കാഴ്ചയുടെ സൂക്ഷ്മപാഠങ്ങള്‍

കാഴ്ചയുടെ സൂക്ഷ്മപാഠങ്ങള്‍

മലയാള ചലച്ചിത്ര പരിണാമ വഴിയില്‍ കെ.ജി ജോര്‍ജിന്‍റെ സിനിമകള്‍ ഭാവുകത്വപരമായി വ്യത്യസ്തതയെ അടയാളപ്പെടുത്തുന്നുണ്ട്.

മലയാള സിനിമയിലെ ജീനിയസുകളില്‍ പ്രഥമ സ്ഥാനത്തുനില്‍ക്കുന്ന ചലച്ചിത്രകാരനാണ് കെ ജി ജോര്‍ജ്. മൗലികവും നിരന്തരം സംവാദമണ്ഡലത്തില്‍ നില്‍ക്കുന്നതുമായ സിനിമകളാണ് ജോര്‍ജ് മലയാളത്തിന് നല്‍കിയിട്ടുള്ളത്. 'സ്വപ്നാടനം'(1976) മുതല്‍ 'ഇലവങ്കോട് ദേശം'(1998) വരെയുള്ള ചലച്ചിത്രങ്ങള്‍ പരിശോധിച്ചാല്‍ സമൂഹത്തിന്‍റെ വ്യത്യസ്തമായ വ്യവഹാരങ്ങളെ അദ്ദേഹം എങ്ങനെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന കാര്യം മനസിലാക്കാവുന്നതാണ്.  

കേരളത്തിന്‍റെ സാംസ്കാരിക, രാഷ്ട്രീയ മണ്ഡലം അതുവരെ നിലനിന്ന മൂല്യസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്ത് തുടങ്ങുന്നത് എഴുപതുകളോടാണ്. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍, കുടുംബബന്ധങ്ങള്‍, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, വീടുകളെ പുനര്‍നിര്‍ണയിക്കല്‍ ഉള്‍പ്പെടെ എല്ലാം മാറിമറിയുന്നത് ഈ ഘട്ടത്തിലാണ്. ഈ അര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ എഴുപതുകളില്‍ വന്ന സമൂലമായ മാറ്റങ്ങള്‍ അന്ന് പുറത്തിറങ്ങിയ സിനിമകളിലും കാണാനാകും. അതായത് മലയാള ചലച്ചിത്ര പരിണാമ വഴിയില്‍ കെജി ജോര്‍ജിന്‍റെ സിനിമകള്‍ ഭാവുകത്വപരമായി വ്യത്യസ്തതയെ അടയാളപ്പെടുത്തുന്നുണ്ട്. സദാചാര സങ്കല്‍പങ്ങള്‍ക്കുമേല്‍ പരിക്കേല്‍പ്പിക്കുന്നു എന്നതായിരുന്നു സവിശേഷതകളില്‍ പ്രധാനം.

സ്നേഹങ്ങളും സംഘര്‍ഷങ്ങളും ഹിംസകളും ആക്രോശങ്ങളും നിറഞ്ഞതാണ് മനുഷ്യജീവിതം. അത്തരം അനുഭവങ്ങളെ അതിന്റെ തീവ്രതയില്‍ തന്നെ ആവിഷ്കരിക്കുകയാണ് കെ ജി ജോര്‍ജ് തന്റെ സിനിമകളില്‍

