ഡിനോ ഡെന്നിസ് - മമ്മൂട്ടി ചിത്രം ബസൂക്ക തുടങ്ങി

ഡിനോ ഡെന്നിസ് - മമ്മൂട്ടി ചിത്രം ബസൂക്ക തുടങ്ങി

തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.

മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ ഡിനോ ഡെന്നിസ് പറഞ്ഞു. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നൽകിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ ഞാൻ ത്രില്ലിലാണ്- ഡിനോ കൂട്ടിച്ചേർത്തു

കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ഴോണറുകളും താണ്ടി മുന്നോട്ട് പോകുമ്പോൾ ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞു. സ്‌ക്രിപ്റ്റ് മികച്ചതാക്കാനും എല്ലാ പ്രീ-പ്രൊഡക്ഷൻ ജോലികള്‍ക്കുമായി ആവശ്യത്തിന് സമയം എടുത്തു. ചിത്രീകരണം തുടങ്ങാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും സിദ്ധാർത്ഥ് പറഞ്ഞു

കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിൽ നടന്ന പൂജാ ചടങ്ങില്‍ കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.. "

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മിഥുൻ മുകുന്ദനാണ്. സഹ നിർമാതാവ് - സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്.

logo
The Fourth
www.thefourthnews.in