രജനികാന്തിന്റെ ബാബ' തെന്നിന്ത്യയിലെ
കരിയര്‍ അവസാനിപ്പിച്ചു- മനീഷ കൊയ്‌രാള

രജനികാന്തിന്റെ ബാബ' തെന്നിന്ത്യയിലെ കരിയര്‍ അവസാനിപ്പിച്ചു- മനീഷ കൊയ്‌രാള

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ത്യന്‍, ബോംബെ, ആളവന്താന്‍ എന്നിങ്ങനെ തമിഴിലെ സൂപ്പര്‍ഹിറ്റ് നായികയായിരുന്നു ഒരു കാലത്ത് മനീഷ കൊയ്‌രാള. എന്നാല്‍ തെന്നിന്ത്യൻ സിനിമാലോകത്ത് നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ നായികമാരില്‍ മനീഷയുടെ പേരും ചേർക്കപ്പെട്ടു. 2002ല്‍ ഇറങ്ങിയ ബാബയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമകളില്‍ അവര്‍ അധികം അഭിനയിച്ചിരുന്നില്ല. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മനീഷ.

2002ല്‍ രജനീകാന്ത് നായകനായെത്തിയ ചിത്രമായിരുന്നു ബാബ. സൂപ്പര്‍ നാച്ചുറല്‍ ആക്ഷന്‍ ത്രില്ലർ എന്ന വിശേഷണത്തോടെയെത്തിയ സിനിമ തിയറ്ററുകളില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. രജനികാന്തിന്റെ ചിത്രമായിരുന്നത് കൊണ്ട് തന്നെ വന്‍ പ്രതീക്ഷകളോടെയാണ് സിനിമ റിലീസിനെത്തിയത്. സിനിമയുടെ പരാജയം തെന്നിന്ത്യൻ സിനിമകളിലെ തൻ്റെ കരിയറിനെയാകെ മോശമായി ബാധിച്ചതായി മനീഷ പറയുന്നു.

'തമിഴിലെ എന്റെ അവസാനത്തെ ഏറ്റവും വലിയ ചിത്രമായിരുന്നു ബാബ. ബോക്സോഫീസില്‍ ചിത്രം തകർന്ന് തരിപ്പണമായി. വലിയ പ്രതീക്ഷകളാണ് ബാബയ്ക്ക് മേല്‍ ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ എന്റെ കരിയര്‍ അവസാനിച്ചെന്ന് ഞാന്‍ കരുതി, അത് തന്നെ സംഭവിക്കുകയും ചെയ്തു. ബാബ ചെയ്യുന്നതിന് മുമ്പായി ധാരാളം തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്തു, എന്നാല്‍ ബാബ പരാജയപ്പെട്ടതോടെ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമെ ലഭിച്ചുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ വിണ്ടും റിലീസ് ചെയ്തപ്പോള്‍ ചിത്രം ഹിറ്റായിരുന്നുവെന്നും മനീഷ ചൂണ്ടികാട്ടി. രജനകാന്തിന് ഒരിക്കലും പരാജയ സിനിമകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും ഒപ്പം അഭിനയിക്കുമ്പോള്‍ ഇത്രയും സഹായമനസ്‌കതയുള്ളയാള്‍ വേറെയില്ലെന്നും മനീഷ പറയുന്നു.

കഴിഞ്ഞ വര്‍ഷം രജനീകാന്തിന്റെ ജന്മദിനത്തിലാണ് ബാബ വീണ്ടും റിലീസ് ചെയ്തത്. സിനിമയ്ക്ക് തിയറ്ററില്‍ നല്ല കളക്ഷന്‍ നേടാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഭിനയത്തിന് പുറമെ ബാബയുടെ നിര്‍മ്മാണവും രജനി കാന്ത് തന്നെയായിരുന്നു. സിനിമയുടെ തിരക്കഥയിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. നിരീശ്വരവാദിയായ ഒരു ചെറുപ്പക്കാരന്‍ പിന്നീട് താന്‍ ഹിമാലയന്‍ സന്യസിയുടെ പുനര്‍ജന്മമാണെന്ന് തിരിച്ചറിയുന്നതാണ് കഥ.

logo
The Fourth
www.thefourthnews.in