മനുഷ്യന്‍റെ ഉള്ളില്‍ ഒരു ആന്തരിക മനുഷ്യനുണ്ടെന്നും ആ മനുഷ്യനെ കണ്ടെത്തുന്നതിലൂടെയാണ് ഒരു കലാകാരന്‍ വിജയിക്കുന്നതെന്നുമുള്ള സൂക്ഷ്മ പാഠത്തെ ഉല്‍പ്പാദിപ്പിക്കാന്‍ ജോര്‍ജിന്‍റെ ഒട്ടുമിക്ക സിനിമകള്‍ക്കും സാധിക്കുന്നുണ്ട്. സൊസൈറ്റി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. അതിനപ്പുറം ആഴത്തിലുള്ള സ്നേഹങ്ങളും സംഘര്‍ഷങ്ങളും ഹിംസകളും ആക്രോശങ്ങളും നിറഞ്ഞതാണ് മനുഷ്യജീവിതം. അത്തരം അനുഭവങ്ങളെ അതിന്റെ തീവ്രതയില്‍ തന്നെ ആവിഷ്കരിക്കുകയാണ് ജോര്‍ജ് തന്‍റെ സിനിമകളില്‍. മുഖ്യധാരയെന്നും സമാന്തരമെന്നും പറയാവുന്ന രീതിയില്‍ മലയാള സിനിമ ഇരുവഴികളിലൂടെ സഞ്ചരിക്കുന്ന സന്ദര്‍ഭത്തിലാണ് മധ്യവര്‍ത്തി എന്ന് വിളിക്കാവുന്ന തരത്തിലുള്ള സിനിമകളുമായി ജോര്‍ജ് രംഗത്തു വരുന്നത്. ഈ നിലപാട് പ്രേക്ഷകരിലേയ്ക്ക് സിനിമയെ ഇറക്കി നിര്‍ത്തുന്നതിനും അവാര്‍ഡുകള്‍ നേടിയെടുക്കുന്നതിനും കാരണമായി. മാത്രമല്ല അക്കാദമികയും അനക്കാദമികവുമായ ഇടങ്ങളില്‍ തന്‍റെ സിനിമകളെ സംവാദത്തില്‍ കൊണ്ടുവരുന്നതിനും ജോര്‍ജിന് സാധിച്ചു. മലയാള സിനിമയില്‍ അക്കാലത്ത് ജോര്‍ജിന്റെ സിനിമകള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. സമൂഹത്തിന്റെ അടിത്തട്ടില്‍ അടക്കിപ്പിടിച്ചിരുന്ന വിഷയങ്ങളെ സമൂഹമധ്യത്തിലേയ്ക്ക് തുറന്നുവെച്ചു എന്നതാണ് ജോര്‍ജിന്‍റെ സിനിമകളുടെ പ്രത്യേക. മനുഷ്യ ജീവിതത്തിന്‍റെ തുറസുകളിലേക്കാണ് അത് സഞ്ചരിച്ചത്. ആണ്‍കോയ്മ എങ്ങനെയാണ് സ്ത്രീ ശരീരത്തിനുമേല്‍ ആധിപത്യവും അധികാരവും ഉറപ്പിക്കുന്നതെന്ന സൂക്ഷ്മമായ കണ്ടെത്തലുകള്‍ നടത്തുന്നുണ്ട് ജോര്‍ജിന്‍റെ സിനിമകള്‍.
 നിലവിലെ വ്യവസ്ഥയോട് കലഹിക്കുന്നതിനൊപ്പം അ തില്‍നിന്നും കുതറാനുള്ള ശ്രമവും ജോര്‍ജിന്‍റെ സിനിമ നടത്തുന്നുണ്ട്. തന്‍റെ സാമൂഹ്യ,രാഷ്ട്രീയ ബോധ്യങ്ങള്‍ ജോര്‍ജിന്‍റെ സിനിമയില്‍നിന്നും കണ്ടെത്താനാകും. സദാചാര സങ്കല്‍പ്പങ്ങളോട് ഇടയുന്നതിനൊപ്പം പൗരോഹിത്യ, രാഷ്ട്രീയ വിമര്‍ശനം നടത്താനും ജോര്‍ജ് തന്‍റെ സിനിമകളിലൂടെ ശ്രമിക്കുന്നുണ്ട്.

'സ്വപ്നാടനം', മനഃശാത്രത്തെ മലയാളത്തില്‍ ഇത്ര ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന മലയാള സിനിമ മറ്റൊന്നില്ല.

