'ജയ ജയ ജയ ജയഹേ' കോപ്പിയടി വിവാദം: പ്രതികരണവുമായി സംവിധായകൻ

'ജയ ജയ ജയ ജയഹേ' കോപ്പിയടി വിവാദം: പ്രതികരണവുമായി സംവിധായകൻ

'കുങ് ഫു സൊഹ്റാ' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ പകർപ്പാണ് ജയ ജയ ജയ ജയഹേ സിനിമ എന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം

അടുത്തിടെ ഇറങ്ങിയ 'ജയ ജയ ജയ ജയഹേ' എന്ന സിനിമ ഫ്രഞ്ച് സിനിമയുടെ കോപ്പിയാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സംവിധായകൻ വിപിൻ ദാസ്. ഫ്രഞ്ച് ചിത്രത്തിലെ ഒരു സീൻ പോലും പകർത്തിയിട്ടില്ലെന്ന് വ്യക്തമായി ബോധ്യമുള്ളതിനാൽ കുപ്രചാരണങ്ങൾ മുഖവിലക്കെടുത്തിരുന്നില്ലെന്നും എന്നാൽ, സിനിമ ഇഷ്ടപ്പെട്ടവർക്കും അതിൽ പ്രവർത്തിച്ചവർക്കും ഉണ്ടായ വിഷമങ്ങൾ മനസിലാക്കിക്കൊണ്ടാണ് തെളിവുകൾ നിരത്തുന്നതെന്നും പറഞ്ഞായിരുന്നു വിപിൻ ദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. 'കുങ് ഫു സൊഹ്റാ' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ പകർപ്പാണ് ജയ ഹേ സിനിമ എന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം.

കോപ്പിയടിച്ചുവെന്ന് പറയപ്പെടുന്ന ഫ്രഞ്ച് ചിത്രം ഇറങ്ങിയ തീയതി ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിക്കൊണ്ടായിരുന്നു വിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇനിയും ഇത്തരം പ്രചാരണങ്ങൾ തുടർന്നാൽ അതിനെ നിയമപരമായി നേരിടാൻ ജയഹേയുടെ ടീം തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ അനാവശ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കാനും സത്യം ജനങ്ങൾ മനസിലാക്കാനുമാണ് തന്റെ ഫേസ്‌ബുക്ക് കുറിപ്പെന്നുമാണ് സംവിധായകന്റെ വിശദീകരണം.

'ആറു മാസം മുൻപ് ഇറങ്ങിയ സിനിമയിൽ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാൻ സിനിമയിൽ എളുപ്പത്തിൽ സാധ്യമല്ലെന്നു വിവേകമുള്ളവർക്ക് മനസിലാകുമെന്നു വിചാരിക്കുന്നു. മേൽ പറയുന്ന ചിത്രം റിലീസ് ആയതു 9 മാർച്ച് 2022നാണ്..ഗൂഗിളിൽ റിലീസ് തീയതി കിടക്കുന്നതു 22 ഒക്ടോബർ 2021 എന്നതുമാണ്. പക്ഷെ റിലീസ് തീയതി മാറുകയും പിന്നീട് മുകളിൽ പറഞ്ഞ 9 മാർച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്. ജയ ഹേ 2022 ജനുവരി 26നാണ് അനൗൺസ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്ക്രിപ്റ്റ് അതിനും ഒരു വർഷം മുൻപ് 2020 ഡിസംബറിൽ തന്നെ ലോക്ക് ചെയ്തിരുന്നു' ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒരു സാധാരണ പെൺകുട്ടിയായ ജയയുടെ ജീവിതത്തിലേക്ക് ടോക്‌സിക് ഭർത്താവായി രാജേഷ് കടന്നുവരുന്നതോടെ അവളുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമായി തീരുന്നതും ആ സാഹചര്യത്തെ അവൾ നേരിടുന്ന വഴികളുമാണ് ജയ ജയഹേയുടെ പ്രമേയം. കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിന് മികച്ച രീതിയിലുള്ള ബോക്‌സോഫീസ് കളക്ഷനായിരുന്നു ലഭിച്ചത്.

logo
The Fourth
www.thefourthnews.in