പേടിസ്വപ്നമായി ചെങ്ക റെഡ്ഡി;  തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ജോജു

പേടിസ്വപ്നമായി ചെങ്ക റെഡ്ഡി; തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ജോജു

നവാഗതനായ ശ്രീകാന്ത് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധാനം

തമിഴിലെ അത്യുഗ്രൻ പ്രകടനത്തിന് ശേഷം തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ജോജു ജോർജ്. നവാഗതനായ ശ്രീകാന്ത് റെഡ്ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്രൂരനായ ചെങ്ക റെഡ്ഡിയായാണ്‌ ജോജു എത്തുന്നത്. ചുറ്റുമുള്ളവരുടെയെല്ലാം പേടിസ്വപ്നമാണ് ചെങ്ക റെഡ്ഡി. കഥയുടെ ചുരുളഴിയും തോറും കൂടുതൽ ക്രൂരമായി മാറുന്ന കഥാപാത്രമാണ് ഇതെന്നും സംവിധായകൻ ശ്രീകാന്ത് റെഡ്ഡി വ്യക്തമാക്കുന്നു.

തിരക്കഥ എഴുതുമ്പോൾ തന്നെ ചെങ്ക റെഡ്‌ഡിയായി ജോജുവിനെ മനസ്സിൽ ഉറപ്പിച്ചിരുന്നു എന്ന് ശ്രീകാന്ത്. എന്നാൽ ചിത്രത്തിന്റെ ഭാഗമാകാൻ തുടക്കത്തിൽ ജോജു താൽപര്യം കാണിച്ചിരുന്നില്ല. തുടർന്ന് നേരിൽ കണ്ട് കഥ പറയാനായി ശ്രീകാന്ത് കൊച്ചിയിൽ എത്തിയിരുന്നു. കഥ വളരെയധികം ഇഷ്ടപ്പെട്ട ജോജു ചിത്രത്തിന്റെ ഭാഗമാകാമെന്ന് വാക്കു നൽകുകയായിരുന്നു. നിലവിൽ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിലാണ് ജോജു ഉള്ളത്

ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ നിര്‍മാണം സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെലുങ്ക് താരങ്ങളായ വൈഷ്ണവ് തേജ്, ശ്രീലീല എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചോല, ഇരട്ട തുടങ്ങിയ ചിത്രങ്ങളിലൂടെ നെഗറ്റീവ് കഥാപാത്രങ്ങൾ അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച വ്യക്തിയാണ് ജോജു. തെലുങ്കിലെ അരങ്ങേറ്റവും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

മലയാളം കൂടാതെ തമിഴിൽ മാത്രമാണ് ജോജു അഭിനയിച്ചിട്ടുള്ളത്. ജഗമേ തന്തിരം, പുത്തന്‍ പുതു കാലൈ വിടിയാദാ, ബഫൂൺ എന്നിവയാണ് തമിഴ് ചിത്രങ്ങൾ. ഇരട്ട, തുറമുഖം എന്നിവയാണ് മലയാളത്തിൽ അവസാനം റിലീസായ ജോജു ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in