ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തിന്

ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തിന്

വെള്ളിയാഴ്ച രാത്രി വരെ 34,000 ഡോളറായിരുന്നു വസ്ത്രത്തിന്റെ ലേലത്തുക

ഹോളിവുഡ് ബ്രഹ്‌മാണ്ഡ ചിത്രം ടൈറ്റാനിക്കില്‍ കേറ്റ് വിന്‍സ്ലെറ്റ് ധരിച്ച ഓവർകോട്ട് ലേലത്തിന്. 2023 സെപ്റ്റംബര്‍ 13ന് ഓക്ഷന്‍ കമ്പനിയായ ഗോള്‍ഡിനാണ് വസ്ത്രം ഓണ്‍ലൈനില്‍ ലേലത്തിന് വയ്ക്കുക. വെള്ളിയാഴ്ച രാത്രി വരെ 34,000 ഡോളറായിരുന്നു വസ്ത്രത്തിന്റെ ലേലത്തുക.

വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഓവര്‍കോട്ട് രൂപകല്‍പന ചെയ്യ്തത്, ഡെബോറ ലിന്‍ സ്‌കോട്ടാണ്. ആ വര്‍ഷത്തെ മികച്ച വസത്രാലങ്കാരത്തിനുള്ള ഓസ്‌കറും ടൈറ്റാനിക്കിന് ഡെബോറ ലിന്‍ സ്‌കോട്ടിന് ലഭിക്കുകയുണ്ടായി. സ്‌കോട്ടിന്റെ രൂപകല്‍പനയെ അടിസ്ഥാനമാക്കി ജെ പീറ്റര്‍മാനാണ് കേറ്റിന്റെ കഥാപാത്രമായ റോസിന് വേണ്ടി പിങ്ക് ഓവര്‍കോട്ട് നിര്‍മ്മിച്ചത്. മനോഹരമായ കറുത്ത എംബ്രോയിഡറി വര്‍ക്കും ഓവർകോട്ടിൽ ചെയ്തിട്ടുണ്ട്.

സിനിമയിലെ അവസാന രംഗങ്ങളില്‍ റോസ് ധരിച്ചിരുന്നത് ഈ പിങ്ക് ഓവര്‍കോട്ടാണ്. സിനിമയിലെ ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രത്തെ രക്ഷിക്കുന്ന രംഗങ്ങളിലാണ് ഈ കോട്ട് കാണാന്‍ സാധിക്കുക. കപ്പലിലെ ജല കറകളും കോട്ടിന്റെ അകത്തും പുറത്തും പറ്റിപിടിച്ചിട്ടുണ്ടെന്ന് ഓക്ഷൻ ഹൗസ് പറയുന്നു. പഴയ കാലത്തെ ഫാഷനെ സൂചിപ്പിക്കുന്ന കറുത്ത നിറത്തിലുള്ള ഫ്‌ളോറല്‍ എംബ്രോയിഡറിയാണ് വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഓവര്‍ക്കോട്ടിന് ലേലത്തില്‍ ഒരു ലക്ഷം ഡോളറിലധികം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോള്‍ഡിന്‍ ഓക്ഷന്‍ ഹൗസിന്റെ സ്ഥാപകനും സി ഇ ഓയുമായ കെന്‍ ഗോള്‍ഡിന്‍ പറയുന്നു. സിനിമകളെ കുറിച്ചുള്ള ഓര്‍മകള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും, പോപ് സംസ്‌കാരവുമായി ബന്ധപ്പെട്ട ശേഖരണങ്ങള്‍ നടത്തുന്നവരും, ടൈറ്റാനിക്കിന്റെ ആരാധകരും ഓവര്‍കോട്ട് വാങ്ങിക്കുമെന്നാണ് ഗോള്‍ഡിന്റെ പറയുന്നത്. ടൈറ്റാനിക് എന്ന ഇതിഹാസ ചിത്രത്തിലെ വസ്ത്രമെന്ന പ്രത്യേകതയും കോട്ടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നാണ് ഓക്ഷന്‍ ഹൗസിന്റെ വിശ്വാസം.

ഒരു ലക്ഷം ഡോളറിന് മുകളില്‍ വസ്തുക്കള്‍ വില്‍പ്പന ചെയ്തിട്ടുള്ള കമ്പനിയാണ് ഗോള്‍ഡിന്‍ ഓക്ഷൻ ഹൗസ്. ഗോള്‍ഡിന്‍ 100 എന്ന് വിളിക്കപ്പെടുന്ന ഈ ലേലത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള മറ്റ് വസ്തുക്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in