"കാസർഗോഡ് കുറെ നെഗറ്റീവ് സഹിച്ചതാണ്, ഇത് ഞങ്ങളെ ഒരുതരത്തിലും ബാധിക്കില്ല" സെന്ന ഹെഗ്ഡെ

"കാസർഗോഡ് കുറെ നെഗറ്റീവ് സഹിച്ചതാണ്, ഇത് ഞങ്ങളെ ഒരുതരത്തിലും ബാധിക്കില്ല" സെന്ന ഹെഗ്ഡെ

അടുത്ത സിനിമ കാസർഗോഡ് നിന്നും ആകാനുള്ള സാധ്യതയാണ് കൂടുതൽ. ഇപ്പോ ഉണ്ടായിരിക്കുന്ന സംഭവം കാസർഗോഡ് നിന്നും ചിത്രം ഷൂട്ട് ചെയ്യാനുള്ള വലിയ കാരണമായിട്ടുണ്ട്

മലയാള സിനിമയുടെ കാസര്‍ഗോഡ് ബന്ധം സംബന്ധിച്ച് നിര്‍മാതാവ് എം രഞ്ജിത്ത് നടത്തിയ പ്രസ്താവന ഒരു നാടിനെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നതായിരുന്നെന്ന് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ. രഞ്ജിത്തിന്റെ വാക്കുകള്‍ ആളുകളെ വിഷമിപ്പിക്കുന്നതാണ്, കാര്യങ്ങള്‍ കൃത്യമായി പറയേണ്ടിയിരുന്നു എന്നും സെന്ന ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ഏത് ചിത്രത്തിലാണ് പ്രശ്‌നം എന്ന് വ്യക്തമായി പറയണം. കഴിഞ്ഞ മൂന്ന് കൊല്ലമായി കാസര്‍ഗോഡ് വച്ച് നിരവധി സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്, ഞാന്‍ മൂന്ന് ചിത്രം ചെയ്തു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രണ്ടെണ്ണം ചെയ്തു ഇപ്പോഴും കാസര്‍ഗോഡ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്നുണ്ട്.

രഞ്ജിത്തിന്റെ വാക്കുകള്‍ തീര്‍ച്ചയായും ആളുകളെ വിഷമിപ്പിക്കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുപാട് നെഗറ്റീവ് സഹിച്ച പ്രദേശമാണ് കാസര്‍ഗോഡ്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ഒരുതരത്തിലും ഈ നാടിനെ ബാധിക്കില്ല. പറഞ്ഞതിനെ ഞങ്ങള്‍ എതിര്‍ത്തു അല്ലാതെ ഒന്നുമില്ല. തെറ്റ് മനസിലാക്കിയതിനാലാണ് രഞ്ജിത്ത് പ്രസ്താവന തിരുത്താന്‍ തയ്യാറായത് എന്ന് മനസിലാക്കുന്നതായും സെന്ന ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. കാസര്‍ഗോഡ് സിനിമ ചിത്രീകരിക്കുന്നതിന്റെയും പുതിയ ചിത്രമായ പദ്മിനിയുടെ വിശേഷങ്ങളും സെന്ന ദ ഫോര്‍ത്തുമായി പങ്കുവയ്ച്ചു.

Q

നിർമാതാവായ എം രഞ്ജിത്ത് അടുത്ത്‌ നടത്തിയ ലഹരി മരുന്ന് പ്രസ്താവനയോട് എന്താണ് പ്രതികരണം?

A

രഞ്ജിത് അങ്ങനെ പറഞ്ഞത് തെറ്റാണ്, പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ രഞ്ജിത്ത് അത് തിരുത്താൻ തയ്യാറായത്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങൾക്ക് അത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ എതിർപ്പ് രേഖപ്പെടുത്തി. തെറ്റ് പറ്റിയതായി അംഗീകരിച്ചപ്പോൾ അത് അവിടെ തീർന്നു.

Q

കാസർഗോഡ് നിന്നും ചിത്രീകരിച്ച ചിത്രങ്ങൾ നോക്കിയാൽ അതിൽ അഭിനേതാക്കളായി ധാരാളം കാസർഗോഡുകാർ ഉണ്ട് അവരെ കൂടെ വിഷമത്തിലാക്കുന്ന തരത്തിലുള്ളതല്ലേ ഇത്തരം പ്രസ്താവനകൾ?