കാഴ്ചയുടെ സൂക്ഷ്മപാഠങ്ങള്‍
കെ ജി ജോർജ്; ത്രില്ലറുകളുടെ രാജാവ്
മടുപ്പിക്കുന്ന കാഴ്ചകളില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും മലയാളസിനിമയില്‍ പുതിയൊരു ദൃശ്യഭാഷ എഴുതിചേര്‍ക്കുകയായിരുന്ന ജോര്‍ജ്. അത് സിനിമയില്‍ പുതിയൊരു വ്യാകരണം തന്നെ സൃഷ്ടിച്ചു. അതുവരെ ഗ്രാമ-നഗര കാഴ്ചകളില്‍, ചിലയിടങ്ങളില്‍ മാത്രം സഞ്ചരിച്ച ക്യാമറ അറിയാത്ത ദേശങ്ങളിലേക്ക് പ്രവേശിച്ചു. അവിടത്തെ പച്ചയായ ജീവിതങ്ങള്‍ അങ്ങനെ പടര്‍ത്തപ്പെട്ടു. 

ആദ്യസിനിമയായ 'സ്വപ്നാടനം' പുറത്തു വന്നതോടെ ജോര്‍ജ് എന്ന ചലച്ചിത്രകാരനെ മലയാളി പ്രേക്ഷക സമൂഹം തിരിച്ചറിയുകയായിരുന്നു. മനഃശാത്രത്തെ മലയാളത്തില്‍ ഇത്ര ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന മലയാള സിനിമ മറ്റൊന്നില്ല. ഈ സിനിമയുടെ പിറവിയെക്കുറിച്ച് കെ ജി ജോര്‍ജ് പറയുന്നുണ്ട്. മെലിഞ്ഞ ശരീരമുള്ള കവിളുകള്‍ ഒട്ടിയൊരു നായകനെ കൊണ്ടുവരുന്നതിലൂടെ അതുവരെ നിലനിന്ന നായക സൗന്ദര്യശാസ്ത്രത്തെ നിരാകരിക്കുകയായിരുന്നു ജോര്‍ജ്. കാമ്പസ് പ്രണയത്തിന്‍റെ തീഷ്ണതയെ ചേര്‍ത്തുവെയ്ക്കുകയാണ് 'ഉള്‍ക്കടലി'ല്‍. പ്രണയത്തെ സ്നിഗ്ധ സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് ഉള്‍ക്കടലില്‍ ആവിഷ്കരിക്കുന്നത്. അങ്ങനെ 'ശരദിന്ദു മലര്‍ദീപനാളം നീട്ടി' എന്ന ഗാനം മലയാളി ഏറ്റെടുക്കുകയായിരുന്നു. ഉള്‍ക്കടല്‍ എക്കാലത്തെയും മികച്ച പ്രണയ സിനിമയായി കാണാന്‍ കഴിയില്ലെങ്കിലും ആ കാലത്തിന്റെ നഷ്ട പ്രണയസ്വപ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞു.

വാരിയെല്ലിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കണമെന്ന് രൂപമുണ്ടായിരുന്നില്ല. എന്നാല്‍ റിയലിസ്റ്റിക്കായ അന്ത്യം വേണ്ടെന്നു കരുതിയിരുന്നു. ഒരുപക്ഷേ, തൊട്ടുമുമ്പു യവനികപോലുള്ള ചിത്രം സംവിധാനം ചെയ്തു വിജയിപ്പിച്ചതിന്റെയുമൊക്കെ അഹങ്കാരമായിരിക്കാം അങ്ങനെയൊരു വ്യത്യസ്തമായ ക്ലൈമാക്സ് രംഗമെടുക്കാന്‍ എനിക്കു ധൈര്യം നല്‍കിയത്.

