ഒഎൻവി എഴുതി, സേഥ് ഹൃദയം പകർന്നു... 'ആരണ്യകം' മലയാളത്തിന് നല്‍കിയ മാന്ത്രിക സംഗീതം

ഒഎൻവി എഴുതി, സേഥ് ഹൃദയം പകർന്നു... 'ആരണ്യകം' മലയാളത്തിന് നല്‍കിയ മാന്ത്രിക സംഗീതം

ഇന്ന് പ്രശസ്തകവി ഒ എൻ വി കുറുപ്പിന്റെ ജന്മദിനം

സലില്‍ ചൗധരിയും ബോംബെ രവിയുമാണ് ഒ എന്‍ വിയുടെ വരികളില്‍ നിന്ന് ഏറ്റവുമധികം മലയാള ഗാനങ്ങള്‍ സൃഷ്ടിച്ച ഉത്തരേന്ത്യന്‍ സംഗീതസംവിധായകര്‍. എങ്കിലും ഒരൊറ്റ പടം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ രഘുനാഥ് സേഥിനെ എങ്ങനെ മറക്കാന്‍? വിഖ്യാത പുല്ലാങ്കുഴല്‍ കലാകാരനായ സേഥിനെ മലയാളത്തില്‍ അവതരിപ്പിച്ചത് "ആരണ്യക''ത്തിലൂടെ ഹരിഹരനാണ്.

സിനിമയ്ക്ക് വേണ്ടി ഒന്നിക്കും മുന്‍പേ സേഥിനെ കുറിച്ച് ധാരാളം കേട്ടിരുന്നു ഒ എന്‍ വി. "സ്പിക് മക്കേ തിരുവനന്തപുരത്തു സംഘടിപ്പിച്ച സേഥിന്റെ ബാംസുരി കച്ചേരി ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു. നാട്യങ്ങളില്ലാത്ത, സൗമ്യനായ ഒരു കലാകാരന്‍. '' ഒ എൻ വിയുടെ ഓർമ്മ.

Summary

കൈഫി ആസ്മിയുടെയും പണ്ഡിറ്റ് നരേന്ദ്ര ശർമ്മയുടേയും ഗുൽസാറിന്റെയുമൊക്കെ രചനകൾ അവയുടെ ആത്മാവറിഞ്ഞു ചിട്ടപ്പെടുത്തിയ ആൾക്ക് ഈണത്തിന്റെ ചട്ടക്കൂടിൽ കവിതയെ തിരുകിക്കയറ്റുന്നതിനോട് തെല്ലും യോജിപ്പുണ്ടായിരുന്നില്ല

ചെന്നൈയില്‍ വച്ചായിരുന്നു "ആരണ്യക''ത്തിലെ പാട്ടുകളുടെ റെക്കോര്‍ഡിംഗ്. മലയാളസിനിമയുമായി അതുവരെ ബന്ധപ്പെട്ടിട്ടില്ല സേഥ്. മറുനാടൻ സംഗീതസംവിധായകരുടെ പതിവുമാതൃക പിന്തുടർന്ന്, ആദ്യം ഈണമിട്ട് വരികളെഴുതിക്കുന്ന രീതിയാവും സേഥും പിന്തുടരുക എന്ന് ഒ എൻ വി പ്രതീക്ഷിച്ചുപോയത് സ്വാഭാവികം. എന്നാൽ കവിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് സേഥ് പ്രഖ്യാപിക്കുന്നു: "അങ്ങ് കവിത എഴുതിത്തരൂ. ഞാൻ ഈണമിടട്ടെ.''

വളരെ കുറച്ചു സിനിമകൾക്കേ രഘുനാഥ് സേഥ് സംഗീതം നൽകിയിട്ടുള്ളൂ. അധികവും ഹിന്ദിയിൽ. കൈഫി ആസ്മിയുടെയും പണ്ഡിറ്റ് നരേന്ദ്ര ശർമ്മയുടേയും ഗുൽസാറിന്റെയുമൊക്കെ രചനകൾ അവയുടെ ആത്മാവറിഞ്ഞു ചിട്ടപ്പെടുത്തിയ ആൾക്ക് ഈണത്തിന്റെ ചട്ടക്കൂടിൽ കവിതയെ തിരുകിക്കയറ്റുന്നതിനോട് തെല്ലും യോജിപ്പുണ്ടായിരുന്നില്ല എന്ന് വിസ്മയത്തോടെ ഒ എൻ വി തിരിച്ചറിഞ്ഞത് അന്നാണ്; സേഥിന്റെ ഉള്ളിൽ നിശ്ശബ്ദനായ ഒരു കവി കൂടി ഉണ്ടെന്നും. വരികളുടെ അർത്ഥം ഒ എൻ വിയിൽ നിന്ന് ആദ്യം ചോദിച്ചു മനസ്സിലാക്കി അദ്ദേഹം. കവിയുടെ മനസ്സിലെ താളം മൂളിക്കേട്ടു.

