ലോകം കീഴടക്കിയ സീക്രട്ട് ഏജന്റ്, ജെയിംസ് ബോണ്ട് സീരീസിലെ റോജർ മൂര്‍

ലോകം കീഴടക്കിയ സീക്രട്ട് ഏജന്റ്, ജെയിംസ് ബോണ്ട് സീരീസിലെ റോജർ മൂര്‍

2023 ഒക്ടോബർ 14 - റോജർ മൂറിന്റെ 96-ാം ജന്മദിനം

ലോക സിനിമയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഫിക്ഷണൽ കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആരായിരുന്നു പ്രിയപ്പെട്ട ജെയിംസ് ബോണ്ട് കഥാപാത്രം എന്ന് ചോദിച്ചാൽ ഭൂരിപക്ഷം ബോണ്ട് ആരാധകരും പറയും, റോജർ മൂർ. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തോടുള്ള പ്രേക്ഷകസ്നേഹത്തിന് റോജർ മൂർ എന്ന നടന്റെ ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. 2023 ഒക്ടോബർ 14ന് അദ്ദേഹത്തിന്റെ 96-ാമത് ജന്മദിനമാണ്.

ബ്രിട്ടീഷ് നോവലിസ്റ്റ് ഇയാൻ ഫ്ലെമിംഗിന്റെ സൃഷ്ടിയാണ് ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജൻസ് സർവീസിലെ ഏജന്റ് ബോണ്ട്. ആറ് പതിണ്ടായി 22 ചിത്രങ്ങളാണ് ജെയിംസ് ബോണ്ട് 007 എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയത്. 60 വർഷങ്ങൾക്കിപ്പുറവും ബോണ്ട് ഒരു സാങ്കൽപിക വ്യക്തിത്വമാണെന്ന് കരുതാൻ വിസമ്മതിക്കുന്നവർ പോലും ഏറെയാണ്. ഷോൺ കോണറി നായക കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് ബോണ്ടിന്റെ ആദ്യ ചലച്ചിത്രം 'ഡോ.നോ' പ്രദർശനത്തിനെത്തിയത് 1962 ഒക്ടോബർ മാസം 6നായിരുന്നു.

ആറുപേരാണ് പല കാലഘട്ടങ്ങളിലായി ബോണ്ട് നായകന്മാരായി പ്രത്യക്ഷപ്പെട്ടത്. സീൻ കോനോറി (1962 -67 ,71 ,83 ), ജോർജ്ജ് ലെസെൻബി (1969), റോജർ മൂർ (1973 -86 ), തിമോത്തി ഡാൽട്ടൻ (1987 -94 ), പെയേഴ്‌സ്‌ ബ്രോസ്നൻ (1995 -2005 ), ഡാനിയൽ ക്രെയ്ഗ് (2006-2021). ഈ ആറു പേർക്കിടയിൽ റോജർ മൂർ എങ്ങനെ വ്യത്യസ്തനായി? കാരണം മൂറിന്റെ ബോണ്ട് അൽപം സിംപിളായിരുന്നും എന്നതാണ്. കുറ്റാന്വേഷണ സീരീസിന്റെ ​ഗൗരവം പേറിയ ബലം പിടുത്തക്കാരായ മറ്റു നായകന്മാർക്കിടയിൽ തന്റെ ശരീരഭാഷകൊണ്ടും സംഭാഷണരീതിയിലെ പ്രത്യേകതകൊണ്ടും മൂർ വേറിട്ടുനിന്നു. ബാക്കി ഉള്ളവർ ഗൗരവക്കാരായ അന്വേഷണ ഉദ്യോ​ഗസ്ഥരായപ്പോൾ മൂറിന്റെ 'ജെയിംസ് ബോണ്ട്' ഒരല്പം തമാശക്കാരനായിരുന്നു. അതുകൊണ്ടുതന്നെ മൂറിന്റെ സിനിമകളുടെ ആസ്വാദനം മറ്റുള്ളവ പോലെ ആയിരുന്നില്ല. റോജർ മൂറിന്റെ വരവായിരുന്നു ഒരു കാലഘട്ടത്തെ സിനിമാ ആസ്വാദകരെ ജെയിംസ് ബോണ്ട് കാഴ്ചക്കാരാക്കി മാറ്റിയത്. മറ്റു ബോണ്ട് നായകന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സംഘട്ടന രം​ഗങ്ങളിൽ പിന്നിലായിരുന്ന മൂർ തന്റെ ആറടി ഉയരമുളള വലുപ്പമേറിയ ശരീരം കൊണ്ടാണ് പിടിച്ചുനിന്നത്. ഭേദപ്പെട്ട സംഘട്ടനരം​ഗങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ആ രൂപം ഒരു പരിധിവരെ അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ട്.

