'കാത്തിരുന്ന് കാത്തിരുന്ന്...'; കങ്കുവ മുതൽ 'വിടുതലൈ 2' വരെ, റിലീസ് വൈകുന്ന തമിഴ് ചിത്രങ്ങൾ

'കാത്തിരുന്ന് കാത്തിരുന്ന്...'; കങ്കുവ മുതൽ 'വിടുതലൈ 2' വരെ, റിലീസ് വൈകുന്ന തമിഴ് ചിത്രങ്ങൾ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തുന്നില്ല എന്നതാണ് ഇപ്പോൾ തമിഴ്‌സിനിമ പ്രേമികളുടെ സങ്കടം

കാത്തിരിപ്പിന്റെ സുഖത്തെ പറ്റി ചാർളി സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്നാൽ കാത്തിരിപ്പിന് അത്ര സുഖമില്ലെന്നാണ് തമിഴ് സിനിമ പ്രേമികൾ പറയുന്നത്. റീ റിലീസ് ചിത്രങ്ങൾ തിയേറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ പുതിയ ചിത്രങ്ങളിൽ പലതും ബോക്‌സോഫീസിൽ പരാജയമാവുകയാണ്. എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തുന്നില്ല എന്നതാണ് ഇപ്പോൾ തമിഴ്‌സിനിമ പ്രേമികളുടെ സങ്കടം. സുര്യ നായകനാവുന്ന കങ്കുവ മുതൽ വിക്രത്തിന്റെ തങ്കലാനും സൂരിയുടെ വിടുതലൈയുമെല്ലാം ഈ ലിസ്റ്റിലുണ്ട്. ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

കങ്കുവ
കങ്കുവ

'കങ്കുവ'

സൂര്യ നായകനായ 'കങ്കുവ' ഒരു വർഷത്തിലേറെയായി നിർമാണത്തിലിരിക്കുന്ന ചിത്രമാണ്. ചിത്രീകരണം പൂർത്തിയായ കങ്കുവയുടെ വിഎഫ്എക്‌സ് വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആക്ഷമയോടെ കാത്തിരിക്കുകയാണെങ്കിലും എന്നായിരിക്കും കങ്കുവയുടെ റിലീസ് എന്ന് നിർമാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പീരീഡ് ഫാന്റസി ചിത്രമാണെന്നാണ് സൂചന. ഈ വർഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്‌തേക്കും.

'തങ്കലാൻ'

ചിയാൻ വിക്രത്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാനും റിലീസ് നീണ്ടുപോകുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ പ്രസിദ്ധമായ കോലാർ സ്വർണഖനിയുമായി ബന്ധപ്പെട്ടിരിക്കുന്ന തങ്കലാൻ 1870 മുതൽ 1940 വരെയുള്ള കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മാളവിക മോഹൻ, പാർവതി തിരുവോത്ത്, പശുപതു, ഡാനിയൽ കാൽട്രോജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോളോ റിലീസിന് വേണ്ടിയാണ് നിർമാതാക്കൾ കാത്തിരിക്കുന്നത്.

'വിടുതലൈ 2'

സൂരി നായകനാവുന്ന വിടുതലൈയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതുവരെ പൂർത്തിയായിട്ടില്ല. കൊല്ലപ്പെട്ട വനകൊള്ളക്കാരൻ വീരപ്പന്റെ ജീവിതവുമായി സാമ്യമുള്ള ചിത്രം കൂടിയാണ് വിടുതലൈ. ചിത്രം സെപ്തംബറിൽ റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'വിടാമുയർച്ചി'

അജിത്ത് നായകനാവുന്ന വിടാമുയർച്ചിയാണ് ലിസ്റ്റിൽ അടുത്ത്ത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം 2023 മേയിൽ ചിത്രീകരണം ആരംഭിച്ചതാണ്. എന്നാൽ ഇതുവരെ ചിത്രീകരണം പൂർത്തിയാക്കാൻ സംവിധായകന് സാധിച്ചിട്ടില്ല. വിദേശ ലൊക്കേഷനുകളിൽ അടക്കം ചിത്രീകരണം ബാക്കിയുണ്ട്.

'അമരൻ'

ശിവകാർത്തികേയനെ നായകനാക്കി ദേപെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രനമാണ് അമരൻ. മലയാളി സൈനീകനായ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കമൽഹാസനാണ്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിന്‌ഖെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് റിലീസ് മാറ്റുകയായിരുന്നു.

logo
The Fourth
www.thefourthnews.in