ബോളിവുഡോ കോളിവുഡോ വേണ്ട, ഇന്ത്യന്‍ സിനിമ മതി ; ഭാഷാ അടിസ്ഥാനത്തിലുള്ള വേർതിരിവിനെതിരെ മണിരത്‌നം

ബോളിവുഡോ കോളിവുഡോ വേണ്ട, ഇന്ത്യന്‍ സിനിമ മതി ; ഭാഷാ അടിസ്ഥാനത്തിലുള്ള വേർതിരിവിനെതിരെ മണിരത്‌നം

ഹിന്ദി സിനിമ, ബോളിവുഡ് എന്ന് സ്വയം വിളിക്കുന്നത് നിര്‍ത്തിയാല്‍ വേർതിരിവ് അവസാനിക്കും
Published on

സിനിമ മേഖലകളെ ബോളിവുഡ്, കോളിവുഡ്, മോളിവുഡ് എന്നിങ്ങനെ വേർതിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകൻ മണിരത്നം. അവയെല്ലാം ഇന്ത്യൻ സിനിമകളാണ്. ഇന്ത്യൻ സിനിമയെന്നാൽ നിലവിൽ ബോളിവുഡാണെന്നാണ് എന്ന് ലോകം ധരിക്കുന്നത്. ആ ധാരണ മാറണമെങ്കിൽ ആദ്യം ഹിന്ദി സിനിമ, ബോളിവുഡ് എന്ന് സ്വയം വിളിക്കുന്നത് നിര്‍ത്തണം . എന്നാൽ മാത്രമേ ലോകം, ഇന്ത്യന്‍ സിനിമയെ ബോളിവുഡായി കണക്കാക്കുന്നത് അവസാനിപ്പിക്കൂ എന്നും മണിരത്നം പറഞ്ഞു.

ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റിന്റെ രണ്ടാം പതിപ്പില്‍ ‍ ദക്ഷിണേന്ത്യന്‍ സിനിമയുടെ സ്വാധീനത്തെക്കുറിച്ചും ഇന്ത്യന്‍ സിനിമയെ ബോളിവുഡായി മാത്രം കണക്കാക്കുന്നതിനെക്കുറിച്ചുമുള്ള സെഷനിലായിരുന്നു മണിരത്നത്തിന്റെ പ്രതികരണം

മുൻപ് സംവിധായകന്‍ വെട്രിമാരനും സമാനമായ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. താൻ ബോളിവുഡ്, കോളിവുഡ് തുടങ്ങിയ 'വുഡ്ഡു'കളുടെ ആരാധകനല്ലെന്നും, എല്ലാ ഭാഷകളെയും ഒരുമിച്ച് ഇന്ത്യന്‍ സിനിമയായി കാണണമെന്നുമായിരുന്നു വെട്രിമാരന്റെ അഭിപ്രായം.

പ്രാദേശിക സിനിമകളെ ആഗോളമായി വിപണനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സമ്മിറ്റിൽ പങ്കെടുത്ത കന്നഡ സംവിധായകനും നടനുമായ റിഷഭ് ഷെട്ടി സംസാരിച്ചത്. സിനിമയുടെ പ്രമേയം രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നതായിരിക്കണമെന്ന് റിഷഭ് ഷെട്ടി പറഞ്ഞു

logo
The Fourth
www.thefourthnews.in