'കഥാപാത്രങ്ങളെ ശല്യം ചെയ്യാതെ, ഒളിപ്പിച്ചുവച്ച ഇമോഷൻസുകള്‍ പകർത്തി': മനേഷ് മാധവന്‍- അഭിമുഖം

'കഥാപാത്രങ്ങളെ ശല്യം ചെയ്യാതെ, ഒളിപ്പിച്ചുവച്ച ഇമോഷൻസുകള്‍ പകർത്തി': മനേഷ് മാധവന്‍- അഭിമുഖം

2017ൽ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഏദൻ ​ഗാർഡൻ ഓഫ് ഡിസയർ' എന്ന ചിത്രത്തിനാണ് ആദ്യം അവാർഡ് ലഭിക്കുന്നത്.

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഛായാഗ്രഹകനുളള അവാർഡ് തേടിയെത്തിയത് മനേഷ് മാധവനെയായിരുന്നു. ജോസഫും ഇല വീഴാ പൂഞ്ചിറയും ഉൾപ്പെടെയുള്ള നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളെ പകർത്തിയ മനേഷ് തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളെയും കുറിച്ച് സംസാരിക്കുന്നു.

Q

ഇല വീഴാ പൂഞ്ചിറയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാർഡ് നേടിയിരിക്കുകയാണ്. എങ്ങനെ കാണുന്നു ഈ നേട്ടത്തെ?

A

ഒരുപാട് സന്തോഷമുണ്ട്. സിനിമയ്ക്ക് നാല് അവാർ‌ഡുകളാണ് ലഭിച്ചത്. അതാണ് ഏറ്റവും വലിയ സന്തോഷം. മികച്ച സൗണ്ട് ഡിസൈൻ, മികച്ച നവാ​ഗതസംവിധായകനുളള അവാർഡ് അടക്കം നാല് അവാർഡുകൾ ഇല വീഴാ പൂഞ്ചിറയ്ക്ക് ലഭിച്ചിട്ടുണ്ട്. നല്ലൊരു ടീം വർക്കായിരുന്നു. അപ്പോൾ അതിന്റെ ഭാ​ഗമായി ഒരുമിച്ച് വർക്ക് ചെയ്യാനും അതിനൊപ്പം അവാർഡുകൾ നേടാനും കഴിഞ്ഞതിലും ഒരുപാട് സന്തോഷം.

Q

ഇലാ വീഴാ പൂഞ്ചിറയിലേക്ക് എങ്ങനെയാണ് എത്തുന്നത്?

A

മുൻപിറങ്ങിയ ജോസഫിന്റെ തിരക്കഥ ഒരുക്കിയ ഷാഹി കബീർ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. ജോസഫിലൂടെയാണ് ഷാഹി കബീറുമായി സൗഹ‍‍‍ൃദമുണ്ടാകുന്നതും ഈ പ്രോജക്ടിലേക്ക് എത്തുന്നതും. എന്നാൽ ഞങ്ങൾ ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പ്രോജക്ട് ഇതായിരുന്നില്ല. ലോക്ഡൗണും പലകാരണങ്ങളും കൊണ്ട് ആ പ്രോജക്ട് വൈകുകയും മാറിപ്പോവുകയുമായിരുന്നു.

ഷാഹി കബീർ
ഷാഹി കബീർ
Q

ഇലാ വീഴാ പൂഞ്ചിറ ഇന്ന് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. എങ്ങനെയാണ് ഇത്തരത്തിലൊരു ലൊക്കേഷനിലേക്ക് എത്തുന്നത്?

A

നിധീഷ് ജിയും ഷാജി മാറാടും ചേർന്നാണ് ഇതിന്റെ തിരക്കഥ എഴുതിയത്. സിനിമയിൽ പറയുന്നതുപോലെ തന്നെ ഇവിടെ ഒരു വൈറലസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഒരു വർഷത്തോളം അവർ അവിടെ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ലൊക്കേഷനെപ്പറ്റി കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നു. മാത്രമല്ല ഇതിനെ അടിസ്ഥാനപ്പെടുത്തി നിധീഷ് ജിയുടെ ഇലാ വീഴാ പൂഞ്ചിറ എന്ന ഒരു കഥയുമുണ്ട്. അതാണ് ഈ സിനിമയുടെയും കഥ. ആ കഥയാണ് നിധീഷ് ജിയും ഷാജി മാറാടും ചേർന്ന് തിരക്കഥയാക്കി മാറ്റിയത്.