A

അദ്ദേഹത്തിന്റെ വാക്കുകൾ തീർച്ചയായും ആളുകളെ വിഷമിപ്പിക്കുന്നതാണ്. കാര്യം കൃത്യമായി പറയുന്നതിന് പകരം ഒരു നാടിനെ പൂർണമായി കുറ്റപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കഴിഞ്ഞ മൂന്ന് കൊല്ലമായി കാസർഗോഡ് വച്ച്‌ നിരവധി സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്, ഞാൻ മൂന്ന് ചിത്രം ചെയ്തു. രതീഷ് ബാലകൃഷ്ണ പൊതുവാൾ രണ്ടെണ്ണം ചെയ്തു. ഇപ്പോഴും കാസർഗോഡ് ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നുണ്ട് അപ്പോൾ ഏത് ചിത്രത്തിലാണ് പ്രശ്നം എന്ന് അദ്ദേഹം വ്യക്തമായി പറയണമായിരുന്നു.

Q

ഈ പ്രസ്താവന കാസർഗോഡിൽ നിന്നും വരുന്ന ചിത്രങ്ങളെ നെഗറ്റീവ് ആയി ബാധിക്കുമോ?

A

ഒരിക്കലുമില്ല, കാസർഗോഡ് കുറെ നെഗറ്റീവ് സഹിച്ചതാണ് ഇത് ഞങ്ങളെ ഒരുതരത്തിലും ബാധിക്കില്ല, അദ്ദേഹം പറഞ്ഞതിനെ ഞങ്ങൾ എതിർത്തു അല്ലാതെ ഒന്നുമില്ല. ഇപ്പോൾ സ്വയം ചിത്രങ്ങൾ ചെയ്യാൻ കാസർഗോഡിന് സാധിക്കുന്നുണ്ട്.

Q

സെന്ന കൂടുതലായും കാസർഗോഡ് പശ്ചാത്തലത്തിൽ സിനിമകൾ ചെയ്യാനുള്ള കാരണം എന്താണ്?

A

ഞാനൊരു കാസർഗോട്ടുകാരനാണ് സ്വന്തം വീടിന്റെ അടുത്ത് തന്നെ ജോലി ചെയ്യാൻ പറ്റുന്നതിലും സുഖമുള്ള കാര്യമുണ്ടോ അതാണ് പ്രധാന കാരണം. പിന്നെ സ്വന്തം നാട്ടിലെ ഭാഷയും കാര്യങ്ങളുമൊക്കെ വച്ച്‌ ചിന്തിക്കാനും സിനിമ ചെയ്യാനുമാണ് എളുപ്പം. പക്ഷെ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്ന പദ്മിനിയുടെ ചിത്രീകരണം മുഴുവൻ പാലക്കാടിലായിരുന്നു .

Q

പദ്മിനിയിലേക്ക് വരികയാണെങ്കിൽ മുൻപുള്ള ചിത്രങ്ങളിലെ കഥ സെന്നയുടേത് തന്നെ ആയിരുന്നു. ഇതിൽ ദീപു പ്രദീപാണ് രചന. എന്താണ് സെന്നയെ പദ്മിനി ചെയ്യാൻ പ്രേരിപ്പിച്ചത്?

A

പദ്മിനിയുടെ നിർമാതാക്കളും ദീപുവുമാണ് ഇങ്ങനൊരു സ്ക്രിപ്റ്റുണ്ട് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്. ദീപുവിനെ എനിക്ക് നേരത്തെ അറിയാം എന്റെ നല്ല സുഹൃത്താണ് ദീപു. ഞങ്ങൾ സംസാരിച്ചപ്പോഴെല്ലാം രണ്ട് പേർക്കും പരസ്പരം നല്ല ബഹുമാനമുള്ളതായും തോന്നി പിന്നെ സ്ക്രിപ്റ്റ് വായിച്ചപ്പോഴാണെങ്കിലും താല്പര്യം തോന്നി. ഒരു കഥ റെഡി ആയിട്ട് വരുമ്പോൾ ജോലി അത്രയും എളുപ്പമാണ്, സിനിമയുടെ പകുതി ജോലി അവിടെ കഴിഞ്ഞു. പദ്മിനിയിൽ പിന്നീട് ഞങ്ങൾ ഇരുന്ന് ചില മാറ്റങ്ങൾ വരുത്തി. പക്ഷെ മുഴുവനായും പദ്മിനി ദീപുവിന്റെ കഥയും ഐഡിയയും ആണ്. ഞാൻ അത് സംവിധാനം ചെയ്യുന്നു എന്ന് മാത്രം.