"ഒരൊറ്റ മതമുണ്ടുലകിന്നുയിരാം'' എന്ന കവിതയുടെ വൃത്തത്തിനൊത്താണ് ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവെച്ചില്ലേ (ചിത്ര) എന്ന പാട്ട് എഴുതിയത്.'' ഒ എൻ വിയുടെ വാക്കുകൾ. അതു കഴിഞ്ഞ് ആത്മാവില്‍ മുട്ടിവിളിച്ചത് പോലെ, താരകളേ എന്നീ ഗാനങ്ങള്‍. വരികളുടെ അർത്ഥം കവിയില്‍ നിന്ന് ഗൗരവപൂര്‍വ്വം ഗ്രഹിച്ച ശേഷം സമീപത്തുള്ള ഒരു മുറിയുടെ ഏകാന്ത നിശബ്ദതയിലേക്ക് ഉള്‍വലിയുന്നു സേഥ്. കൂട്ടിന്‌ സന്തതസഹചാരിയായ ഹാര്‍മോണിയം മാത്രം. ദീര്‍ഘമായ ഒരു `തപസ്സിനു' ശേഷം മുറിയ്ക്ക് പുറത്തുവന്നു താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഒന്നൊന്നായി ഒ എന്‍ വിയേയും ഹരിഹരനെയും പാടി കേൾപ്പിക്കുകയായിരുന്നു സേഥ്. " ഒരു മലയാളി അല്ല ആ ഗാനങ്ങള്‍ സൃഷ്ടിച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു..'' ഒ എന്‍ വി.

ഒഎൻവി എഴുതി, സേഥ് ഹൃദയം പകർന്നു... 'ആരണ്യകം' മലയാളത്തിന് നല്‍കിയ മാന്ത്രിക സംഗീതം
പറമ്പിലെ അരളിയല്ല പാട്ടിലെ അരളി

ഫിലിംസ് ഡിവിഷൻ ഡോക്യൂമെന്ററികളുടെ സംഗീത സംവിധായകനായാണ് പലർക്കും രഘുനാഥ് സേഥിനെ പരിചയം. രണ്ടായിരത്തോളം ഡോക്യൂമെന്ററികൾക്കും ടെലിവിഷൻ പരമ്പരകൾക്കും സംഗീതം പകർന്നിട്ടുണ്ട് അദ്ദേഹം. ബാംസുരി ഇതിഹാസം പണ്ഡിറ്റ് പന്നലാൽ ഘോഷ് ആയിരുന്നു സേഥിന്റെ സംഗീത ഗുരു. സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനായി ശ്രദ്ധേയനായത് ``ഫിർ ഭീ'' (1971) യിലൂടെ. സേഥിന്റെ ഈണത്തിൽ ഹേമന്ദ് കുമാർ പാടിയ "ഹം ചാഹേ യാ നാ ചാഹേ'' എന്ന അപൂർവ്വസുന്ദര ഗാനത്തിലൂടെയാണ് ഈ ചിത്രം ഓർമ്മിക്കപ്പെടുക. തുടർന്ന് ദാമുൽ, മൃത്യുദണ്ഡ് (പശ്ചാത്തലസംഗീതം), കിസ്സാ കുർസി കാ, യേ നസ്‌ദീകിയാ തുടങ്ങിയ ചിത്രങ്ങൾ. ഇവയെക്കാളൊക്കെ പ്രശസ്തമാണ് മ്യൂസിക് തെറാപ്പിയിലെ സേഥിന്റെ പരീക്ഷണങ്ങൾ. "നിദ്ര'' എന്ന ആൽബത്തിലെ ``മ്യൂസിക് ടു ഹെൽപ്പ് യു സ്ലീപ്പ് '' ഓർക്കുക.

"ആരണ്യക''ത്തിന് ശേഷം സംവിധായകൻ ജയരാജിന്റെ നിർബന്ധത്തിന് വഴങ്ങി ഒ എൻ വി- രഘുനാഥ് സേഥ് ടീം ഒരു ഗാനത്തിന് കൂടി വേണ്ടി ഒരുമിച്ചെങ്കിലും, ആ ഗാനം കേൾക്കാൻ മലയാളികൾക്ക് ഭാഗ്യമുണ്ടായില്ല. പടം വെളിച്ചം കാണാതെ പോയതാണ് കാരണം.

logo
The Fourth
www.thefourthnews.in