സിവിൽ പോലീസായി അവിടെ ജോലി നോക്കിയിരുന്നതു കൊണ്ടു തന്നെ അവർക്ക് ആ സ്ഥലത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. ആ സ്ഥലം തന്നെയാണ് സിനിമയിലെ ഒരു പ്രധാന ക്യാരക്ടർ. സൗബിൻ ഷാഹിറായാലും സുധി കോപ്പയായാലും അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കൊപ്പം തന്നെ ആ സ്ഥലത്തിനും അതിന്റേതായ പ്രാധ്യാന്യമുണ്ട്. അങ്ങനെയാണ് ആ സ്ഥലത്തേക്ക് വരുന്നത്.

Q

സിനിമയുടെ ചിത്രീകരണവേളയിൽ എന്തൊക്കെ വെല്ലുവിളികളാണ് പ്രധാനമായും നേരിട്ടത്?

A

കാലാവസ്ഥ തന്നെയായിരുന്നു പ്രധാന വെല്ലുവിളി. വളരെ പെട്ടെന്ന് വ്യതിയാനമുണ്ടാകുന്ന കാലാവസ്ഥയാണ് ഇല വീഴാ പൂഞ്ചിറയുടേത്. ലൊക്കേഷനിലേക്ക് എത്തുന്നത് തന്നെ വളരെയധികം കഷ്ടമാണ്. റോഡില്ല. ഓഫ് റോഡ് വണ്ടികൾ മാത്രമേ പോവുകയുളളൂ. അതിനാൽ ഷൂട്ടിങ് നല്ല ബുദ്ധിമുട്ടായിരുന്നു.

കോട്ടയം ജില്ലയിലെ തന്നെ 3200 അടി ഉയരമുളള ഒരു സ്ഥലമാണ് ഇത്. ഒരു സൈഡിൽ ഇടുക്കിയും ഒരു സൈഡിൽ എറണാകുളം ജില്ലയുമാണ്. ഈ മൂന്ന് ജില്ലകളിൽ എവിടെയെങ്കിലും കാലാവസ്ഥയിൽ വ്യതിയാനമുണ്ടായാൽ അത് ഇല വീഴാ പൂഞ്ചിറയും ബാധിക്കുമെന്നുളളതാണ് പ്രധാന പ്രത്യേകത. സിനിമയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ ഉരുൾപൊട്ടൽ അടക്കമുളള പ്രശ്നങ്ങൾ സമീപ പ്രദേശങ്ങളിൽ സംഭവിച്ചിരുന്നു. ഇതേതുടർന്ന് ഷൂട്ടിങിൽ ബ്രേക്ക് എടുത്തിരുന്നു.

Q

ഛായാഗ്രാഹകൻ ആയിട്ടായിരുന്നോ തുടക്കം? എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്?

A

ശരിക്കും ഞാൻ പഠിച്ചത് ജേണലിസമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 2003-2005 ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. ക്യാംപസിൽ പഠിക്കുന്ന കാലത്ത് ഒരു ഷോർ‌ട്ട് ഫിലിം ചെയ്തിരുന്നു. അന്ന് സോണി ക്യാമറ വാടകയ്ക്കെടുത്താണ് അത് ചെയ്തത്. എന്നാൽ അന്നെനിക്ക് ഫോട്ടോ​ഗ്രഫിയോടായിരുന്നു താത്പര്യം. പിന്നെയാണ് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലിൽ എത്തുന്നത്. ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ആയിരുന്നു തുടക്കം.

2017ൽ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഏദൻ ​ഗാർഡൻ ഓഫ് ഡിസൈർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ആ വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം ഇടം പിടിച്ചിരുന്നു. ആ സിനിമയ്ക്കും നാല് അവാർഡ് ലഭിച്ചിരുന്നു. എന്റെ ആദ്യ അവാർഡും ഏദനിലൂടെയാണ് ലഭിച്ചത്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച സൗണ്ട് എഡിറ്റിങ്, മികച്ച ഛായാഗ്രഹണം എന്നിങ്ങനെയായിരുന്നു അവാർഡുകൾ. എസ് ഹരീഷും സഞ്ജു സുരേന്ദ്രനും ചേർന്നാണ് അതിന് തിരക്കഥ നിർവഹിച്ചത്. ക്യാംപസിൽ സഞ്ജു എന്റെ സീനിയറായിരുന്നു. ആ സൗഹൃദമാണ് പിന്നീട് ഒരുമിച്ച് പ്രവർത്തിക്കുന്നതിലേക്കും വഴിയൊരുക്കിയത്. ഈ സിനിമയിലേക്ക് വരുന്നതിന് മുൻപ് 2014ൽ സഞ്ജു കപില എന്ന ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിലും ഞാൻ വർക്ക് ചെയ്തിരുന്നു.

