407-ാം നമ്പര്‍ ഹോട്ടൽ മുറിയില്‍നിന്ന് മരണമെന്ന ക്ലൈമാക്സിലേക്ക്; ജയനെന്നും മരിക്കാത്ത ഓർമ

407-ാം നമ്പര്‍ ഹോട്ടൽ മുറിയില്‍നിന്ന് മരണമെന്ന ക്ലൈമാക്സിലേക്ക്; ജയനെന്നും മരിക്കാത്ത ഓർമ

41-ാം വയസ്സിൽ അരങ്ങൊഴിയുമ്പോൾ ജയന് ചെയ്യാനായി പിന്നെയും എത്രയോ സിനിമകൾ പെട്ടിയിൽ കാത്തിരിപ്പുണ്ടായിരുന്നിരിക്കണം? ആ കഥകളൊക്കെയും മറ്റാരാലും പകരം വെക്കാനാവാതെ പിന്നീട് അരങ്ങൊഴിഞ്ഞുകാണുമോ?

1970-കളുടെ തുടക്കം ഏറ്റവും ജനപ്രീതിയുള്ള നടനായി പ്രശസ്തി നേടിയ ജയനെത്തേടി മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണമെത്തിയതിൽ ഒട്ടും തന്നെ അത്ഭുതമില്ല. അക്കാലം സിനിമയിലുണ്ടായ സഹതാരങ്ങളോട് തുല്യപ്പെടാൻ തയ്യാറായിരുന്നില്ല ജയനെന്നനടൻ എന്നതാണ് യാഥാർത്ഥ്യം. പൗരുഷഭാവത്തിന്റെയും പ്രൗഢിയുടേയും ആൺശരീരമെന്ന് യുവാക്കൾ വിധിയെഴുതിയെ താരത്തിന് സിനിമയിൽ വളരെ പെട്ടെന്ന് ആക്ഷൻ ഹീറോ ആയി മാറാനായതും ഇന്നോളം മറ്റൊരു താരത്തിലും സംഭവിക്കാത്ത വേ​ഗ വിജയം.

അതിസങ്കീർണമായ സാഹസിക രംഗങ്ങൾ അപകടസ്വഭാവം പോലും ഗൗനിക്കാതെ ഡ്യൂപ്പുകളില്ലാതെ ചെയ്തെടുക്കുന്നു എന്നതായിരുന്നു ജയനെ ഈ ടാ​ഗ് ലൈനിന് അർഹനാക്കിയത്. പക്ഷേ അത്തരമൊരു സാഹസം തന്നെ ജയന്റെ ജീവനെടുത്തു. 1980 നവംബർ 16-ന് ­ചെന്നൈയിൽ നടന്ന ഹെലിക്കോപ്റ്റർ അപകടവും തുടർന്നുണ്ടായ മരണവും ഇന്നും മലയാളസിനിമയ്ക്കും ജയൻ ആരാധകർക്കും അവിശ്വസനീയം.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 150ലേറെ സിനിമകൾ മലയാളിക്ക് സമ്മാനിച്ച് 41-ാം വയസ്സിൽ അരങ്ങൊഴിയുമ്പോൾ ജയന് ചെയ്യാനായി പിന്നെയും എത്രയോ സിനിമകൾ പെട്ടിയിൽ കാത്തിരിപ്പുണ്ടായിരുന്നിരിക്കണം. ആ കഥകളൊക്കെയും മറ്റാരാലും പകരം വെക്കാനാവാതെ പിന്നീട് അരങ്ങൊഴിഞ്ഞുകാണുമോ? തീർച്ചയായും. കാരണം അന്ന് ജയന് പകരം വെക്കാൻ മറ്റൊരു നായകനടനുണ്ടായിരുന്നില്ല.