1973 മുതൽ 1985 വരെ ആയിരുന്നു റോജർ മൂറിന്റെ ജെയിംസ് ബോണ്ട് കാലഘട്ടം. എന്നാൽ അതിനൊക്കെ ഏറെ മുമ്പ്, 1964-ൽ, 'മെയിൻലി മില്ലിസെന്റ്' എന്ന കോമഡി പരമ്പരയിലാണ് മൂർ ആദ്യമായി ജെയിംസ് ബോണ്ടായി വേഷപ്പകർച്ച നടത്തിയത്. പരമ്പരയിൽ അതിഥി വേഷത്തിലായിരുന്നു മൂർ എത്തിയത്.

1962ലെ 'ഡോ.നോ' മുതൽ 'ഫ്രം റഷ്യ വിത്ത് ലൗ', 'ഗോൾഡ് ഫിംഗർ' തുടങ്ങിയ ഭാ​ഗങ്ങളിലായി ഷോൺ കോണറിയുടെ ജെയിംസ് ബോണ്ട് പ്രചാരത്തിൽ നിന്ന കാലം. താൻ ഇനി ബോണ്ടായി അഭിനയിക്കില്ലെന്ന് 1966 ൽ ഷോൺ കോണറി പ്രഖ്യാപിച്ചതിന് ശേഷമാണ് ആ വേഷത്തിലേക്ക് മൂറിന്റെ ശ്രദ്ധ തിരിയുന്നത്. എങ്കിലും കുറച്ചുകാലത്തെകൂടി കാത്തിരിപ്പു വേണ്ടിവന്നു മൂറിന് ബോണ്ടിന്റെ വേഷമണിയാൻ. 1969-ലെ 'ഓൺ ഹെർ മജസ്റ്റീസ് സീക്രട്ട് സർവീസി'ൽ ജോർജ്ജ് ലാസെൻബി അഭിനയിക്കുകയും 1971ലെ 'ഡയമണ്ട്സ് ആർ ഫോറെവർ' എന്ന ചിത്രത്തിനായി കോണറി വീണ്ടും ബോണ്ടിന്റെ റോളിലേക്ക് എത്തുകയും ചെയ്‌തതിന് ശേഷം കോണറി സ്ഥാനമൊഴിഞ്ഞതായി വ്യക്തമാകുന്നതുവരെ മൂർ കാത്തിരുന്നു. 1972 ഓഗസ്റ്റിൽ നിർമാതാവ് ആൽബർട്ട് ബ്രോക്കോളിയുടെ ഓഫർ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

ബോണ്ടായി മാറുന്നതിന് തനിക്ക് മുടി മുറിക്കേണ്ടിവന്നെന്നും ശരീരഭാരം കുറച്ചുവെന്നും മൂർ തന്റെ ആത്മകഥയിൽ എഴുതിയിരുന്നു. വേഷപ്പകർച്ചയിൽ ആദ്യം അൽപം നീരസം തോന്നിയെങ്കിലും പിന്നീട് ഏറ്റവും കൂടുതൽ തവണ ബോണ്ടായി മാറിയ നടൻ എന്ന ബഹുമതി സ്വന്തമാക്കിയാണ് അദ്ദേഹം ജെയിംസ് ബോണ്ട് സീരീസിൽ നിന്നും വിരമിച്ചത്. അർബുദത്തെത്തുടർന്ന് 2017 മെയ് 23-ന് സ്വിറ്റ്‌സർലൻഡിലെ ക്രാൻസ് -മൊണ്ടാനയിലുള്ള തന്റെ വീട്ടിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മൂറിന്റെ മരണം.

റോജർ മൂർ ജെയിംസ് ബോണ്ടായി എത്തിയ സിനിമകൾ

1. ലീവ് & ലെറ്റ് ഡൈ - ഗയ് ഹാമിൽട്ടൺ - 1973

2. ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ - ഗയ് ഹാമിൽട്ടൺ - 1974

3. ദ സ്പൈ ഹു ലവ്ഡ് മി - ലൂയീസ് ഗിൽബർട്ട് - 1977

4. മൂൺ റേക്കർ - ലൂയീസ് ഗിൽബർട്ട് - 1979

5. ഫോർ യുവർ ഐസ് ഒൺലി - ജോൺ ഗ്ലെൻ - 1981

6. ഒക്ടോപ്പസി - ജോൺ ഗ്ലെൻ - 1983

7. എ വ്യൂ ടു കിൽ - ജോൺ ഗ്ലെൻ - 1985

logo
The Fourth
www.thefourthnews.in