Q

ഏദൻ മുതൽ ഇല വീഴാ പൂഞ്ചിറ വരെ എത്തിനിൽക്കുമ്പോൾ മലയാള സിനിമയിൽ വർക്ക് ചെയ്ത അനുഭവം എങ്ങനെയായിരുന്നു?

A

ഒരുപാട് നല്ല ആളുകൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. വെല്ലുവിളികൾ നേരിടുന്നതിനും പുതിയ അനുഭവങ്ങളുണ്ടാക്കുന്നതിനും ഒക്കെ സാധിച്ച വർഷങ്ങളാണ് കടന്നുപോയത്. എം പദ്മകുമാറിനെ പോലെയുളള വളരെ സീനിയറായിട്ടുളളവരുമായി വർക്ക് ചെയ്യാൻ കഴിഞ്ഞു. അതിൽ തന്നെ ചിലർക്കൊപ്പം ഒന്നിലധികം പോജക്ടുകളിൽ വർക്ക് ചെയ്യാനായി. ആർട് ഡയറക്ടർ ഇന്ദുലാൽ, സൗണ്ട് റെക്കോഡിസ്റ്റ് അജയൻ അടാട്ട് (ഏദൻ, ഇല വീഴാ പൂഞ്ചിറ) ഇങ്ങനെ ഒരുപാട് നല്ല ആർട്ടിസ്റ്റുകൾക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു.

Q

ഇപ്പോൾ ഇല വീഴാ പൂഞ്ചിറയിൽ നവാ​ഗത സംവിധായകനൊപ്പമാണ് വർക്ക് ചെയ്തിരിക്കുന്നത്. പുതുമുഖ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോഴുളള അനുഭവം എങ്ങനെയാണ്?

A

ഞാൻ അധികവും വർക്ക് ചെയ്തിട്ടുളളത് നവാ​ഗത സംവിധായകർക്കൊപ്പമാണ് (ചിരിക്കുന്നു). എനിക്കത് ഭയങ്കര സന്തോഷമുളള കാര്യമാണ്. പ്രതീക്ഷിക്കാൻ പറ്റാത്ത ചില സം​ഗതികൾ അതിനകത്തുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. ഷാഹി കബീറുമായുളളത് ​ഗംഭീര എക്സപീരിയൻസ് ആയിരുന്നു. ജോസഫ് മുതലാണ് ഷാഹി കബീറുമായി സൗഹൃദത്തിലാകുന്നതെന്ന് പറഞ്ഞല്ലോ. ഷൂട്ടിങിന് ഒരാഴ്ച മുൻപാണ് ഡയറക്ടർ പദ്മകുമാർ ലണ്ടനിൽ നിന്നുമെത്തുന്നത്. അപ്പോൾ ഞാനും ഷാഹി കബീറുമായിട്ടാണ് ലൊക്കേഷനൊക്കെ കാണാൻ പോയിരുന്നത്. അദ്ദേഹത്തിന് സ്ഥലമൊക്കെ നേരത്തെ അറിയാമായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പമുളള യാത്രയിൽനിന്ന് തന്നെ എനിക്കറിയാമായിരുന്നു ഷാഹി ഒരു ഡയറക്ടർ ആകുമെന്നുളളത്. കാരണം അദ്ദേഹത്തിന്റെ വർത്തമാനങ്ങളൊക്കെ ഒരു എഴുത്തുകാരൻ സംസാരിക്കുന്നതുപോലെ അല്ല, ശരിക്കും ഒരു ഡയറക്ടർ സംസാരിക്കുന്നതുപോലെയായിരുന്നു.

