'മുന്‍പത്തെ ഞാനല്ല, കാതലിനുശേഷമുള്ള ഞാന്‍'; സുധി കോഴിക്കോട് അഭിമുഖം

'മുന്‍പത്തെ ഞാനല്ല, കാതലിനുശേഷമുള്ള ഞാന്‍'; സുധി കോഴിക്കോട് അഭിമുഖം

2008 മുതൽ മലയാള സിനിമയിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്ത സുധിയുടെ 43 -ാമത്തെ ചിത്രമാണ് കാതൽ

കാതൽ കണ്ടവർ എല്ലാം അന്വേഷിച്ചത് ഒരാളെയായിരുന്നു സിനിമയിൽ തങ്കനെ അവതരിപ്പിച്ചത് ആരാണെന്ന്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ സുധിയാണ് തങ്കനായി എത്തിയത്. പ്രണയവും നിസ്സഹായതയും സ്‌നേഹവും അനുകമ്പയുമെല്ലാം വാക്കുകൾക്കപ്പുറത്ത് കണ്ണുകളിലൂടെ അതിമനോഹരമായാണ് സുധി അവതരിപ്പിച്ചിരിക്കുന്നത്.

2008 മുതൽ മലയാള സിനിമയിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്ത സുധിയുടെ 43 -ാം ചിത്രമാണ് കാതൽ. സിനിമയിൽ തങ്കൻ എത്രത്തോളം നന്നായിട്ടുണ്ടോ അതിന്റെ പൂർണ ക്രെഡിറ്റ് സുധി നൽകുന്നത് സംവിധായകൻ ജിയോ ബേബിക്കാണ്. കാതൽ അനുഭവത്തെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സുധി കോഴിക്കോട് ദ ഫോർത്തിനോട് സംസാരിക്കുന്നു.

കോഴിക്കോടൻ നാടകവേദിയും സിനിമയും

കോഴിക്കോട് ബാലുശ്ശേരിയിലാണ് എന്റെ വീട്. പതിയെ കോഴിക്കോടൻ നാടകവേദിയുടെ ഭാഗമാവുകയായിരുന്നു. 2008 ൽ 'സുൽത്താൻ' എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ഡയലോഗുള്ള വേഷമായിരുന്നു. പക്ഷേ ആ ചിത്രത്തിലെ എന്റെ അഭിനയം നാടകത്തിന്റെ സ്വാധീനമുള്ളതായിരുന്നു. സിനിമയിലെ അഭിനയവും നാടകത്തിലെ അഭിനയവും തമ്മിൽ വ്യത്യാസമുണ്ട്.

പിന്നീട് രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം 'ഒരു പാതിരാകൊലക്കേസ്' എന്ന സിനിമയ്ക്ക് വേണ്ടി കോഴിക്കോടൻ നാടകവേദികളിൽനിന്ന് തിരഞ്ഞെടുത്ത അഭിനേതാക്കളില്‍ ഞാനും ഒരാളായിരുന്നു. ആ ചിത്രത്തിനായി 10-11 ദിവസം നീണ്ടുനിന്ന ക്യാംപുണ്ടായിരുന്നു. അവിടെ വെച്ചാണ് വേദിയിലെ അഭിനയത്തിന് വ്യത്യസ്തമാണ് വെള്ളിത്തിരയിലെ അഭിനയമെന്നും അത് എങ്ങനെയാണെന്നും മനസിലാക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രവും അതായിരുന്നു.

സുധി കോഴിക്കോട്
സുധി കോഴിക്കോട്

പാലേരി മാണിക്യം തിയേറ്ററിൽ എത്തിയപ്പോൾ അഭിനയിച്ച സീനുകൾ ഫൈനൽ എഡിറ്റിൽ ഒഴിവാക്കേണ്ടി വന്നു. ഒന്നോ രണ്ടോ സീനുകളിൽ വന്നുപോകുന്ന ആൾ മാത്രമായി ആ റോൾ. സത്യം പറഞ്ഞാൽ മൂന്ന് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. പക്ഷേ ആ ചിത്രം എന്റെ ഉള്ളിൽ സിനിമയെന്ന മോഹം കൊണ്ടുവന്നു. പെരുവിരലിൽ ഊന്നിപ്പോലും സിനിമയിലെ ചില സീനുകളിൽ പെടാൻ ഞാൻ ശ്രമിച്ചിരുന്നു. അങ്ങനെയാണ് 43 സിനിമകളിൽ ഞാൻ അഭിനയിക്കുന്നത്.