Q

സെന്ന ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നും മാറി, കുറേക്കൂടി ഒരു കൊമേർഷ്യൽ ടൈപ്പ് ചിത്രമാണല്ലോ പദ്മിനി അതിന്റെ ഒരു അനുഭവം?

A

തിങ്കളാഴ്ച നിശ്ചയവും ഒരു കൊമേർഷ്യൽ ചിത്രമായിരുന്നു അതിലെ നടീനടന്മാരെ അധികം അറിയാത്തത്കൊണ്ടാണ് കാര്യമായി അങ്ങനെ തോന്നാതിരുന്നത്. ഞാൻ അങ്ങനെ ഒരു കൊമേർഷ്യൽ രീതിയിൽ നോക്കാറില്ല ഒരിക്കലും, ഒരു നല്ല ഐഡിയ സ്‌ക്രീനിൽ കൊണ്ട് വരാൻ സാധിക്കുമെന്ന് തോന്നിയാൽ ഞാൻ ആ പ്രൊജക്റ്റ് ചെയ്യും. കൊമേർഷ്യൽ നോൺ കൊമേർഷ്യൽ എന്ന വ്യത്യാസമൊന്നും എനിക്കില്ല. പദ്മിനി ഞാൻ പറഞ്ഞത് പോലെ നല്ലൊരു സ്ക്രിപ്റ്റ് ആണ്, കോമഡി ചിത്രമാണിത്.

Q

മുൻപുള്ള ചിത്രങ്ങളിൽ നിന്നും പദ്മിനിയിൽ വരുമ്പോ ആളുകൾ കൂടുതലായി അറിയുന്ന താരങ്ങളാണ് സ്‌ക്രീനിൽ അവരോടൊപ്പം, പ്രത്യേകിച്ച് ചാക്കോച്ചനോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം?

A

ഗംഭീര അനുഭവമായിരുന്നു. ഞാൻ വർക്ക് ചെയ്തതിലും കണ്ടതിലും വച്ച്‌ നല്ലൊരു വ്യക്തിയാണ് ചാക്കോച്ചൻ. ഞാൻ എന്റെ ജോലി കൃത്യമായി ചെയ്‌താൽ പിന്നെ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ലാലോ. എല്ലാവരുടെയും കൂടെ നന്നായി വർക്ക് ചെയ്യാൻ പറ്റി, ചാക്കോച്ചൻ, അപർണ, മഡോണ, വിൻസി, ആനന്ദ്, സജിൻ എല്ലാവരുമായി നല്ല അനുഭവമായിരുന്നു. പിന്നെ ടെക്‌നിക്കൽ സൈഡിൽ ഞാൻ നേരത്തെ ജോലി ചെയ്‌തവർ തന്നെയായിരുന്നു.

Q

പദ്മിനിയിൽ കാസർഗോഡ് വരുന്നുണ്ടോ?

A

കഥയിൽ കാസർഗോഡുമായി ഒരു ബന്ധവും പദ്മിനിയ്ക്കില്ല. പ്രീ പ്രൊഡക്ഷൻ എല്ലാം കാസർഗോഡ് തന്നെയായിരുന്നു, ഷൂട്ട് പാലക്കാട്, പിന്നെ പോസ്റ്റ് പ്രൊഡക്ഷൻ കുറച്ച്‌ കാസർഗോഡായിരുന്നു ഇപ്പോൾ ചിത്രത്തിന്റെ അവസാന വട്ട പോസ്റ്റ് പ്രൊഡക്ഷൻ പണികൾ കൊച്ചിയിലും. ഇതിന് വേണ്ടിയിരുന്നത് ഒരു പ്രത്യേക ലാൻഡ്സ്‌കേപ്പ് ആയിരുന്നു അത് പാലക്കാട് ആണ് കിട്ടിയത്. കാസർഗോഡ് കിട്ടിയെങ്കിൽ അത് അവിടെ പ്ലേസ് ചെയ്യാമായിരുന്നു. പിന്നെ പദ്മിനിക്കൊരു ന്യൂട്രൽ മലയാളം സ്ക്രിപ്റ്റ് ആണ് ദീപു എഴുതിയത്. പ്രത്യേകം സ്ലാങ്ങൊന്നുമില്ലായിരുന്നു.