കെ ജി ജോര്‍ജ്

തമ്പിനുള്ളിലെ മനുഷ്യരുടെ വേദനകളും നിസഹായതകളുമാണ് 'മേള'യിലുള്ളത്. വ്യത്യസ്തമായ പരീക്ഷണമായിരുന്നു ഈ സിനിമ. അതിനുശേഷം സര്‍ക്കസുകാരുടെ ജീവിതത്തെക്കുറിച്ച് നിരവധി സിനിമകള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ജീവിതം ഇത്ര കൃത്യമായി ആവിഷ്കരിച്ചത് മേളയിലാണ്. മടുപ്പിക്കുന്ന കാഴ്ചകളില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും മലയാളസിനിമയില്‍ പുതിയൊരു ദൃശ്യഭാഷ എഴുതിചേര്‍ക്കുകയായിരുന്ന ജോര്‍ജ്. അത് സിനിമയില്‍ പുതിയൊരു വ്യാകരണം തന്നെ സൃഷ്ടിച്ചു. അതുവരെ ഗ്രാമ-നഗര കാഴ്ചകളില്‍, ചിലയിടങ്ങളില്‍ മാത്രം സഞ്ചരിച്ച ക്യാമറ അറിയാത്ത ദേശങ്ങളിലേക്ക് പ്രവേശിച്ചു. അവിടത്തെ പച്ചയായ ജീവിതങ്ങള്‍ അങ്ങനെ പടര്‍ത്തപ്പെട്ടു. 

പി ജെ ആന്റണിയുടെ ഒരു ഗ്രാമത്തിന്‍റെ ആത്മാവ് എന്ന നോവലില്‍ നിന്നാണ് കോലങ്ങള്‍ ഉണ്ടാകുന്നത്. ഗ്രാമ-നഗര ദ്വന്ദങ്ങളെ അവതരിപ്പിക്കുകയല്ല മറിച്ച് ഗ്രാമത്തിനുള്ളിലെ മനുഷ്യജീവിതത്തിന്‍റെ നൈതികതയാണ് ഈ സിനിമ.മലയാളത്തില്‍ കുറ്റാന്വേഷണ സിനിമകളില്‍ എക്കാലവും ഓര്‍മ്മിപ്പിക്കപ്പെടുന്നതാണ് 'യവനിക'. രണ്ട് വ്യത്യസ്തമായ അനുഭവങ്ങളെയാണ് ഈ സിനിമയിലൂടെ ആവിഷ്കരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അപ്പുറം നാടക കലാകാരന്മാരുടെ ജീവിതത്തിലേക്കുള്ള പ്രയാണം.   തബലിസ്റ്റ് അയ്യപ്പന്‍ എന്ന ഗോപിയുടെ കഥാപാത്രം മുഖ്യധാര സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ വെറുക്കപ്പെട്ടവനാണ്. സ്ത്രീ വിരുദ്ധനും സ്വാര്‍ത്ഥനുമായ ഇത്തരമൊരു കഥാപാത്രത്തെ ധൈര്യപൂര്‍വ്വം അക്കാലത്ത് അവതരിപ്പിക്കുകയാണ് ജോര്‍ജ്. പ്രഫഷണല്‍ നാടകങ്ങള്‍ ഇവിടെ സജീവമായിരുന്ന കാലഘട്ടത്തിലാണ് യവനിക ഉണ്ടാകുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. പുരുഷന്‍റെ കരുത്തിനു മുന്നില്‍ തോല്‍ക്കുന്നവളല്ല സ്ത്രീയെന്നും പറയുന്നു ഈ സിനിമ. ചലച്ചിത്രപ്രവര്‍ത്തകരുടെ ജീവിതം പലരും സിനിമയാക്കിയിട്ടുണ്ടെങ്കിലും അതിനൊക്കെ അപ്പുറം ശോഭ എന്ന നടിയുടെ മരണത്തിന് പിന്നിലെ സംഭവം എന്താണ് എന്നുള്ള അന്വേഷണമാണ് 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്'.  ജോര്‍ജ് പറയുന്നു: നടി ശോഭയുടെ ആത്മഹത്യ തന്നെയാണ് ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കിന് എന്നെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ശോഭയുടെമാത്രം ദുരന്തവുമാണ് ഫ്ളാഷ്ബാക്ക് എന്നു ഞാന്‍ ഇപ്പോഴും അവകാശപ്പെടുന്നില്ല. സിനിമാരംഗത്ത് എല്ലായിപ്പോഴും കണ്ടുവന്നിട്ടുള്ള ആത്മഹത്യ സിന്‍ഡ്രോമിനെയാണ് ഒരു തരത്തില്‍ ഫ്ളാഷ് ബാക്ക് പ്രതിഫലിക്കുന്നത്. സിനിമയ്ക്കുള്ളിലെ ഗോസിപ്പുകളെ ചോദ്യം ചെയ്യുകയായിരുന്നു ഒരു പരിധി വരെ ഈ സിനിമ.  