ദേശീയ പുരസ്‌കാരം ലഭിച്ച സിദ്ധാർത്ഥ് ശിവയുടെ 'ഐൻ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോളാണ് അതിലെ ചീഫ് അസോസിയേറ്റായിരുന്ന ജിയോ ബേബിയെ പരിചയപ്പെടുന്നത്. അതിനുശേഷം ജിയോ ബേബി സംവിധാനം ചെയ്ത 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ൽ സുരാജിന്റെ സുഹൃത്തിന്റെ വേഷം ചെയ്യാന്‍ അവസരം ലഭിച്ചു. അന്ന് ജിയോ ബേബി എന്നോട് പറഞ്ഞത് ഇനി അങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും ചേട്ടനുണ്ടാകുമെന്നാണ്.

ആ വാക്ക് ജിയോ ബേബി പാലിച്ചു. തുടർന്ന് സംവിധാനം ചെയ്ത 'ഫ്രീഡം ഫൈറ്റ്', 'ശ്രീധന്യ കാറ്ററിങ്' തുടങ്ങിയ ചിത്രങ്ങളിലേക്കും എന്നെ വിളിച്ചു. പക്ഷേ കാതലിലേക്ക് വിളിക്കുമ്പോൾ ഇത്രയും വലിയൊരു കഥാപാത്രത്തെയാണ് തരുന്നതെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് ചിത്രത്തിനായി കിഷോർ കുമാർ എഴുതിയ 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ' എന്ന പുസ്തകം വായിക്കുന്നത്. അതിലൂടെയാണ് ഞാൻ എന്റെ കഥാപാത്രത്തെ പൂർണമായി മനസിലാക്കുന്നത്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ സുരാജിനൊപ്പം സുധി കോഴിക്കോട്
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ സുരാജിനൊപ്പം സുധി കോഴിക്കോട്

കാഴ്ചപ്പാട് മാറ്റിയ കാതൽ, ജിയോ ബേബിയിൽനിന്ന് ലഭിച്ച വഴക്ക്

കാതൽ പ്രേക്ഷകർക്കുണ്ടാക്കുന്ന മാറ്റത്തേക്കാൾ എനിക്കുണ്ടാക്കിയ വലിയ ഒരു മാറ്റമുണ്ട്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വരുന്നതുവരെ സ്വവർഗലൈംഗികത ഒരു രോഗമാണെന്ന പൊതുധാരണയിൽ തന്നെയായിരുന്നു ഞാനും ജീവിച്ചിരുന്നത്. പക്ഷേ ഈ ചിത്രത്തിനായി കൂടുതൽ വായിക്കുകയും മനസിലാക്കുകയും ചെയ്തപ്പോളാണ് ഇത് വളരെ സ്വാഭാവികമായ ഒന്നാണെന്നും ഒരിക്കലും ഒരു രോഗാവസ്ഥയല്ലെന്നും നമുക്കിടയിൽ തന്നെ പ്രത്യേകിച്ച് ഗേ കമ്മ്യൂണിറ്റിയിലുള്ള പലരും സമൂഹം കാരണം അപമാനഭാരത്താൽ ജീവിക്കുന്നുണ്ടെന്നും മനസിലാക്കിയത്. സിനിമ കണ്ട് കമ്യൂണിറ്റിയിൽപ്പെട്ട പലരും എന്നോട് സംസാരിച്ചിരുന്നു. മുമ്പുണ്ടായിരുന്ന ഞാനല്ല, ഈ സിനിമ ചെയ്ത ശേഷമുള്ള ഞാൻ. കമ്യൂണിറ്റിയെ പ്രത്യേകിച്ച് ഗേ കമ്യൂണിറ്റിയെ എനിക്ക് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഗേ കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്നത് എന്നതിൽ ഒരു ആശങ്കയും എനിക്കുണ്ടായിരുന്നില്ല. കാരണം ഞാനൊരു അഭിനേതാവാണ്. അഭിനയമാണ് എന്റെ പാഷൻ.

എന്റെ കഥാപാത്രമോ അതിന്റെ സ്വഭാവമോ സിനിമ റിലീസ് ചെയ്യുന്നത് വരെ പുറത്തുവിടരുതെന്ന് ജിയോ ബേബി പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ ചിത്രീകരണത്തിന്റെ ആദ്യ ദിവസത്തിൽ മമ്മൂക്കയ്‌ക്കൊപ്പം ഒരു ഫോട്ടോ എടുത്തിരുന്നു. അപ്പോഴത്തെ ആവേശത്തിൽ ഞാൻ ആ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതുകണ്ട ജിയോ ചേട്ടൻ, 'ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഒന്നും പുറത്തുവിടരുതെന്ന്' എന്ന് ചോദിച്ചു. എന്റെ കഥാപാത്രം അത്രയും പ്രധാനമാണെന്നും റിലീസിനു ശേഷമായിരിക്കും ആ കഥാപാത്രത്തിന് പബ്ലിസിറ്റി കൊടുക്കുകയെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ചെയ്ത മണ്ടത്തരം ബോധ്യമായത്. ഉടനെ ആ ചിത്രം സോഷ്യൽ മീഡിയയിൽനിന്ന് ഡിലീറ്റ് ചെയ്തു.

