ആഗ്രഹിച്ച നേട്ടമെന്ന് വിൻസി, അംഗീകാരം ലഭിച്ചതിൽ സന്തോഷമെന്ന് കുഞ്ചാക്കോ ബോബൻ

ആഗ്രഹിച്ച നേട്ടമെന്ന് വിൻസി, അംഗീകാരം ലഭിച്ചതിൽ സന്തോഷമെന്ന് കുഞ്ചാക്കോ ബോബൻ

ഇത്തവണത്തെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബനും അലൻസിയറും പങ്കിടുകയായിരുന്നു

2022 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡിന് അർഹരായ താരങ്ങളും സന്തോഷം പങ്കുവച്ച് പ്രതികരിച്ചു. വിവാദങ്ങളുണ്ടായെങ്കിലും അതിന്റെയെല്ലാം യാഥാര്‍ഥ്യം മനസ്സിലാക്കി സിനിമ കണ്ട പ്രബുദ്ധരായ പ്രേക്ഷക സമൂഹത്തിനോട് നന്ദി പറയുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വിന്‍സിയും പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കുവച്ചു.

അപ്രതീക്ഷിത നേട്ടമല്ല ആഗ്രഹിച്ച നേട്ടം തന്നെയാണിതെന്നും നടി പ്രതികരിച്ചു.

''കഴിഞ്ഞ വര്‍ഷം മലയാള സിനിമാ മേഖലയില്‍ കലാമൂല്യമുളള ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ ഞാന്‍ അഭിനയിച്ച ന്നാ താന്‍ കേസ് കൊട് എന്ന സിനിമയും അംഗീകരിച്ചതില്‍ ഒരുപാട് സന്തോഷം,'' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രേഖ എന്ന സിനിമ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നോര്‍ത്ത് ഏറെ ആശങ്കപ്പെട്ടിരുന്നെന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച വിന്‍സി അലോഷ്യസ് പ്രതികരിച്ചു. '' അവാര്‍ഡ് ലഭിച്ചതോടെ എല്ലാവരും സിനിമയെപ്പറ്റി അറിഞ്ഞതില്‍ സന്തോഷമുണ്ട്. ലാല്‍ ജോസ് എന്ന സംവിധായകന്‍ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കൈപിടിച്ച് കയറ്റിയത് കൊണ്ട് മാത്രമാണ് ഇന്നിവിടെ അഭിമാനത്തോടെ നില്‍ക്കാനായത്,'' അപ്രതീക്ഷിത നേട്ടമല്ല ആഗ്രഹിച്ച നേട്ടം തന്നെയാണിതെന്നും നടി പ്രതികരിച്ചു.

അപ്പൻ സിനിമയിലെ അഭിനയത്തിന് ലഭിച്ച പ്രത്യേക ജൂറി അവാര്‍ഡ് സംവിധായകന്‍ മജുവിന് സമര്‍പ്പിക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍ പറഞ്ഞു. ഇട്ടി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ വലിയ പ്രയാസമൊന്നും തോന്നിയില്ല. കാരണം എന്റെയുള്ളില്‍ തന്നെ അങ്ങനെയൊരു വ്യക്തിയുണ്ട്- അലന്‍സിയര്‍ പറഞ്ഞു.

അവാര്‍ഡ് ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുവെന്ന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച എം ജയചന്ദ്രന്‍. ഗാനസംവിധാനത്തിനുള്ള ഒന്‍പതാമത്തെ പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തുന്നത്.

''ആയിഷയുടെ കമ്പോസിഷന്‍ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. അറബിക് സംവിധായകനും, നമ്മുടെ സംഗീതവും തമ്മിലുള്ള ഒരു ചേരുവയായിരുന്നു അത്. ഇന്ത്യന്‍ സംഗീതത്തില്‍ ഇത്തരത്തിലൊരു ശ്രമം ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് പോലും സംശയമാണ്. പത്തൊന്‍പതാം നൂറ്റാണ്ട് കമ്പോസ് ചെയ്യാന്‍ ഏകദേശം ഒരു മാസമെടുത്തു. മൂന്ന് മാസമെടുത്താന്‍ ഓര്‍ക്കസ്ട്ര ചെയ്തത്,'' എം ജയചന്ദ്രന്‍ പറഞ്ഞു.

പാട്ട് നാല് വരി പല്ലവി പാടി കഴിഞ്ഞപ്പോള്‍ എന്നെ കൊണ്ട് പറ്റില്ലെന്ന് തോന്നിയതാണ്

മൃദുല വാര്യര്‍

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ മൃദുല വാര്യര്‍.

''ഇത്രയും പ്രയാസമുള്ള ഗാനം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച എം ജയചന്ദ്രന്‍ സാറിനോടാണ് നന്ദി പറയാനുള്ളത്. പാട്ട് നാല് വരി പല്ലവി പാടി കഴിഞ്ഞപ്പോള്‍ എന്നെ കൊണ്ട് പറ്റില്ലെന്ന് തോന്നിയതാണ്. ജയചന്ദ്രന്‍ സാറാണ് അതിനുള്ള ധൈര്യം തന്നത്. നിനക്ക് വേണ്ടിയുള്ള പാട്ടാണ് ഇതെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു,'' മൃദുല വാര്യര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in