'അഭിനയം പോലെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; പുതിയ വേഷത്തില്‍ ജോജു

'അഭിനയം പോലെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; പുതിയ വേഷത്തില്‍ ജോജു

'പണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

നടനില്‍ നിന്നും സംവിധായകന്റെ കുപ്പായമണിഞ്ഞ് ജോജു ജോര്‍ജ്. പണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ തുടങ്ങി. 'പണി'യില്‍ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. സാഗര്‍, ജുനൈസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകന്‍ വേണുവാണ് 'പണി'യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

1995ലാണ് 'മഴവില്‍ കൂടാരം' എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജോജു മലയാള സിനിമാരംഗത്തേക്ക് കടന്നു വന്നത്. 28 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ജോജു സംവിധാനം ചെയ്യുന്ന 'പണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അഭിനയം പോലെ സംവിധാനവും ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതെന്നാണ് ജോജു പറയുന്നത്.

2018 ല്‍ പുറത്തിറങ്ങിയ 'ജോസഫ്' എന്ന സിനിമയാണ് ജോജുവിന്റെ കരിയറില്‍ വഴിത്തിരിവായത്. 'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും (ജോസഫ്) ജോജുവിന് ലഭിച്ചു. അഭിനയത്തിന് പുറമെ മികച്ച സിനിമകളുടെ നിര്‍മാതാവാകാനും ജോജുവിന് കഴിഞ്ഞു.

logo
The Fourth
www.thefourthnews.in