ചോദിച്ചുവാങ്ങിയ ആദ്യ കഥാപാത്രമാണ് ചന്ദ്രമുഖി: കങ്കണ റണൗത്ത്

ചോദിച്ചുവാങ്ങിയ ആദ്യ കഥാപാത്രമാണ് ചന്ദ്രമുഖി: കങ്കണ റണൗത്ത്

കങ്കണയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചു എന്നായിരുന്നു ചടങ്ങിൽ നടൻ വടിവേലു പറഞ്ഞത്.

അഭിനയ ജീവിതത്തിൽ 'ചന്ദ്രമുഖി 2' പോലൊരു സിനിമ മുമ്പ് ചെയ്തിട്ടില്ല. ഇതുവരെ ആരോടും അവസരങ്ങൾ ചോദിച്ചിട്ടില്ല. ആദ്യമായി താൻ അവസരം ചോദിക്കുന്നത് ചന്ദ്രമുഖി എന്ന കഥാപാത്രത്തിനായി സംവിധായകൻ പി. വാസുവിനോടാണെന്ന് കങ്കണ റണൗത്ത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചന്ദ്രമുഖി 2 വിന്റെ പ്രീ റിലീസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു കങ്കണ സംസാരിച്ചത്.

കങ്കണയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചു എന്നായിരുന്നു ചടങ്ങിൽ നടൻ വടിവേലു പറഞ്ഞത്. 'കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 'മാമന്നന്' ശേഷം 'ചന്ദ്രമുഖി 2' എന്ന ചിത്രത്തിലൂടെയാണ് വരുന്നത്. വാസുവിന്റെ കരിയറിലെ ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ഞാൻ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തു. ചന്ദ്രമുഖി 2 വിന്റെ കഥ ആദ്യം കേട്ടത് ഞാനാണ്. എനിക്ക് ഇഷ്ടപ്പെട്ടതിന് ശേഷം ഞാൻ തമിഴ് കുമാരൻ സാറിനെ വിളിച്ച് പറഞ്ഞു. ചിത്രത്തിൽ മുരുഗേശന്റെ വേഷത്തിൽ ഞാൻ എത്തും. കങ്കണ റണൗത്ത് മികച്ച പ്രകടനം കൊണ്ട് എന്നെ അത്ഭുതപ്പെടുത്തി.' വടിവേൽ പറഞ്ഞു

കങ്കണയുടെ ചോദ്യം തന്നെ വല്ലാതെ സന്തോഷിപ്പിച്ചു എന്നായിരുന്നു സംവിധായകൻ പി വാസുവിന്റെ പ്രതികരണം. 'കഥയുടെ പൂർണരൂപം ആയതിന് ശേഷം ഞാൻ ആദ്യം കഥ പറഞ്ഞ വ്യക്തി വടിവേലു സർ ആയിരുന്നു. അദ്ദേഹത്തിന് കഥ പെട്ടെന്ന് ഇഷ്ടപ്പെട്ടു ചിത്രത്തിന് വേണ്ടി എല്ലാം സെറ്റ് ചെയ്തതോടെ ചന്ദ്രമുഖിയുടെ റോളിൽ ആരെ അവതരിപ്പിക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞങ്ങൾ. ആ സമയത്താണ് ഞാൻ ഒരു കഥ പറയാൻ കങ്കണയുടെ അടുത്ത് പോയത്. എന്നിട്ട് കങ്കണ ചന്ദ്രമുഖി 2 നെ കുറിച്ച് ചോദിച്ചു. ആരാണ് ആ വേഷം ചെയ്യുന്നതെന്ന് അന്വേഷിച്ചു. ആ റോളിലേക്ക് ആരെയും ഫൈനൽ ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, സമ്മതമാണെങ്കിൽ ഞാൻ അത് ചെയ്യട്ടെയെന്ന് കങ്കണ ചോദിച്ചു. ആ ചോദ്യം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.' പി വാസു

പ്രി റിലീസ് ചടങ്ങിൽ ഛായാഗ്രാഹകൻ ആർ ഡി രാജശേഖർ, കലാസംവിധായകൻ തോട്ട തരണി, സാഹ മഹിമ, സൃഷ്ടി, സംഗീത സംവിധായകൻ എം എം കീരവാണി എന്നിവരും പങ്കെടുത്തു. ചലച്ചിത്രരംഗത്ത് നാൽപ്പത് വർഷം പൂർത്തിയാക്കിയ സംവിധായകൻ പി.വാസുവിനെയും ലൈക്ക പ്രൊഡക്ഷൻസ് എംഡി സുഭാസ്‌കരൻ അനുമോദിച്ചു. ചിത്രം സെപ്റ്റംബർ 15 വിനായക ചതുർത്ഥി ദിനത്തിൽ തീയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

logo
The Fourth
www.thefourthnews.in