ജയലളിതയ്ക്ക് ശേഷം ഇന്ദിര; ആരാധകരെ അദ്ഭുതപ്പെടുത്തി കങ്കണയുടെ ഇന്ദിര ലുക്ക്
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി കങ്കണ റണാവത്ത് ഒരുക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും കങ്കണ സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടു. ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലഘട്ടവും, 1975ലെ അടിയന്തരാവസ്ഥയുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. ടീസറില്‍ കങ്കണയ്ക്ക് ഇന്ദിരയുമായി അസാമാന്യ രൂപസാദൃശ്യം ആണെന്നാണ് ആരാധകരുടെ അഭിപ്രായം.
വേഷപ്പകർച്ചകളിലൂടെ കാണികളെ കയ്യിലെടുക്കാന്‍ കഴിവുള്ള നടിയാണ് കങ്കണ. നാല് തവണ ദേശീയ പുരസ്കാരം നേടിയ താരം ഇതിന് മുന്‍പും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2021ല്‍ ഇറങ്ങിയ തലൈവി എന്ന ചിത്രത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായി കങ്കണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും ശക്തയായ പ്രധാനമന്ത്രിയായി എത്തുകയാണ് കങ്കണ. ഇന്ത്യയിലെ ഏക വനിത പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി. അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിപദം അലങ്കരിച്ച രണ്ടാമത്തെ വ്യക്തികൂടിയാണ് ഇന്ദിര. 1966 തുടങ്ങി 1977 വരെയും, പിന്നീട് 1980 മുതല്‍ 1984ല്‍ കൊല്ലപ്പെടുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.
കങ്കണയുടെ ലുക്കിന് പിന്നില്‍
ഓസ്കാര്‍ ജേതാവായ ഡേവിഡ് മാലിനോവ്സ്കിയാണ് കങ്കണയുടെ ഈ വേഷപ്പകർച്ചയ്ക്ക് പിന്നില്‍ . ചിത്രത്തിലെ ലുക്കിനെ പറ്റി കങ്കണയും ഡേവിഡും തമ്മില്‍ പല റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ലണ്ടനില്‍ നിന്ന് എത്തിയ സംഘം സ്ക്രീന്‍ ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഫൈനല്‍ ലുക്ക് തീരുമാനിച്ചത്. താടിയെല്ലിന്റെ ആകൃതിയും ചര്‍മഘടനയും ഉള്‍പ്പടെ കങ്കണയ്ക്ക് ഇന്ദിരയുമായി സാമ്യമുള്ളത് രൂപമാറ്റത്തെ വലിയ രീതിയില്‍ സഹായിച്ചു.
ബ്രിട്ടീഷ് മേക്കപ്പ് ആർട്ടിസ്റ്റായ മാലിനോവ്സ്കി സ്പെഷ്യല്‍ ഇഫക്റ്റ് മേക്കപ്പിലാണ് ഏറെ പ്രശസ്തി നേടിയത്. 1996ല്‍ കരിയര്‍ ആരംഭിച്ച ഡേവിഡ് പത്തുകൊല്ലത്തോളം ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തില്‍ ജോലി ചെയ്തു. 2017ല്‍ ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിന് അദ്ദേഹം 2018ല്‍ ഓസ്കാറും ബാഫ്റ്റയും കരസ്ഥമാക്കി . വേള്‍ഡ് വാര്‍ ഇസഡ്, ദ ബാറ്റ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മാലിനോവ്സ്കി ടെലിവിഷന്‍-സിനിമാ ലോകത്തെ മുന്‍നിര മേക്കപ്പ്മാന്‍മാരില്‍ ഒരാളായി.
2019ൽ ഇറങ്ങിയ മണികർണികക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിന്റെ കഥയും കങ്കണയുടേത് തന്നെയാണ്. റിതേഷ് ഷാ തിരക്കഥയെഴുതിയ ചിത്രം കങ്കണയും രേണു പിറ്റിയും ചേർന്നു നിർമിക്കുന്നു. തമിഴ് സംഗീത സംവിധായകനായ ജി.വി.പ്രകാശാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്.