Q

എന്നത്തേക്ക് പദ്മിനി തീയറ്ററിലെത്തും?

A

അടുത്ത് തന്നെ ഉണ്ടാകും. ഒന്ന് രണ്ട് മാസത്തിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പൊ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന സ്റ്റേജിലാണ്.അത് പൂർത്തിയായ ശേഷം പ്രൊഡ്യൂസേഴ്‌സിന്റെ തീരുമാനം അനുസരിച്ചാകും തീയതി നിശ്ചയിക്കുക.

Q

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം വന്ന ചിത്രമായിരുന്നു. 1744 വൈറ്റ് ആൾട്ടോ അതൊരു പരീക്ഷണ ചിത്രമായിരുന്നു. അതിന്റെ തീയറ്റർ റെസ്പോൺസ് മോശമായിരുന്നല്ലോ, ഇനി അത്തരം പരീക്ഷണങ്ങൾ താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുമോ?

A

ഏത് പടം ക്ലിക്കാകും ഏത് ക്ലിക്കാകില്ല എന്ന് അറിയുമെങ്കിൽ നമ്മുടെ പടം എല്ലാം ക്ലിക്കാകില്ലേ? അത് നമുക്ക് അറിയില്ല. എനിക്കൊരു നല്ല വിഷയം കിട്ടി അതിന് സാധ്യത ഉണ്ടെന്ന് മനസ്സിലായി, അത് എനിക്ക് ചെയ്യാൻ ആകുമെന്ന് മനസ്സിലായാൽ ആ പ്രൊജക്റ്റ് ഞാൻ മുന്നിലോട്ട് കൊണ്ട് വരും. ഇതുവരെയും അങ്ങനെയാണ് ഞാൻ സിനിമയെ സമീപിച്ചത് ഇനിയും അങ്ങനെ തന്നെയാകും.

Q

ഒ ടി ടി യിൽ എന്നേക്ക് നമുക്ക് വൈറ്റ് ആൾട്ടോ പ്രതീക്ഷിക്കാനാകും?

A

1744 വൈറ്റ് ആൾട്ടോ നിലവിൽ റോട്ടർഡാം ചലച്ചിത്ര മേളക്ക് പോയി. ഇനിയും ഈ വർഷം രണ്ട് മൂന്ന് ഫെസ്റ്റിൽവലുകളിൽ പങ്കെടുക്കുന്നുണ്ട്. അതിന്റെ കൂടെത്തന്നെ ഒ ടി ടി റിലീസ് ആകാനാണ് സാധ്യത. നിർമാതാക്കൾ അതിന്റെ കാര്യങ്ങൾ നോക്കി വരുന്നുണ്ട്.

Q

അടുത്ത പ്രൊജക്റ്റ് ഏതാണ്?

A

മനസ്സിൽ ഒരു പ്രൊജക്റ്റ് ഉണ്ട്, സ്റ്റോറി ലൈൻ ഒക്കെ കുറച്ച് ആയിട്ടുണ്ട്. പദ്മിനിക്ക് ശേഷം അതിലേക്ക് കൂടുതലായി കടക്കാനാണ് കരുതുന്നത്. അതിന് ശേഷം ദീപുവുമായി ഒരു ചിത്രം കൂടി ചെയ്യും. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ചെയ്യാമെന്നാണ് കരുതുന്നത്. നിലവിൽ ഈ രണ്ട് ചിത്രങ്ങൾ മാത്രമാണുള്ളത്.

Q

അടുത്ത ചിത്രം കാസർഗോഡ് പാശ്ചാത്തലത്തിലായിരിക്കുമോ ഒരുക്കുക?

A

അടുത്ത സിനിമ കാസർഗോഡ് നിന്നും ആകാനുള്ള സാധ്യതയാണ് കൂടുതൽ. ഇപ്പോ ഉണ്ടായിരിക്കുന്ന സംഭവം കാസർഗോഡ് നിന്നും ചിത്രം ഷൂട്ട് ചെയ്യാനുള്ള വലിയ കാരണമായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in