മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം 'വെള്ളരി പട്ടണം' തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം 'വെള്ളരി പട്ടണം' തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് സംബന്ധിച്ച് ഏറെ ചർച്ചകൾക്ക് ശേഷമാണ് റിലീസ് തീയതി പ്രഖ്യാപിക്കുന്നത്

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'വെള്ളരി പട്ടണം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 24ന് ചിത്രം തീയറ്ററുകളിലെത്തും. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് സംബന്ധിച്ച് ഏറെ ചർച്ചകൾക്ക് ശേഷമാണ് റിലീസ് തീയതി പ്രഖ്യാപിക്കുന്നത്. ചിത്രം മാർച്ച് 24ന് തീയറ്ററുകളിൽ എത്തുമെന്ന് അറിയിച്ച് അണിയറ പ്രവർത്തകർ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചു. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു. 'വെള്ളരിക്കാപ്പട്ടണം' എന്നായിരുന്നു ആദ്യം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇതേ പേരിൽ മറ്റൊരു ചിത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, പിന്നീട് ചിത്രത്തിന്റെ പേര് 'വെള്ളരിപ്പട്ടണം' എന്ന് മാറ്റുകയായിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം 'വെള്ളരി പട്ടണം' തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
'ടിക്കി ടാക്ക', കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ആസിഫ് അലി; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനായ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാ സംവിധായകന്‍. ബെന്നി കട്ടപ്പനയാണ് പ്രൊജക്ട് ഡിസൈനർ ,അപ്പു എന്‍ ഭട്ടതിരി - എഡിറ്റിങ് . ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.

logo
The Fourth
www.thefourthnews.in