തെറ്റ് തിരുത്തുക കടമയാണ്,
വേദനിപ്പിച്ചതില്‍ ദുഃഖമുണ്ട്; കാസർഗോഡ് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് രഞ്ജിത്

തെറ്റ് തിരുത്തുക കടമയാണ്, വേദനിപ്പിച്ചതില്‍ ദുഃഖമുണ്ട്; കാസർഗോഡ് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് രഞ്ജിത്

യുവതാരങ്ങളുടെ വിലക്കിനെ കുറിച്ചുള്ള അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രഞ്ജിത്തിന്റെ പരാമർശം

മലയാള സിനിമകള്‍ കാസര്‍ഗോഡേയ്ക്ക് ലോക്കേഷന്‍ മാറ്റുന്നത് മയക്കുമരുന്ന് എളുപ്പത്തില്‍ ലഭിക്കുന്നതിന് വേണ്ടിയാണെന്ന വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സിനിമാ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്ത്. പ്രസ്താവന അറിയാതെ പറഞ്ഞ് പോയതാണ്, അത് തന്റെ സുഹൃത്തുക്കളേയും അറിയാവുന്നവരേയും കാസര്‍ഗോഡുകാരെയും വേദിനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്നു, തെറ്റ് തിരുത്തല്‍ തന്റെ കടമയാണ്

പ്രസ്താവന കാസര്‍ഗോഡിനെയോ അവിടെയുള്ളവരെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങും അവിടെയാക്കുന്നുണ്ട് എന്നൊരു ആരോപണം അസോസിയേഷന്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു, അത് ഉള്ളില്‍ ഉണ്ടായിരുന്നതിനാല്‍ അറിയാതെ പറഞ്ഞ് പോയതാണെന്നും തനിക്കതില്‍ ദുഃഖമുണ്ടെന്നും രഞ്ജിത്ത് പറയുന്നു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് താന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ തന്റെ കടമയാണെന്നും വേദനിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും രഞ്ജിത്ത് അറിയിച്ചു.

സെറ്റില്‍ മോശമായി പെരുമാറിയതിന്റെ പേരില്‍ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും വിലക്ക് പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന. ലോക്കേഷന്‍ കാസര്‍ഗോഡ് ആണെങ്കില്‍ മംഗലാപുരത്ത് നിന്നും ബാംഗ്ലൂര്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവരാന്‍ എളുപ്പമാണെന്നും അതിന് വേണ്ടി സിനിമകളുടെ ലോക്കേഷന്‍ വരെ അങ്ങോട്ട് മാറ്റുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. രഞ്ജിത്തിന്റെ പരാമര്‍ശം വിവാദമായതോടെ കാസര്‍ഗോഡ് പശ്ചാത്തലമാക്കി സിനിമ ഒരുക്കിയവരും കാസര്‍ഗോഡുകാരായ സിനിമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധമറിയിച്ച് രംഗത്ത് എത്തി.

കാസര്‍കോഡേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും മദനോത്സവം എന്ന സിനിമയുടെ സംവിധായകന്‍ സുധീഷ് ഗോപിനാഥ് പറഞ്ഞിരുന്നു. സംവിധായകരായ സെന്ന ഹെഗ്ഡെ, രാജേഷ് മാധവൻ, തിരക്കഥാകൃത്തും കഥാകൃത്തുമായ പി.വി ഷാജികുമാർ തുടങ്ങിയവരും രഞ്ജിത് പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

logo
The Fourth
www.thefourthnews.in