'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ'- അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ പറഞ്ഞ് 'എമര്‍ജന്‍സി' ടീസര്‍

'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ'- അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ പറഞ്ഞ് 'എമര്‍ജന്‍സി' ടീസര്‍

കങ്കണ റണാവത്ത് തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിയായി എത്തുന്നത്

ഹിന്ദി സിനിമ ലോകത്തേയ്ക്ക് മറ്റൊരു ബയോപിക്കുമായി എത്തുകയാണ് കങ്കണ റണാവത്ത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെയും 1975ലെ അടിയന്തരാവസ്ഥ കാലത്തെയും ആസ്പദമാക്കി ഒരുക്കുന്ന 'എമര്‍ജന്‍സിയില്‍ ഇന്ദിര ഗാന്ധിയായി എത്തുന്നത് കങ്കണ തന്നെയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജിലൂടെ സിനിമയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് താരം.

'സംരക്ഷകയോ സ്വേച്ഛാധിപതിയോ? നമ്മുടെ രാഷ്ട്രത്തിന്റെ നേതാവ് തന്നെ സ്വന്തം ജനങ്ങള്‍ക്ക് മേല്‍ യുദ്ധം പ്രഖ്യാപിച്ചപ്പോഴുണ്ടായ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിന് സാക്ഷിയാകാം. എമര്‍ജൻസി ലോകമെമ്പാടും നവംബര്‍ 24ന് റിലീസിനെത്തും എന്ന അടിക്കുറിപ്പോടെയാണ് കങ്കണാ ടീസര്‍ പങ്കുവച്ചത്.

ജൂണ്‍ 25, 1975 എന്ന പോസ്റ്ററോടെയാണ് എമര്‍ജന്‍സിയുടെ ടീസര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് തെരുവില്‍ പ്രക്ഷോഭങ്ങളും പത്ര കുറിപ്പുകളും കാണാം. ഒരു പത്രകുറിപ്പില്‍ 'അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു' എന്ന് കാണിക്കുന്നിടത്ത് നിന്നാണ് ടീസര്‍ സിനിമയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.

ടീസറില്‍ അന്നത്തെ പ്രതിപക്ഷ ജനതാ പാര്‍ട്ടിയുടെ നേതാവായിരുന്ന ജയ പ്രകാശ് നാരായണ്‍ ആയി അനുപം ഖേറിനെ കാണാം. 'ഇത് നമ്മുടെ മരണമല്ല, രാജ്യത്തിന്റെ മരണം' എന്നാണ് അനുപമിന്റെ കഥാപാത്രം അടിയന്തരാവസ്ഥയെ കുറിച്ച് പറയുന്നത്. പിന്നീട് ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ ടീസറില്‍ കങ്കണയെയും കാണാം.

ഈ ജനുവരിയില്‍ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സാമൂഹ്യമാധ്യമത്തില്‍ പങ്ക് വച്ച ഒരു നീണ്ട കുറിപ്പില്‍ സിനിമ നിര്‍മ്മിക്കുന്നതിനായി തന്റെ എല്ലാ സ്വത്തുക്കളും പണയപ്പെടുത്തിയതായി കങ്കണ എഴുതിയിരുന്നു.

'ഇന്ന് ഒരു അഭിനേത്രിയെന്ന നിലയില്‍ ഞാന്‍ എമർജൻസി അവസാനിപ്പിക്കുമ്പോള്‍... എന്റെ ജീവിതത്തിലെ മഹത്തായ ഒരു ഘട്ടം അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുകയാണ്... ഞാന്‍ ആ ഘട്ടത്തിലൂടെ സുഖമായി സഞ്ചരിച്ചതായി തോന്നാം, പക്ഷേ സത്യം അതില്‍ നിന്ന് വിദൂരമാണ്...

എന്റെ എല്ലാ സ്വത്തുക്കളും എന്റെ ഉടമസ്ഥതയിലുള്ള എല്ലാ വസ്തുക്കളും പണയപ്പെടുത്തിയത് മുതല്‍, ആദ്യ ഷെഡ്യൂളില്‍ ഡെങ്കിപ്പനി രോഗനിര്‍ണയം നടത്തുകയും രക്താണുക്കളുടെ എണ്ണം അപകടകരമാംവിധം കുറയുകയും ചെയ്തിട്ടും സിനിമ ചിത്രീകരിക്കേണ്ടിവന്നതും വരെ, ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ കഥാപാത്രം കഠിനമായി പരീക്ഷണത്തിലൂടെയാണ് കടന്നുപോയത്...

ഞാന്‍ എന്റെ വികാരങ്ങളെ കുറിച്ച് സാമൂഹ്യ മാധ്യമത്തില്‍ വളരെ തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ ഞാന്‍ ഇതൊന്നും പങ്ക് വച്ചിരുന്നില്ല. കാരണമെന്തെന്നാല്‍, എന്റെ വീഴ്ച കാണാന്‍ ആഗ്രഹിക്കുന്ന എന്നെ കഷ്ടപ്പെടുത്താന്‍ എല്ലാം ചെയ്യുന്ന ആളുകള്‍ക്ക്, എന്റെ വേദനയുടെ സുഖം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.

കങ്കണ റണാവത്ത് തന്നെ തിരക്കഥ രചിച്ച് സംവിധാനവും നിര്‍മ്മാണവും ചെയ്യുന്ന ചിത്രമാണ് എമര്‍ജെന്‍സി. മലയാളി താരം വിശാഖ് നായരാണ് ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്. മിലിന്ദ് സോമന്‍, മഹിമ ചൗധരി, അന്തരിച്ച സതീഷ് കൗശിക്, ശ്രേയസ് തല്‍പാഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in