റെസ്ക്യൂ ഹോമില്‍ നിന്നു സ്ത്രീകള്‍ തെരുവിലേക്കു കുതിക്കുമ്പോള്‍ തട്ടിമറിയുന്ന ക്യാമറയുടെ സമീപം സംവിധായകനുമുണ്ട്. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം മലയാള സിനിമയില്‍ ഉണ്ടാകുന്നത്.

വ്യത്യസ്തമായ സ്ത്രീ അനുഭവങ്ങളെയാണ് ആദാമിന്‍റെ വാരിയെല്ലില്‍ അവതരിപ്പിക്കുന്നത്. മൂന്നു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. കേരളത്തിലെ ഉപരിവര്‍ഗ ക്രിസ്ത്യന്‍ കുടുംബത്തില്‍പ്പെട്ട ആലീസ്, ഇവരുടെ വീട്ടിലെ വേലക്കാരി ദലിത് സ്ത്രീയായ അമ്മിണി, ഏജീസ് ഓഫീസ് ജീവനക്കാരിയായ വാസന്തി. ഇവരുടെ മൂവരുടേയും ജീവിതം ദുരന്തത്തിന്‍റേതാണ്. പുരുഷാധിപത്യത്തിന്‍റേയും അവന്‍റെ കാമനയുടെയും ഇരകളാകുന്ന സ്ത്രീകളാണ് ആലീസും വാസന്തിയും. സാമൂഹിക സാഹചര്യങ്ങളാല്‍ എല്ലാവരും പീഡനങ്ങള്‍ക്കും ഒപ്പം ബലാല്‍സംഗത്തിനുപോലും ഇരയാകേണ്ടി വരുന്നവരാണ് അമ്മിണി. ഇവര്‍ മൂവരും പ്രതിസന്ധിതളെ മറികടക്കുന്നത് വ്യത്യസ്തമായാണ്. ആലീസ് ആദ്യം മദ്യത്തിലും പിന്നീട് പല പുരുഷന്മാരിലുമായി അവളുടെ ആസക്തി കണ്ടെത്തുന്നു. ഒടുവില്‍ വിവാഹാനന്തര പ്രണയത്തിലും മകളുടെ ഒളിച്ചോട്ടത്തിലും മനംനൊന്ന് ആലീസ് ആത്മഹത്യയില്‍ അഭയം തേടുകയാണ്.

