'ജവാനില്‍' ഗോരഖ്പൂര്‍ ദുരന്തം പ്രതിപാദിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന് കത്തെഴുതി ഡോ. കഫീല്‍ ഖാന്‍

'ജവാനില്‍' ഗോരഖ്പൂര്‍ ദുരന്തം പ്രതിപാദിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന് കത്തെഴുതി ഡോ. കഫീല്‍ ഖാന്‍

സമൂഹമാധ്യമമായ എക്‌സിൽ ഷാരൂഖ് ഖാനെയും ജവാന്റെ സംവിധായകൻ അറ്റ്ലിയെയും ഉൾപ്പെടെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കഫീൽ ഖാൻ തന്റെ കത്ത് പങ്കുവച്ചത്

ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജവാന്റെ ടീമംഗങ്ങൾക്ക് നന്ദി അറിയിച്ച് ഡോ. കഫീൽ ഖാൻ. സിനിമയിൽ ഉന്നയിക്കുന്ന ഒരു പ്രധാന വിഷയം തന്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതിന് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിൽ ഷാരൂഖ് ഖാനെയും ജവാന്റെ സംവിധായകൻ അറ്റ്ലിയെയും ഉൾപ്പെടെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കഫീൽ ഖാൻ തന്റെ കത്ത് പങ്കുവച്ചത്.

2017ൽ ഉത്തർ പ്രദേശ് ഗൊരഖ്‌പുരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജന്റെ ലഭ്യതക്കുറവ് മൂലം 63 പേർ മരിച്ച കേസിൽ കുറ്റാരോപിതനായ ഡോക്ടറായിരുന്നു കഫീൽ ഖാൻ. ഓക്സിജൻ ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും കഫീൽ ഖാൻ നടത്തിയിരുന്നെങ്കിലും കുട്ടികൾ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം ബാധിച്ച് മരിക്കുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശ് സർക്കാർ തന്റെ ചുമതലയിൽ അശ്രദ്ധ കാണിച്ചതിന് അദ്ദേഹത്തെ ജയിലിലടയ്ക്കുകയും സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ കഫീൽ ഖാനെ നിരന്തരം വേട്ടയാടുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാരുടെ അഴിമതിയും പര്യാപ്തമായ സൗകര്യങ്ങളുടെ അഭാവവും കാരണം സർക്കാർ ആശുപത്രിയിൽ നിരവധിപേർ മരിക്കുകയും അതിന്റെ ഉത്തരവാദിത്വം ഡോക്റ്റർക്ക് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന സീൻ ജവാനിലുണ്ട്. സന്യ മൽഹോത്രയാണ് ചിത്രത്തിൽ ഡോക്ടറുടെ വേഷം അഭിനയിച്ചിരിക്കുന്നത്. ഡോ. കഫീൽ ഖാന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് സിനിമയുടെ റിലീസിന് ശേഷം ഒരുപാട് പേർ അഭിപ്രായപ്പെട്ടിരുന്നു.

ഷാരൂഖ് ഖാന് നേരിട്ട് കത്തയച്ചെങ്കിലും അത് എത്തിച്ചേരാത്തതിനെ തുടർന്നാണ് എക്‌സിൽ പോസ്റ്റ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്. “നിർഭാഗ്യവശാൽ, @iamsrk സർ, നിങ്ങളുടെ ഇമെയിൽ വിലാസം ലഭിച്ചില്ല. തൽഫലമായി, ഞാൻ തപാൽ വഴി കത്ത് അയച്ചു. പക്ഷേ അത് വളരെ ദിവസങ്ങൾക്ക് ശേഷവും ട്രാൻസിറ്റിലാണെന്നാണ് കാണിക്കുന്നത്. അതുകൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു." കഫീൽ ഖാൻ കുറിച്ചു.

കഫീൽ ഖാന്റെ കത്ത്

"നിർണായകമായ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ സിനിമ ഉപയോഗിച്ച് സംബോധന ചെയ്യുന്നതിനുള്ള അസാധാരണ പ്രതിബദ്ധതയ്ക്ക് എന്റെ അഗാധമായ അഭിനന്ദനം അറിയിക്കാൻ നിർബന്ധിതനാണ്. ഗൊരഖ്പുരിൽ മസ്തിഷ്ക ജ്വരം ബാധിച്ചുണ്ടായ ദാരുണ സംഭവത്തിന്റെ ചിത്രീകരണം എന്റെ ഹൃദയത്തിൽ വലിയതോതിൽ സ്പർശിച്ചു. സംഭവവുമായും അതിന്റെ അനന്തരഫലങ്ങളുമായും വ്യക്തിപരമായ ബന്ധം പുലർത്തുന്ന ഒരാളെന്ന ആ രംഗം സിനിമയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം എന്നെ വലിയ നിലയിൽ സ്വാധീനിച്ചു.

ജവാൻ ഒരു സാങ്കൽപ്പിക സൃഷ്ടിയാണെങ്കിലും ഗൊരഖ്പൂർ ദുരന്തവുമായി അത് പുലർത്തുന്ന സാമ്യതയും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പരാജയത്തിന്റെയും നിസ്സംഗതയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നമ്മുടെ ആരോഗ്യമേഖലയെ അടിയന്തരമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നുണ്ട്. സന്യ മൽഹോത്ര അവതരിപ്പിച്ച ഈറം ഖാൻ എന്ന കഥാപാത്രത്തിന് ഞാനുമായി നേരിട്ട് സാമ്യതയൊന്നുമില്ലെങ്കിലും എന്റെ അവസ്ഥകളുടെ സംഗ്രഹണമാണത്. സിനിമയിൽ 'ഗോരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി'യുടെ യഥാർത്ഥ കുറ്റവാളിയെ പിടികൂടിയത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ജീവിതത്തിൽ യഥാർത്ഥ കുറ്റവാളികൾ അവർ സ്വതന്ത്രരായി വിഹരിക്കുകയാണ്. എന്റെ ജോലി തിരികെ ലഭിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുകയാണ്, ഒപ്പം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ആ 63 മാതാപിതാക്കളും നീതിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണ്"

logo
The Fourth
www.thefourthnews.in