'അന്തരം' ഒരു വേറിട്ട ട്രാൻസ് 
ചിത്രം; സെറ്റിൽ ആ സമൂഹത്തെ കുറിച്ച് ഒന്നും അറിയാത്തവരും ഉണ്ടായിരുന്നതായി സംവിധായകൻ
ABHIJITH

'അന്തരം' ഒരു വേറിട്ട ട്രാൻസ് ചിത്രം; സെറ്റിൽ ആ സമൂഹത്തെ കുറിച്ച് ഒന്നും അറിയാത്തവരും ഉണ്ടായിരുന്നതായി സംവിധായകൻ

ട്രാൻസ് വനിത നായികയായെത്തുന്ന 'അന്തരം' എന്ന തൻ്റെ പുതിയ സിനിമയെ കുറിച്ച് സംവിധായകൻ പി അഭിജിത്ത്

ട്രാന്‍സ് സമൂഹത്തെക്കുറിച്ചുള്ള സിനിമകളും ഡോക്യുമെന്ററികളുമെല്ലാം പലതും വന്നിട്ടുണ്ട്. ട്രാന്‍സ് സമൂഹം നേരിടുന്ന പ്രശ്നങ്ങളും അതിജീവനവുമെല്ലാം നന്നായി പങ്കുവയ്ക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പോലെ തന്നെ തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനും വിവാഹിതരായി സന്തോഷത്തോടെ ജീവിക്കാനും അവര്‍ക്കുള്ള ആഗ്രഹം അധികമാരും പറഞ്ഞ് കണ്ടിട്ടില്ല. പി അഭിജിത് സംവിധാനം ചെയ്യുന്ന 'അന്തരം' ഒരു ട്രാന്‍സ് സ്ത്രീ വിവാഹിതയാകുന്നതും, പിന്നീട് അവർ നേരിടേണ്ടി വരുന്ന തീവ്രമായ അനുഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്.

ട്രാന്‍സ് സിനിമകള്‍ ധാരാളം വന്നിട്ടുണ്ട്. എന്നാൽ ഓരോ ട്രാൻസ് സിനിമയ്ക്കും സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് സംവിധായകന്. ഈ വിഷയം തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും സിനിമയ്ക്ക് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ചും സംവധായകന്‍ പി അഭിജിത് ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.

ഈ വിഷയം തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം എന്താണ്?

ഞാന്‍ 2007 മുതല്‍ ട്രാന്‍സ് സമൂഹത്തെ പിന്തുടരുന്നുണ്ട്. ട്രാന്‍സ് സമൂഹത്തെ ആളുകള്‍ അംഗീകരിക്കാന്‍ തുടങ്ങുന്നതിന് മുന്നെ ഞാന്‍ അവരെ പിന്തുടര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണിത്. ചെറുപ്പത്തിലെ സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. കൂടാതെ സിനിമ എന്നത് ആശയങ്ങൾ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ പറ്റിയ ഒരു മാധ്യമമാണ്. അപ്പോള്‍ ആദ്യ ചിത്രം ഞാന്‍ വര്‍ഷങ്ങളായി പിന്തുടരുന്ന വിഷയം തന്നെയാകട്ടെ എന്ന് വിചാരിച്ചു.

മറ്റൊന്ന് മുഖ്യധാരാ സിനിമകളിൽ ട്രാൻസ് വ്യക്തികൾക്ക് പ്രധാന കഥാപാത്രങ്ങൾ നൽകാറില്ല. ചെറിയ കഥാപാത്രങ്ങളാണ് പലപ്പോഴും ലഭിക്കാറുള്ളത്. സിനിമകളിൽ ട്രാൻസ് കഥാപാത്രങ്ങളെ സിസ്ജെൻഡർ വ്യക്തികളാണ് അവതരിപ്പിക്കുന്നത്. കഴിവുള്ള ഒട്ടേറെ ട്രാൻസ് വ്യക്തികൾ നമുക്കിടയിലുണ്ട്. അന്തരത്തിൽ ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹയെ നായികയാക്കുന്നത് അങ്ങിനെയാണ്. അന്തരത്തിലൂടെയാണ് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സ്ത്രീ / ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേഹയ്ക്ക് ലഭിച്ചത്

ട്രാന്‍സ് സമൂഹത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ടത്തേക്കാള്‍ ഏറെ ആളുകള്‍ അവരെ ഇപ്പോള്‍ അംഗീകരിക്കുന്നതായി തോന്നിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രാധാന്യം എന്താണ്?