25-ാം വയസ്സി‍ൽ നാവികസേനയിൽ ജോലിയിൽ പ്രവേശിക്കുമ്പോഴും ജയനെന്ന കൃഷ്ണൻനായരുടെ ഉള്ളിൽ അടങ്ങാത്ത അഭിനയമോഹമായിരുന്നു. എങ്കിലും യൗവനം ​ഗൗനിക്കാതെ വീണ്ടും പത്തു വർഷത്തെ കാത്തിരിപ്പ്. പത്ത് വർഷത്തിന് ശേഷം ജോലിയിൽനിന്ന് വിരമിച്ച് സിനിമാനടനാവാനുളള അന്വേഷണത്തിലായി. സ്‌റ്റണ്ട്‌ മാസ്‌റ്ററായിട്ടായിരുന്നു ജയന്റെ സിനിമാ തുടക്കം. ഹരിഹരൻ സംവിധാനം ചെയ്‌ത പഞ്ചമി എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ എം കൃഷ്‌ണൻ നായർ ജയനെന്ന ചലച്ചിത്ര താരമായിമാറി.

വില്ലനെങ്കിലും യുവാക്കൾ അയാളിൽ ആകൃഷ്ടനായി. ബെൽബോട്ടം പാന്റും കൂളിങ് ഗ്ലാസും ഹെയർ സ്റ്റൈലുമൊക്കെ അക്കാലത്തെ യുവാക്കളുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകളായി. ജനറേഷനുകൾ എത്രയോ മാറിവന്നു. പഴയ ഫാഷനുകൾ റിവേഴ്സ് ട്രെൻഡുകളാവുന്നു. ഇപ്പോഴും ബെൽബോട്ടം പാന്റിനെ ഇന്നത്തെ തലമുറയും വിളിക്കും ജയന്റെ പാന്റ് എന്ന്.

വേഷം മാത്രമോ? ജയന്റെ സംഭാഷണരീതിയും അംഗ ചലനങ്ങളും ട്രെൻഡായി മാറി. 'ശരപഞ്‌ജര'ത്തിലെ നായകനും വില്ലനും ജയനായിരുന്നു. ആ സിനിമയിലെ ഓരോ രം​ഗങ്ങൾ ജയനെ പ്രശസ്‌തനാക്കി. ഇതോടെ പൗരുഷം പ്രകടമാക്കേണ്ട നായകനെങ്കിൽ ജയനെന്ന് വിധിയെഴുതി സിനിമാ ലോകം. 'ശരപഞ്‌ജരം' വൻ വിജയമായതോടെ എന്ന അതേ ട്രെൻഡ് പിടിച്ച് 'അങ്ങാടി'യും തീയേറ്ററുകളിലെത്തി. ഹരിഹരൻ, ശ്രീകുമാരൻ തമ്പി, വിജയാനന്ദ്‌, എ ബി രാജ്‌, ഐ വി ശശി തുടങ്ങി അന്നത്തെ മുൻനിര സംവിധാകരെല്ലാം ജയനെന്ന ബ്രാൻഡിനെ ഉപയോ​ഗപ്പെടുത്തി.

സാഹസികരംഗങ്ങളായിരുന്നു ജയൻ സിനിമകളുടെ 'യുഎസ്‌പി'. അതുകൊണ്ടു തന്നെ സാഹസിക രംഗങ്ങൾ ഒഴിവാക്കി ഒരു ജയൻ സിനിമയെന്നത് സങ്കല്‍പ്പിക്കാൻ പോലും സംവിധായകർ തയാറായില്ല. സത്യത്തില്‍ മരണകാരണമായ കോളിളക്കം എന്ന സിനിമയുടെ തിരക്കഥയിലെ ക്ലൈമാക്‌സ് രംഗത്തില്‍ ഹെലികോപ്റ്റര്‍ സംഘട്ടനമുണ്ടായിരുന്നില്ല. തീവ്ര ആക്ഷൻ രം​ഗമാവണം ക്ലൈമാക്‌സെന്ന അഭിപ്രായം വന്നപ്പോഴാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്തിനും തയാറെന്ന ജയന്റെ ആക്ഷൻ അഭിനിവേശം തന്നെയായിരുന്നു അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും.