ഭര്‍ത്താവില്‍ നിന്നും അമ്മായിയമ്മയില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവരുന്ന വാസന്തിക്ക് ഒടുവില്‍ ചിത്തഭ്രമം പിടിപെടുകയാണ്. വാസന്തിയുടെ സ്വപ്നങ്ങള്‍ മനഃശാസ്ത്രകാഴ്ചപ്പാടില്‍ ചിത്രീകരിക്കാന്‍ കെ.ജി.ജോര്‍ജിനു കഴിയുന്നുണ്ട്. ഇരു സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി കീഴാള സ്ത്രീയുടെ ചെറുത്തുനില്‍പിന്റെ രാഷ്ട്രീയത്തെയാണ് അമ്മിണിയിലൂടെ പുറത്തുവരുന്നത്. ഈ സിനിമയുടെ ക്ലൈമാക്സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ജോര്‍ജ് പറയുന്നു: ''സിനിമയുടെ അന്ത്യമാവട്ടെ അങ്ങേയറ്റം സര്‍റിയലിസ്റ്റിക്കായി ബോധപൂര്‍വ്വം ചെയ്തതാണ്. ക്യാമറയെയും ക്യാമറമാനേയും തള്ളിയിട്ടു സ്ത്രീകള്‍ ഫ്രെയിമിനു പുറത്തേക്ക് ഓടുന്ന അവസാന രംഗം ഓര്‍ക്കുക. തിരക്കഥ മുഴുവന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടു വാരിയെല്ലിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കണമെന്ന് രൂപമുണ്ടായിരുന്നില്ല. എന്നാല്‍ റിയലിസ്റ്റിക്കായ അന്ത്യം വേണ്ടെന്നു കരുതിയിരുന്നു. ഒരുപക്ഷേ, തൊട്ടുമുമ്പു യവനികപോലുള്ള ചിത്രം സംവിധാനം ചെയ്തു വിജയിപ്പിച്ചതിന്റെയുമൊക്കെ അഹങ്കാരമായിരിക്കാം അങ്ങനെയൊരു വ്യത്യസ്തമായ ക്ലൈമാക്സ് രംഗമെടുക്കാന്‍ എനിക്കു ധൈര്യം നല്‍കിയത്.''

റെസ്ക്യൂ ഹോമില്‍ നിന്നു സ്ത്രീകള്‍ തെരുവിലേക്കു കുതിക്കുമ്പോള്‍ തട്ടിമറിയുന്ന ക്യാമറയുടെ സമീപം സംവിധായകനുമുണ്ട്. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം മലയാള സിനിമയില്‍ ഉണ്ടാകുന്നത്. പഞ്ചവടിപ്പാലം മലയാളത്തിലെ ആദ്യ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായാണ് വിലയിരുത്തുന്നത്. തനിക്ക് ഇത്തരം സിനിമകളും എടുക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു ജോര്‍ജ്. ഓരോ സിനിമകളും പുതിയ പരീക്ഷണമായി കാണുന്ന ജോര്‍ജ് എന്താണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന് ഈ സിനിമയിലൂടെ തുറന്നു കാട്ടി. ഓരോ വ്യക്തിയുടെ ഉള്ളിലും ഹിംസ ഒളിഞ്ഞിരിപ്പുണ്ടെന്ന പരോക്ഷ യാഥാര്‍ത്ഥ്യമാണ് 'ഇരകളി'ലൂടെ പുറത്തുവരുന്നത്. എന്നാല്‍ ഹിംസയുടെ പ്രയോഗം വ്യത്യസ്തമാണെന്നും ജോര്‍ജ് പറഞ്ഞുവെയ്ക്കുന്നു. അത് കുടുംബം എന്ന അധികാരഘടനയിലൂടെയും ഭരണകൂടത്തിലൂടെയും ഉണ്ടാക്കാമെന്നു താത്വികമായി വിശകലനം ചെയ്യുകയാണ് 'ഇരകള്‍'. മനുഷ്യ, സമൂഹ ബന്ധങ്ങളെ അതിസൂക്ഷ്മമായി ആവിഷ്കരിക്കാനാണ് കെ ജി ജോര്‍ജിന്‍റെ സിനിമകള്‍ ശ്രമിക്കുന്നത്. ഇനിയും നിരവധി വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരോ ഫ്രെയ്മുകളും.

logo
The Fourth
www.thefourthnews.in