നമ്മള്‍ ഇത്രയും നാള്‍ അവരുടെ പ്രശ്‌നങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നത്. അവരുടെ വ്യക്തി ജീവിതങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപാടുകളെല്ലാം നമുക്കറിയാം. എന്നാല്‍ സ്ഥിരം പറയുന്ന പ്രശ്‌നങ്ങള്‍ക്ക് അപ്പുറമായി, കല്യാണം കഴിച്ച് ഒരു കുടുംബജീവിതത്തിലേയ്ക്ക് ഒരു ട്രാന്‍സ് സ്ത്രീ വരുമ്പോള്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഞാന്‍ കണ്ടിട്ടുള്ള സംഭവങ്ങളില്‍ നിന്നുള്ള ചെറിയ ആശയമാണ് സിനിമയ്ക്കായി എടുത്തിരിക്കുന്നത്.

സ്ഥിരമായി കാണുന്നത് പോലെ അവരുടെ പ്രശ്‌നങ്ങളും അതെല്ലാം അതിജീവിച്ച് അവര്‍ ഉയരങ്ങളിലെത്തുന്നതുമല്ല ഈ സിനിമ. അതില്‍ നിന്ന് വ്യത്യസ്ഥമായി ഒരു ട്രാന്‍സ് സ്ത്രീ ഒരു വ്യക്തിയുടെ ഭാര്യയായി വരുമ്പോഴുള്ള സംഭവങ്ങളെ കുറിച്ചുള്ളതാണ് ഈ സിനിമ. ഈ ചിത്രം അവരുടെ രാഷ്ട്രീയം പറയുന്നതല്ല, എന്നാല്‍ കാണികള്‍ക്ക് സിനിമയില്‍ നിന്ന് വ്യക്തമായ രാഷ്ട്രീയം ലഭിക്കുന്നതായിരിക്കും.

സിനിമയില്‍ നായകന് ട്രാന്‍സ് നായികമാര്‍ ഉണ്ടാവാറില്ല. ഈ ചിത്രത്തില്‍ നായകൻ അടക്കമുള്ളവർ എങ്ങനെയാണ് ഇതിനെ സമീപിച്ചത്?

സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയില്‍ അഭിനയിച്ച കണ്ണന്‍ നായരാണ് സിനിമയിലെ നായകൻ . സാമൂഹിക പ്രതിബദ്ധതയും പോസിറ്റീവ് കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് അദ്ദേഹം. നേഹ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തിന്റെ ഭർത്താവായാണ് കണ്ണൻ അഭിനയിച്ചത്. കണ്ണനും മകളായി അഭിനയിച്ച നക്ഷത്ര മനോജും നേഹയും തമ്മിലുള്ള സീനുകൾ കൂടുതൽ ഉള്ളതിനാൽ ഇവർ തമ്മിലുള്ള ബോണ്ടിങ്ങ് പ്രധാനമായിരുന്നു.സിനിമയുടെ ഷൂട്ടിംഗില്‍ ട്രാന്‍സ് സമൂഹത്തെ അറിയാത്തവരും ഉണ്ടായിരുന്നു. ആ സെറ്റിലെ ഗുണമെന്ന് പറയുന്നത് അങ്ങനെ ഉള്ളവര്‍ക്ക് എന്താണ് ഒരു ട്രാന്‍സ് വ്യക്തി എന്നുള്ളത് മനസിലാക്കാന്‍ സാധിച്ചു എന്നതാണ്.

ട്രാന്‍സ് സിനിമകള്‍ ഇപ്പോള്‍ ധാരാളം വരുന്നുണ്ടല്ലോ. ഇത് ഒരു അതിപ്രസരമായി തോന്നുണ്ടോ?

ഞാന്‍ വിചാരിക്കുന്നത് അങ്ങനെ എടുക്കുന്നത് വേറൊരു തരത്തില്‍ നല്ലതാണ് എന്നാണ്. കാരണം ആ സമൂഹത്തിന് അത് എന്തായാലും ഒരു തരത്തില്‍ ഗുണം ചെയ്യും. ആ സമൂഹത്തെ പറ്റി കൃത്യമായി അറിയാതെയും അവരുടെ യാഥാർത്ഥ്യം ആശയ വിനിമയം ചെയ്യാന്‍ പറ്റാത്തതുമായ സിനിമ വന്നാലെ പ്രശ്‌നമുള്ളു. മറിച്ചുള്ള ചിത്രങ്ങള്‍ എത്ര എടുത്താലും ആരെടുത്താലും നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ഒരോ ആളുകള്‍ക്കും പറയാൻ ഉള്ളത് ഓരോ കഥകള്‍ ആയിരിക്കും. അത് സമൂഹത്തില്‍ ഒരു പോസിറ്റീവ് സമീപനം ഉണ്ടാക്കാൻ ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

logo
The Fourth
www.thefourthnews.in