ജയന്റെ ­അവസാന നിമിഷങ്ങൾ സുഹൃത്തും സിനിമാകഥാകൃത്തുമായ ശരത് ചന്ദ്രൻ ഓർമിച്ചത് ഇങ്ങനെയായിരുന്നു:

ജെമിനിയിലെ പാംഗ്രോവ് ഹോട്ടലിലെ 407-ാം നമ്പര്‍ മുറിയില്‍ നിന്നായിരുന്നു ജീവിതത്തിന്റെ ക്ലൈമാക്‌സിലേക്ക് ജയൻ ഇറങ്ങിപ്പോയത്. കോളിളക്കത്തിന്റെ അവസാന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ ഏഴിന് എല്ലാവരും ഷോളവാരത്തെ എയര്‍ സ്ട്രിപ്പിലെത്താനായിരുന്നു തീരുമാനമെങ്കിലും മഴ കാരണം അത് നീണ്ടു. ഒമ്പതുമണിയോടെ മഴ കുറഞ്ഞു. ഉടനെ ജയന്‍ സ്വന്തം ഫിയറ്റ് കാറില്‍ ലൊക്കേഷനിലേക്ക് തിരിച്ചു. ശരത് ചന്ദ്രനും ബാലന്‍ കെ നായരും മറ്റൊരു കാറില്‍ പിന്നാലെ. പത്തരയോടെ ഷോളവാരത്തെത്തി. ക്ലൈമാക്‌സിലെ സംഘട്ടനരംഗങ്ങള്‍ ഷോളാവാരം തടാകത്തിനു സമീപത്തും ഹെലികോപ്റ്റര്‍ രംഗങ്ങള്‍ എയര്‍സ്ട്രിപ്പിലും ചിത്രീകരിക്കാനായിരുന്നു സംവിധായകന്‍ പി എന്‍ സുന്ദരവും നിര്‍മാതാവ് സി വി ഹരിഹരനും തീരുമാനിച്ചിരുന്നത്. ലൊക്കേഷനിലെത്തിയ ജയന്‍ ഗസ്റ്റ് ഹൗസിലെത്തി ഭക്ഷണം കഴിച്ചശേഷം ചിത്രീകരണ സ്ഥലത്തേക്കുപോയി.

സുകുമാരന്‍ ഓടിച്ചുവരുന്ന ബൈക്കിന്റെ പിന്നില്‍ കയറിനിന്ന് ജയന്‍ ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് ലെഗ്ഗില്‍ പിടിച്ചുകയറുന്നതായിരുന്നു രംഗം. കുഴപ്പമൊന്നുമില്ലാതെ ഈ രംഗം ചിത്രീകരിച്ചു. സംവിധായകനും തൃപ്തനായിരുന്നു. എന്നാല്‍ ജയന് തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നു തോന്നി. ഒരു ടേക്ക് കൂടി എടുക്കാന്‍ അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാല്‍ റീ ടേക്കില്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു. അത് ഗതിമാറി സമീപത്തെ മൈതാനത്തിലേക്ക് വീണു. വീണ്ടും പൊങ്ങി കുറേ അകലത്തെത്തി നിലംപതിച്ചു. ഒടിഞ്ഞ പങ്ക ജയന്റെ തലയില്‍ അടിച്ചു.

രക്തമൊഴുകുന്ന തല പൊത്തിപ്പിടിച്ചുകൊണ്ട് ആശുപത്രിയിലേക്കു പോകാമെന്ന് ജയന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കല്ലിയൂര്‍ ശശിയും ശരത് ചന്ദ്രനും ചേർന്ന് ജയനെയും ഹെലികോപ്റ്ററിന്റെ അടുത്തായി വീണ ബാലന്‍ കെ നായരെയും കൊണ്ട് വിജയ ആശുപത്രിയിലേക്കു വിട്ടു. കനത്തമഴ കാരണം ഏറെ വൈകിയാണ് ജയനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ മരണം അദ്ദേഹത്തെ തട്ടിയെടുത്തു.

logo
The Fourth
www.thefourthnews.in