'മനസിൽ ഒരു ആഗ്രഹമേ
ഉണ്ടായിരുന്നുള്ളൂ'; ഓസ്കർ എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു: കീരവാണി

'മനസിൽ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ'; ഓസ്കർ എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു: കീരവാണി

മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ നാട്ടു നാട്ടുവിന് ഓസ്കർ ലഭിച്ചപ്പോൾ കീരവാണി നന്ദിയറിയിച്ചത് ഒരു പാട്ടിലൂടെയാണ്

പുരസ്കാരത്തോളം പ്രധാനപ്പെട്ടതാണ് ഓസ്കർ വേദിയിൽ പറയുന്ന ഓരോ വാക്കുകളും , ആർ ആർ ആറും നാട്ടു നാട്ടുവും ഓസ്കറിൽ ഇന്ത്യൻ യശസ്സുയർത്തിയപ്പോൾ കീരവാണി നന്ദി രേഖപ്പെടുത്തിയത് വാക്കുകളിലൂടെയായിരുന്നില്ല മറിച്ച് ഒരു ഗാനത്തിലൂടെയായിരുന്നു, പ്രശസ്ത അമേരിക്കൻ ഗായകരായ കാർപെന്റേഴ്സിന്റെ ടോപ് ഓഫ് ദ വേൾഡ് (Top of the World) എന്ന ഗാനത്തിന്റെ വരികളാണ് അദ്ദേഹം ഉദ്ധരിച്ചത്. 'There was only one wish on my mind' ) എന്റെ മനസ്സിൽ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, അതുതന്നെയായിരുന്നു രാജമൗലി ഉൾപ്പെട്ട എന്റെ കുടുംബത്തിന്റെയും ആഗ്രഹം. ആർ ആർ ആർ വിജയിക്കണം. ഓസ്കർ എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. അത് ഓരോ ഭാരതീയന്റെയും അഭിമാനമാണെന്നും കീരവാണി പറഞ്ഞുവച്ചു

മുൻപ് റസൂൽ പൂക്കുട്ടിയുടെ ഓസ്കർ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദത്തിലാവുകയും ചെയ്തിരുന്നു. ഓം എന്ന വാക്ക് ലോകത്തിന് നൽകിയ രാജ്യത്ത് നിന്നാണ് ഞാൻ വരുന്നതെന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ പരാമർശം . ഇതിനെതിരെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

എം എം കീരവാണിയുടെ സംഗീതത്തിൽ ഒരുങ്ങിയ നാട്ടു നാട്ടുവിന്റെ വരികൾ രചിച്ചത് ചന്ദ്രബോസാണ്. കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവരുടെ ആലാപനവും രാംചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു നാട്ടു നാട്ടു.

മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നാട്ടു നാട്ടുവിന് ലഭിച്ചിരുന്നു. തുടർന്ന് 28ാമത് ക്രിട്ടിക്സ് ചോയ്സ് പുരസ്കാര വേദിയിലും ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡിലും ആർആർആർ നേട്ടം കൊയ്തു.

1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ രാം ചരണ്‍ സ്വാതന്ത്ര്യസമര സേനാനിയായ കൊമരം ഭീം ആയും ജൂനിയർ എൻടിആർ അല്ലൂരി സീതാരാമരാജുവായുമാണ് വേഷമിട്ടത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in