Q

കൗശൽ ഓസയുടെ ഷോർട്ട് ഫിലിമായ ആഫ്റ്റർ ​ഗ്ലോയിലെ അനഹിത ഉബെറോയ് അവതരിപ്പിച്ച നായിക കഥാപാത്രമായ മെഹർ മുതൽ ഇലാ വീഴാ പൂഞ്ചിറയിലെ സൗബിൻ അവതരിപ്പിച്ച മധു വരെയുളള കഥാപാത്രങ്ങളെ എടുത്തു നോക്കുമ്പോൾ അവർക്ക് മുന്നിലുളള ക്ലോസ് അപ്പ് ഷോട്ടുകളിലൂടെ പ്രേക്ഷകരോട് പലതും പറയാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തിൽ കഥാപാത്രത്തിന്റെ നിശബ്ദത പോലും പ്രേക്ഷകരോട് ആശയവിനിമയം നടത്തുന്ന രീതിയിലേക്കുളള വർക്കുകൾ ചെയ്യുമ്പോൾ എന്തുതോന്നുന്നു?

A

ഇതാണ് ഇതിലെ ഏറ്റവും വലിയ ത്രില്ലും ഏറ്റവും വലിയ ചലഞ്ചും സന്തോഷവുമൊക്കെ. സവിധായകനും തിരക്കഥാകൃത്തും എഴുതിവച്ച തിരക്കഥയിലെ സംഭാഷണങ്ങൾ കഥാപാത്രങ്ങൾ പറഞ്ഞോളും. എന്നാൽ വരികൾക്കിടയിലുളളതും കഥാപാത്രങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതുമായ ഇമോഷൻസിനെ കണ്ടെത്തുകയും പകർത്തുകയും ചെയ്യുന്നതാണ് ഒരു ക്യാമറമാനെ സംബന്ധിച്ചുളള പ്രധാനവെല്ലുവിളി. അല്ലാതെ അതിനെ പകർത്തിയാൽ അത് വെറും കവറേജ് മാത്രമേ ആവുകയുളളൂ. കഥാപാത്രങ്ങളെ പരാമവധി ഫ്രീയാക്കി അവരുടെ പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കാറുളളത്. കഥാപാത്രങ്ങളെ ഒരു തരത്തിലും ശല്യം ചെയ്യാൻ പാടില്ല. അത് അവരുടെ പ്രകടനത്തെ ബാധിക്കും.

ഇപ്പോൾ സഞ്ജു സുരേന്ദ്രന്റെയും ഷാഹി കബീറിന്റെയുമൊക്കെ ടീമിൽ വർക്ക് ചെയ്യുമ്പോൾ ആർട്ടിസ്റ്റുകൾക്ക് ആ ഫ്രീ സ്പെയിസ് കിട്ടാറുണ്ട്. ജോസഫിൽ ജോജു ജോർ‌ജിന് ദേശീയപുരസ്കാരം ലഭിക്കുമ്പോഴും അത് നമുക്ക് ലഭിക്കുന്നതായി തോന്നുന്നത് അതുകൊണ്ടാണ്. തിരിച്ച് എനിക്കിപ്പോൾ അവാർഡ് ലഭിച്ചപ്പോഴും അതിൽ സൗബിൻ ചേട്ടന്റെയും സുധി കോപ്പയുടെയും പ്രകടനമികവിന്റെ പ്രാധാന്യം വളരെയേറെയാണ്. പരസ്പരമുളള കൊടുക്കൽ വാങ്ങലുകൾക്ക് വളരെയേറെ പ്രാധ്യാന്യമുണ്ട്. അതുകൊണ്ടുതന്നെ ആർട്ടിസ്റ്റുകളുമായി അടുത്ത ബന്ധമുളള വർക്കുകളിലൊക്കെ അത് എനിക്ക് പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

Q

ഇതുവരെ അ‍ഞ്ച് ചിത്രങ്ങളുടെ ഭാ​ഗമായിരിക്കുകയാണ്. ചെയ്ത് ചിത്രങ്ങളെല്ലാം തന്നെ വളരെ സാമൂഹിക പ്രതിബദ്ധതയുളള ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളൊക്കെ വളരെ സ്വാഭാവികമായി വന്നുചേർന്നതാണോ അല്ല സ്വയം തിരഞ്ഞെടുത്തവയായിരുന്നോ?

