവരെ 625 കോടി രൂപ നേടിയതാണ് പുറത്തുവരുന്ന വിവരം.

ആരാധകരുടയെും പ്രേക്ഷകരുടെയും മനസുകളിൽ ഇടം പിടിച്ച ജയിലറിന് ആദ്യവാരം തന്നെ 450 കോടിരൂപയാണ് ലോകമെമ്പാടുമായി നേടാനായത്. രണ്ടാം വാരവും മൂന്നാം വാരവും യഥാക്രമം 124 കോടിയും 47 കോടിയും നേടിയാണ് ചിത്രം 500 കോടി ക്ലബിൽ ഇടം പിടിച്ചത്. അതേസമയം ചിത്രത്തിന് രാജ്യത്ത് നിന്നുമാത്രം 329 കോടി രൂപയാണ് ഇതുവരെ നേടാനായത്. ആദ്യവാരം 235 കോടിയും രണ്ടാംവാരവും മൂന്നാം വാരവും യഥാക്രമം 62 കോടിയും 29 കോടിയുമാണ് നേടിയത്.

എന്നാൽ നാലാം വാരത്തിന്റെ തുടക്കത്തിൽ സൂപ്പർസ്റ്റാറിന്റെ ചിത്രം കളക്ഷനിൽ പുറകോട്ട് പോയിരിക്കുകയാണ്. 3.92 കോടി രൂപയാണ് നാലാം വാരം ആദ്യം ദിനം ചിത്രം നേടിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ജയിലറിന്റെ എച്ച്ഡി പ്രിന്റ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കളക്ഷൻ കുറയാൻ ഇടയായതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. എച്ച്ഡി പ്രിന്റ് ഓൺലൈനിൽ വന്നതിനെ തുടർന്ന് ചിത്രത്തിന്റെ കളക്ഷൻ 53 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. സെപ്റ്റംബർ 7ന് ചിത്രം ഒടിടിയിൽ വരാനിരിക്കയാണ് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് തമിൾ റോക്കേഴ്സിലും ടോറന്റിലും വന്നിരിക്കുന്നത്.

രജനികാന്ത്, രമ്യാകൃഷ്ണൻ, വിനായകൻ, യോ​ഗി ബാബു, തമന്ന, വസന്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ മലയാളത്തിലെ സൂപ്പർതാരം മോഹൻലാലും കന്നഡ താരം ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്റോഫും, തെലുങ്ക് താരം സുനിലും കാമിയോ റോളിൽ എത്തിയിരുന്നു. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

അതേസമയം, അനിൽ ശർമ സംവിധാനം ചെയ്ത സണ്ണി ഡിയോൾ ചിത്രം ഗദർ 2വും 500 കോടി ക്ലബിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ആ​ഗസ്റ്റ് 11നാണ് തീയേറ്ററുകളിൽ എത്തിയത്. അക്ഷയ് കുമാറിന്റെ ഒഎംജി 2വിനൊപ്പം തീയേറ്ററുകളിലെത്തിയ ചിത്രമാണ് ​ഗദർ 2. അക്ഷയ് കുമാർ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയപ്പോൾ ​ഗദർ 2 ആരാധകരുടെയും പ്രേക്ഷകരുടെയും മനം കവർന്നുകൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രമിറങ്ങി 23 ദിവസം പിന്നിടുമ്പോൾ 492 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. നാലാം വാരം ആദ്യദിനം 6 കോടിരൂപയാണ് ബോക്സ് ഓഫീസിൽ നേടാനായത്.

ഗദർ 2'ൽ സണ്ണി ഡിയോൾ, അമീഷ പട്ടേൽ, ഉത്കർഷ് ശർമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 1971ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, പാകിസ്താനിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് തന്റെ മകനെ രക്ഷിക്കാനുള്ള ധീരനായ ഒരു സിഖ് പിതാവിന്റെ കഥയാണ് പറയുന്നത്.

ജയിലറും ഗദർ 2വും മികച്ച കളക്ഷൻ നേടി ബോക്സ് ഓഫീസിൽ തരം​ഗമായിരിക്കെ സെപ്റ്റംബർ 7ന് ഷാരൂഖ് ഖാന്റെ ജവാൻ തീയേറ്ററുകളിലെത്തുകയാണ്. ഇതോടെ ഇരു ചിത്രങ്ങളുടെയും ബോക്സ് ഓഫീസിലെ കുതിപ്പ് അവസാനിക്കുമെന്നതിൽ സംശയം വേണ്ട. പത്താന് ശേഷം വീണ്ടും അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ ബോക്സ് ഓഫീസിൽ തരം​ഗമാകാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസിനെത്തുന്ന ജവാനിൽ വിജയ് സേതുപതിയും നയൻ താരയും മുഖ്യവേഷത്തിൽ എത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in