മാര്‍ക്കസ് ഇംഹൂഫിന്റെ ജോസഫ്; മലയാളം കടന്ന മാമുക്കോയ ഖ്യാതി

മാര്‍ക്കസ് ഇംഹൂഫിന്റെ ജോസഫ്; മലയാളം കടന്ന മാമുക്കോയ ഖ്യാതി

ജോസഫ് എന്ന കഥാപാത്രത്തെയാണ് ഫ്‌ളാമെന്‍ ഇന്‍ പാരഡൈസില്‍ മാമുക്കോയ അവതരിപ്പിച്ചത്

കോഴിക്കോടന്‍ ഭാഷാ ശൈലികൊണ്ട് ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് മുഹമ്മദ് എന്ന മാമുക്കോയ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയത്. കോഴിക്കോടന്‍ ഭാഷയില്‍ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള മാമുക്കോയയുടെ അഭിനയ മികവ് 26 വർഷം മുൻപ് തന്നെ ദേശവും ഭാഷയും കടന്ന് അങ്ങ് ഫ്രഞ്ച് സിനിമ വരെ എത്തിയിരുന്നു. ഗഫൂര്‍ക്കാ ദോസ്ത് എന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് പോലും സുപരിചിതനാണ്. എന്നാല്‍ കോഴിക്കോടന്‍ സംഭാഷണ ശൈലിയില്‍ മാത്രം മലയാളികള്‍ കേട്ടുപരിചയിച്ച മാമൂക്കോയ എന്ന നടന്‍, ഫ്രഞ്ച് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു എന്ന് എത്ര പേർക്ക് അറിയാം.

1979ലെ അന്യരുടെ ഭൂമി ആണ് മാമുക്കോയയുടെ ആദ്യ മലയാള ചിത്രം. അതിന് ശേഷം അദ്ദേഹം നിരവധി ചിത്രങ്ങളിലഭിനയിച്ചു. മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത് 18 വര്‍ഷങ്ങള്‍ക്കിപ്പുറം മാമുക്കോയ അഭിനയിച്ച ആദ്യ അന്യഭാഷാ ചിത്രം തമിഴിലോ തെലുങ്കിലോ ഒന്നുമായിരുന്നില്ല. മാര്‍ക്കസ് ഇംഹൂഫ് എന്ന ലോക പ്രശസ്ത സംവിധായകന്റെ ഫ്‌ളാമെന്‍ ഇന്‍ പാരഡൈസ് എന്ന ഫ്രഞ്ച് ചിത്രമായിരുന്നു അത്. ജോസഫ് എന്ന കഥാപാത്രത്തെയാണ് ഫ്‌ളയിം ഇം പാരഡൈസില്‍ മാമുക്കോയ അവതരിപ്പിച്ചത്.

കൊളോണിയല്‍ കാലഘട്ടത്തിലെ കഥപറയുന്ന ചിത്രമാണ് ഫ്‌ളാമെന്‍ ഇന്‍ പാരഡൈസ്. ഇന്ത്യയില്‍ എത്തി ക്രിസ്ത്യന്‍ ദൈവവചനം പ്രചരിപ്പിക്കുന്ന ഗുസ്താവ് ഇംഫൂഫിനെ നാട് കാണിക്കാനും മറ്റുമായി കൂടെ സഞ്ചരിക്കുന്ന കാളവണ്ടിക്കാരന്റെ വേഷമാണ് അദ്ദേഹം ഫ്‌ളാമെന്‍ ഇന്‍ പാരഡൈസില്‍ അവതരിപ്പിച്ചത്. ചെറുതുരുത്തിയിലും കൊച്ചിയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

മാമുക്കോയ മാര്‍ക്കസ് ഇംഹൂഫിനൊപ്പം
മാമുക്കോയ മാര്‍ക്കസ് ഇംഹൂഫിനൊപ്പം

ഫിലിം ഫെസ്റ്റിവലില്‍ വച്ച് ഷാജി എന്‍ കരുണിനെ കണ്ടുമുട്ടിയ മാര്‍ക്കസ് ഇംഹൂഫ് തന്റെ ചിത്രത്തിലേക്ക് മലയാളത്തില്‍ നിന്നുള്ള കുറച്ച് അഭിനേതാക്കളെ വേണമെന്ന് ആവശ്യപ്പെട്ടു. ഷാജി എന്‍ കരുണ്‍ അദ്ദേഹത്തിന് മലയാളത്തിലെ കുറച്ച് നടന്മാരുടെ വീഡിയോകള്‍ കാണിച്ചുകൊടുത്തു. അതില്‍ നിന്നും മാര്‍ക്കസ് ഇംഹൂഫ് തിലകനെയും മാമുക്കോയയേയും തിരഞ്ഞെടുത്തു. എന്നാല്‍ തിലകന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല. ചിത്രത്തിലുടനീളം റോളുണ്ടായിരുന്ന മാമുക്കോയ ഇംഹൂഫിന്റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. ഫ്‌ളാമെന്‍ ഇന്‍ പാരഡൈസ്‌ കഴിയുന്നത് വരെ മറ്റ് ചിത്രങ്ങില്‍ അഭിനയിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയായിരുന്നു മാമുക്കോയ ഈ ഫ്രഞ്ച് ചിത്രം ഏറ്റെടുത്തത്.

മാര്‍ക്കസ് ഇംഹൂഫിന്റെ ജോസഫ്; മലയാളം കടന്ന മാമുക്കോയ ഖ്യാതി
മലയാളികളെ ചിരിപ്പിച്ച് ഗഫൂ‍ർക്ക മടങ്ങുമ്പോൾ

അനായാസമായി സ്വാഭാവികതയോടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് മാമുക്കോയ. ഫ്രഞ്ച് ഭാഷയിൽ സിനിമയുണ്ടെന്ന് പോലും തനിക്ക് അതുവരെ അറിയില്ലായിരുന്നുവെന്ന് തമാശ കലര്‍ത്തി ഏറ്റവും എളിയമയോടെ പറഞ്ഞ് ചിരിക്കുമായിരുന്ന അദ്ദേഹം ദേശത്തിനും ഭാഷയ്ക്കുമൊക്കെ അതീതനായ പ്രതിഭയാണെന്ന് എപ്പോഴേ തെളിയിച്ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in