സിനിമയിലേയും ജീവിതത്തിലേയും ബിഗ് ബ്രദറെന്ന് മോഹൻലാൽ; നിസ്സീമമായ വ്യഥയെന്ന് മമ്മൂട്ടി

സിനിമയിലേയും ജീവിതത്തിലേയും ബിഗ് ബ്രദറെന്ന് മോഹൻലാൽ; നിസ്സീമമായ വ്യഥയെന്ന് മമ്മൂട്ടി

ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം.

ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാ ലോകം. നിസ്സീമമായ വ്യഥ എന്നായിരുന്നു നടന്‍ മമ്മൂട്ടി സിദ്ധിഖിന്റെ മരണവാര്‍ത്തയോട് പ്രതികരിച്ചത്.

വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.... സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി

മമ്മൂട്ടി

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ തനിക്ക് ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ധിഖ് എന്ന് നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചു. സിദ്ധിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായാണ് സിദ്ധിഖ് ജീവിച്ചതെന്നും മോഹന്‍ലാല്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ കുറിപ്പ്

എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.

ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം എന്നായിരുന്നു നടനും എംഎല്‍എയുമായ മുകേഷ് സിദ്ധിഖിന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ചത്. മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാളാണ് സിദ്ധിഖ്. അദ്ദേഹത്തിന്റെ വിയോഗം നികത്താൻ ആവാത്ത നഷ്ടം തന്നെയാണെന്നും മുകേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുകേഷിന്റെ കുറിപ്പ് പൂര്‍ണ രൂപം-

സിദ്ദീഖ് വിട പറഞ്ഞു എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്...? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ,എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു.... വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്... ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം.. ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്....ആത്മമിത്രമേ ആദരാഞ്ജലികൾ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ ആയിരുന്നു സിദ്ധിഖ് മരണത്തിന് കീഴടങ്ങിയത്. ന്യുമോണിയയും കരള്‍ സംബന്ധമായ അസുഖവും മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തില്‍ എക്‌മോ സഹായത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

1986 ല്‍ പുറത്തിറങ്ങിയ ചിത്രം 'പപ്പന്‍ പ്രിയപ്പെട്ട പപ്പനി' ലൂടെയായിരുന്നു സിദ്ധിഖിന്റെ സിനിമാരംഗത്തെ ആദ്യ കടന്നു വരവ്. കൊച്ചിന്‍ കലാഭവന്റെ പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലൂടെ മിമിക്രി അവതരിപ്പിച്ചു നടന്ന കാലത്ത് സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടലാണ് സിദ്ധിഖിന്റെ കരിയര്‍ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഫാസിലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായാണ് സിദ്ധിഖ് സിനിമാ ജീവിതം തുടങ്ങിയത്.

സുഹൃത്ത് ലാലിനൊപ്പം ചേര്‍ന്ന് സിദ്ധിഖ്-ലാല്‍ എന്ന കുട്ടുകെട്ടില്‍ റാംജിറാവു സ്പീക്കിങ്ങിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ തുടര്‍ന്ന്‌ ഈ കൂട്ടുകെട്ടിന്റെ ഭാഗമായി തിരശീലയില്‍ എത്തി.

1996-ല്‍ ലാലുമായി പിരിഞ്ഞ ശേഷം ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെ ഒറ്റയ്ക്ക് സംവിധാനരംഗത്തേക്ക് ഇറങ്ങിയ സിദ്ധിഖ് പിന്നീട് നിരവധി സൂപ്പര്‍താര ചിത്രങ്ങളുടെയും സംവിധായകനായി. 2010-ല്‍ ദീലിപിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വമ്പന്‍ ഹിറ്റായിരുന്നു. പിന്നീട് ഈ ചിത്രം തമിഴില്‍ വിജയ്‌യെ നായകനാക്കിയും ഹിന്ദിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയും സിദ്ധിഖ് തന്നെ റീമേക്ക് ചെയ്തിരുന്നു. 2020-ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം.

logo
The Fourth
www.thefourthnews.in