'കടകൻ' വരുന്നു; അറിയിപ്പുമായി ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും

'കടകൻ' വരുന്നു; അറിയിപ്പുമായി ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും

ശ്രീനാഥ് ഭാസി നായകനാവുന്നുവെന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നേരത്തെ നടത്തിയത്

യുവസംവിധായകനും പിജി വിദ്യാഥിയുമായ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന കടകൻ സിനിമ അണിയറയിൽ ഒരുങ്ങുന്നു. ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്. കടത്തനാടൻ സിനിമാസിന്റെ ബാനറിൽ ഖലീൽ ഹമീദ് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും സജിൽ മമ്പാടിന്റേതാണ്.

മുമ്പ് ശ്രീനാഥ് ഭാസി നായകനാവുന്നു എന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നിരുന്നത്. എന്നാൽ ഭാസിക്ക് പകരം ഹക്കിം ഷാ പ്രാധാന വേഷത്തിൽ വരുന്നുവെന്നാണ് പിന്നീട് പുറത്തുവരുന്ന വിവരം. ഹക്കീം ഷായ്ക്കുപുറമെ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, രഞ്ജിത്ത്, സോന ഒലിക്കൽ, മണികണ്ഠൻ ആചാരി, ശരത് സഭ, ഫാഹിസ്‌ബിൻറിഫായ്, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

സജിൽ മമ്പാടിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ബോധിയും എസ്കെ മമ്പാടും ചേർന്നാണ്.​ ഗോപി സുന്ദറാണ് സം​ഗീത സംവിധായകൻ.

ജാസിൻ ജസീൽ ആണ് ഛായാഗ്രഹണം. അജഗാജന്തരം, അങ്കമാലി ഡയറീസ് കടുവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ ഷമീർ മുഹമ്മദ് ആണ് കടകന്റെയും എഡിറ്റിങ് നിർവഹിക്കുന്നത്. നവാഗതരുമായ ഹനാൻഷ, ദാന റാസിഖ്, സൽമാൻ, ബാദുഷ എന്നിവർ ചേർന്ന് ആലപിക്കുന്ന നാല് പാട്ടുകളാണ് സിനിമയിലുള്ളത്.

മമ്പാട് എംഇഎസ് കോളജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ സംവിധാനം ചെയ്ത കാടോരത്തിന്റെ ഒടിടി റിലീസിന് ശേഷമാണ് സജിൽ മമ്പാട് കടകനിലേക്കെത്തുന്നത്. സൗത്ത് ഇന്ത്യയിലെ മികച്ച 3 ഫൈറ്റ് മാസ്റ്റെഴ്സ് ആയ ഫോണിക്സ് പ്രഭു, പിസി സ്റ്റണ്ട്, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുന്നത്.

logo
The Fourth
www.thefourthnews.in