A

ഞാൻ ചെയ്തിട്ടുളള എല്ലാ സിനിമകളും എനിക്ക് ഇഷ്ടമായി തിരഞ്ഞെടുത്തവ തന്നെയായിരുന്നു. ആദ്യം ചിത്രം ചെയ്തശേഷം ലഭിച്ച സൗഹൃദങ്ങളും അതിനുപുറമെ കേൾക്കുന്ന കഥകൾ ഇഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഈ ചിത്രങ്ങളുടെയൊക്കെ ഭാ​ഗമായത്. പിന്നെ ഇതുവരെ ചെയ്യാത്ത പുതിയ രീതിയിലുളള കഥകൾ ചെയ്യാനാണ് കൂടുതലും ഇഷ്ടം. എന്റെ സിനിമകളിൽ സൗഹൃദത്തിന് വളരെ ആഴത്തിലുളള ബന്ധമുണ്ട്. ഞാൻ പ്രീപ്രൊഡക്ഷനിൽ നന്നായി വർക്ക് ചെയ്യുന്ന ഒരാൾ കൂടിയാണ്. ആർട് ഡയ്റക്ടർ മുതൽ കോസ്റ്റ്യൂം, കളറിസ്റ്റ് വരെയുളള എല്ലാ ആൾക്കാരെയും ഉൾപ്പെടുത്തി വർക്ക് ചെയ്യാനാണ് ഞാൻ ശ്രമിക്കാറുളളത്.

Q

നവാ​ഗത സംവിധായികയായ ഇന്ദു വിഎസിനൊപ്പെം 19(1)(a) യും അഞ്ജലി മേനോനൊപ്പം വണ്ടർ വിമണിലും വർക്ക് ചെയ്തിരുന്നു. ഇവർക്കൊപ്പം വർക്ക് ചെയ്തപ്പോഴുളള അനുഭവങ്ങൾ എങ്ങനെയുണ്ടായിരുന്നു?

A

വളരെ സീനിയറായ സംവിധായിക ആണ് അഞ്ജലി. ബാം​ഗ്ലൂർ ഡെയ്സ് പോലുളള വലിയ ചിത്രങ്ങൾ ചെയ്തു വിജയിപ്പിച്ച സംവിധായികയാണ് അവർ. ഒരു കുടുംബം പോലെ വർക്ക് ചെയ്യാൻ പറ്റുന്ന ടീമാണ് അവർക്കുളളത്. അധികവും മുബൈയിൽനിന്നുമുളള ക്രൂവാണ് അവരുടെ. വളരെ പ്രൊഫഷണലായ ഒരു ടീമാണത്. അവർക്കൊപ്പെമൊക്കെ വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാടു സന്തോഷമുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.

Q

ഒരു ഛായാ​ഗ്രഹകൻ എന്ന നിലയിൽ ആരാണ് റോൾമോഡൽ?

A

മലയാളത്തിൽ സിനിമ കണ്ടു വരുമ്പോൾ തന്നെ നമ്മൾ കേട്ടുവരുന്ന പേരുകളാണ് സന്തോഷ് ശിവൻ, വേണു എന്നിവരൊക്കെ. ഇവരൊക്കെയാണ് തുടക്കക്കാലത്തെ മാതൃകൾ. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയപ്പോൾ നേരത്തെ പാസ് ഔട്ടായ രാജീവ് രവി, മധു നീലകണ്ഠൻ ഇവരൊക്കെ ഇൻസ്റ്റിറ്റ്യൂട്ടിൽ വരികയും വർക്ക്ഷോപ്പുകൾ എടുക്കുകയും ചെയ്തിരുന്നു. സംശയങ്ങളൊക്കെ വരുമ്പോൾ ഇവരോടൊക്കയാണ് ചോദിക്കാറുളളത്. ഇവരൊക്കെ തന്നെയാണ് എന്റെ പ്രചോദനവും.

Q

ഇനി വരാനിരിക്കുന്ന പ്രോജക്ടുകൾ ഏതൊക്കയാണ്?

A

മറഡോണ സിനിമ സംവിധാനം ചെയ്ത വിഷ്ണു നാരായണന്റെ രണ്ടാമത്തെ ചിത്രമാണ് ഇനി വരാനിരിക്കുന്നത്. 'നടന്ന സംഭവം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത് ബിജു മേനോനും സുരാജ് വെഞ്ഞാറമൂടുമാണ്. ഫാമിലി എന്റർടെയ്ൻമെന്റായ ചിത്രം നിർമിക്കുന്നത് അനൂപ് കണ്ണനാണ്. 'അപ്പൻ' സംവിധാനം ചെയ്ത മജുവിന്റെ അടുത്ത ചിത്രമാണ് ഇനി ഷൂട്ട് ചെയ്യാനുളളത്. ഓഗസ്റ്റിലായിരിക്കും ഷൂട്ടിങ് ആരംഭിക്കുക.

logo
The Fourth
www.thefourthnews.in