ഒന്നും മറക്കാത്ത മമ്മൂട്ടി, ചോദിച്ച് വാങ്ങിയ അനുഗ്രഹം

മമ്മൂക്കയ്‌ക്കൊപ്പമുള്ള എന്റെ നാലാമത്തെ ചിത്രമാണിത്. അതുകൊണ്ട് തന്നെ ആശങ്ക ഒട്ടുമുണ്ടായിരുന്നില്ല. മമ്മൂക്കയെക്കുറിച്ചുള്ള ഏറ്റവും നല്ല ഓർമകളിലൊന്ന് പാലേരി മാണിക്യം കഴിഞ്ഞ് പിന്നീട് 'ബാവൂട്ടിയുടെ നാമത്തിൽ' ചെയ്യാൻ പോയ സമയത്താണ്. അന്ന് എന്നെ കണ്ട മമ്മൂക്ക 'എടോ തന്നെ എനിക്ക് അറിയാലോ' എന്നായിരുന്നു പറഞ്ഞത്. പാലേരി മാണിക്യത്തിൽ പ്രഭാകരൻ എന്ന വേഷം ഞാനായിരുന്നു ചെയ്തതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഓർത്തെടുക്കുകയും തന്റെ മീശ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് പറയുകയും ചെയ്തു. പിന്നീട് ജോയ് മാത്യുവിന്റെ 'അങ്കിൾ' എന്ന ചിത്രത്തിലും ഞാൻ അഭിനയിച്ചു. അന്നും മമ്മൂക്ക എന്നെക്കുറിച്ച് പറയുകയും സംവിധായകൻ അത് എന്നോട് വന്ന് പറയുകയും ചെയ്തു. വലിയ സന്തോഷമാണ് അതുണ്ടാക്കിയത്. കാരണം എന്നേപോലുള്ള ഒരു ചെറിയ നടനെ അദ്ദേഹം ഓർത്തിരിക്കുന്നുവെന്നതായിരുന്നു വലിയ കാര്യം.

കാതലിന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം ഞാൻ നല്ല ആശങ്കയിലായിരുന്നു, കാരണം നേരിടാൻ പോകുന്ന വെല്ലുവിളിയെക്കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ അവിടെനിന്ന് കുറച്ച് മാറിനിന്ന എന്നെ മമ്മൂക്ക തിരഞ്ഞ് പിടിക്കുകയും അടുത്തേക്ക് വിളിക്കുകയും ചെയ്തു. അപ്പോഴുണ്ടായ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. കാതലിൽ മമ്മൂക്കയുടെ ഭാഗങ്ങളുടെ ചിത്രീകരണം അവസാനിച്ച ദിവസം അദ്ദേഹം എല്ലാവരുടെ കൂടെയും ഫോട്ടോ എടുത്തു. ഞാനും പോയി അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുത്തു.

അതിനുശേഷം ഞാൻ മമ്മൂക്കയോട് പറഞ്ഞു,'മമ്മൂക്ക.. എനിക്കിത് പോരാ', 'തനിക്കെന്താടോ വേണ്ടേ' എന്നായിരുന്നു മമ്മൂക്ക തിരിച്ചുചോദിച്ചത്. ഞാൻ പതിയെ മമ്മൂക്കയുടെ കൈ പിടിച്ച് 'ഈ കൈ എടുത്ത് എന്റെ തലയിൽ വയ്ക്കാൻ പറ്റോ?' എന്ന് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയിൽ കൈവെച്ചു. അങ്ങനെ മമ്മൂക്കയുടെ അനുഗ്രഹം ഞാൻ ചോദിച്ചുവാങ്ങിയെടുത്തു. ആ നിമിഷം ഞങ്ങളുടെ ഫോട്ടോഗ്രാഫർ ലെബിസൺ ഗോപി കൃത്യമായി ക്യാമറയിൽ പകർത്തുകയും ചെയ്തു. അന്ന് മുതൽ എന്റെ വാട്‌സ്ആപ്പ് ഡിപി ആ ചിത്രമാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണത്. ഇപ്പോൾ ഞാൻ ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രോസവത്തിലാണ് ഇവിടെ നിന്ന് തിരികെ കേരളത്തിൽ എത്തിയാൽ ആദ്യം ജിയോ ബേബിയുടെയും മമ്മൂക്കയുടെയും അടുത്തുപോകണം.

IFFI വേദിയില്‍ കാതലിന്‍റെ പ്രദര്‍ശനത്തിന് ശേഷം  സുധി മാധ്യമങ്ങളോട് സംസാരിക്കുന്നു
IFFI വേദിയില്‍ കാതലിന്‍റെ പ്രദര്‍ശനത്തിന് ശേഷം സുധി മാധ്യമങ്ങളോട് സംസാരിക്കുന്നു

അഭിനേതാവായ ജിയോ ബേബി, ഡബ്ബിങിന് സഹായിച്ച സീരിയൽ

സംവിധായകൻ ജിയോ ബേബിയെ പോലെ തന്നെ മികച്ചതാണ് നടനായ ജിയോ ബേബിയും. ഒരോ സീനിനും വേണ്ട ഫീൽ, അത് ചെയ്യേണ്ട രീതി, ഇവയൊക്കെ വളരെ കൃത്യമായി ജിയോ നമുക്ക് പറഞ്ഞുതരും. അത് മനസിലാക്കി ചെയ്താൽ തന്നെ നമ്മുടെ കഥാപാത്രം ശരിയാകും. കാതലിൽ മഴയത്ത് കാറിൽ കയറി പോകുന്ന സീനുണ്ട്. ഞാൻ ആ സീനിനുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ജിയോ കൃത്യമായി പറഞ്ഞുതന്നത് അതേപോലെ തന്നെ ഞാൻ ചെയ്തു. എന്റെ കഴിവിനെക്കാൾ ജിയോ ബേബിയെന്ന സംവിധായകന്റെ കഴിവാണ് ആ സീനുകളിൽ നിങ്ങൾ കണ്ടത്.

പിന്നെ ഈ സിനിമയിലെ മറ്റൊരു വെല്ലുവിളി കോട്ടയം സ്ലാങ് പിടിക്കുകയെന്നതായിരുന്നു. ഞാനൊരു കോഴിക്കോട്ടുകാരനാണ്, അതുകൊണ്ട് തന്നെ എന്റെ ഭാഗങ്ങൾ തുടങ്ങുന്നതിനും മുമ്പ് തന്നെ ഞാൻ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. കാതൽ സിങ്ക് സൗണ്ട് കൂടിയായത് കൊണ്ട് സ്ലാങ് കൃത്യമായി പിടിക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അതിന് എന്നെ സഹായിച്ചത് സീരിയലിലെ അഭിനയമാണ്.

ജിയോ ബേബി, കാതല്‍ ചിത്രീകരണത്തിനിടെ
ജിയോ ബേബി, കാതല്‍ ചിത്രീകരണത്തിനിടെ

രണ്ട് സീരിയലിലാണ് ഞാൻ അഭിനയിച്ചത്. അത് രണ്ടും സൗഹൃദത്തിന്റെ പുറത്തായിരുന്നു. സീരിയലിൽ അഭിനയിക്കേണ്ടെന്ന് വിചാരിച്ച് നിൽക്കുമ്പോഴായിരുന്നു കോഴിക്കോട്ടെ നാടകവേദികളിലെ പലരും സീരിയലുകളിലും അഭിനയിച്ച് തുടങ്ങിയത്. സീരിയലിൽ റീ ടേക്കുകൾ വളരെ വളരെ കുറവാണ്. ഒരു കൊമേഴ്ഷ്യൽ പ്രൊഡക്റ്റ് എന്ന രീതിയിൽ വളരെ പെട്ടന്ന് ചിത്രീകരണം നടത്തേണ്ടതുണ്ട്.

ആദ്യം കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സൂര്യ ടിവിയിലെ സീരിയലിലായിരുന്നു ഞാൻ അഭിനയിച്ചത്. അത് പഴയകാലത്തെ കഥയായതിനാൽ സ്ലാങ് പിടിക്കാതെയായിരുന്നു സംഭാഷണം പറയുന്നത്. മറ്റൊന്ന് ഫ്‌ളവേഴ്‌സിലെ 'നന്ദനം' സീരിയലായിരുന്നു. ഈ രണ്ട് സീരിയലിലും എനിക്ക് ഡബ്ബ് ചെയ്യാൻ അവസരം ലഭിച്ചു. അത് കോഴിക്കോട് സ്ലാങ്ങിൽനിന്ന് പുറത്തുകടക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. കാതലിലേക്ക് ജിയോ ബേബി വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് കോഴിക്കോട് സ്ലാങ്ങില്‍നിന്ന് പുറത്തുകടന്ന് ചേട്ടന് ഒരു കാര്യം ചെയ്യാനാവുമോയെന്നതായിരുന്നു.

കുടുംബം

അച്ഛൻ രാരോത്ത് ഉണ്ണി നായർ, ഭാര്യ ഭവിത, മക്കൾ ദേവാംഗ്, ധൻവിൻ ഇവരടങ്ങിയതാണ് എന്റെ കുടുംബം.

logo
The Fourth
www.thefourthnews.in