ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലമില്ലാത്ത ഭദ്രകാളി; പാരയായി മാറിയ പാട്ട്

ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലമില്ലാത്ത ഭദ്രകാളി; പാരയായി മാറിയ പാട്ട്

അടിയന്തരാവസ്ഥക്കാലത്ത് ഉന്നം തെറ്റി സഞ്ചരിച്ച ഒരു സിനിമാപ്പാട്ടിന്റെ കഥ പങ്കുവയ്ക്കുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ

കണ്ണടച്ചു തുറന്നാൽ മുന്നിൽ തെളിയുക സെൻട്രൽ ജയിലിന്റെ കൂറ്റൻ കവാടം; കാതിൽ മുഴങ്ങുക പോലീസ് ജീപ്പിന്റെ നിലയ്ക്കാത്ത സൈറണ്‍. "ഉറക്കം നഷ്ടപ്പെട്ടു എനിക്ക്. പാട്ടെഴുത്തുകാരനാകേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി. ജീവനേക്കാൾ വിലയുള്ളതല്ലല്ലോ പാട്ടെഴുത്തിൽ നിന്നു കിട്ടുന്ന പ്രശസ്തി,'' പൊട്ടിച്ചിരിക്കുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ.

ഇന്നിപ്പോൾ ഓർത്തോർത്തു ചിരിക്കാം. പക്ഷേ അന്ന് അതായിരുന്നില്ല സ്ഥിതി. അടിയന്തരാവസ്ഥക്കാലമാണ്. 'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യം ഭീഷണിയുടെ സ്വരത്തിൽ നാടെങ്ങും അലയടിക്കുന്ന കാലം. സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾ ചോദ്യം ചെയ്ത് കഥയെഴുതാനും സിനിമ പിടിക്കാനും ചിത്രം വരയ്ക്കാനും ഇറങ്ങിപ്പുറപ്പെട്ടവർ വഴിക്കുവഴിയായി ജയിലിലേക്ക് യാത്രയാകുന്നു.

ഭരണകൂടം ജനത്തേയും ജനം തിരിച്ചും സംശയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന ആ കാലത്താണ് ഹരിഹരൻ സംവിധാനം ചെയ്ത "തെമ്മാടി വേലപ്പൻ" (1976) എന്ന സിനിമയ്ക്ക് വേണ്ടി മങ്കൊമ്പ് ഒരു തമാശപ്പാട്ടെഴുതുന്നത്: "ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലമില്ലാത്ത ഭദ്രകാളി, ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി...''

പ്രേംനസീർ അഭിനയിച്ച വേലപ്പൻ എന്ന നിഷേധിയായ നായകകഥാപാത്രം സ്ഥലത്തെ പ്രമാണിയുടെ മകളും അഹങ്കാരിയുമായ ജയഭാരതിയെ കണക്കിന് പരിഹസിച്ചുകൊണ്ട്‌ പാടുന്ന ഗാനം. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞും ഭരണത്തിനെതിരെ ജാഥകളും യോഗങ്ങളും സംഘടിപ്പിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ സംഘടനകൾ, ആ പാട്ടിന്റെ വരികൾക്കിടയിൽ കണ്ടെത്തിയത് ജയഭാരതി അവതരിപ്പിച്ച സിന്ധു എന്ന കഥാപാത്രത്തെ അല്ല; സാക്ഷാൽ ഇന്ദിരാഗാന്ധിയെ തന്നെ! ഇന്ദിരയുടെ ഏകാധിപത്യ നയങ്ങൾക്കൊരു കൊട്ട് കൊടുക്കാൻ ഇതിലും നല്ലൊരു വടിയില്ലെന്ന് തിരിച്ചറിയുന്നു അവർ.

"ഒരു രാഷ്ട്രീയപ്പാർട്ടിയോടും ചായ്‌വില്ല എനിക്ക്. ഇന്ദിരാഗാന്ധിയോട് പ്രത്യേകിച്ച് വിരോധവുമില്ല. സിനിമയിലെ സന്ദർഭത്തിന് യോജിച്ച ഒരു ഗാനം എഴുതുമ്പോൾ അതിങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല ഞാൻ,'' മങ്കൊമ്പ് പറയുന്നു. പടം പുറത്തിറങ്ങി ഹിറ്റാകും മുൻപേ പാട്ടിന്റെ വരികൾ സൂപ്പർഹിറ്റായി; പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകർക്കിടയിൽ പ്രത്യേകിച്ചും. അടിയന്തരാവസ്ഥയ്ക്കും ഇന്ദിരയ്ക്കുമെതിരായ പ്രതിഷേധ യോഗങ്ങളിൽ ഒരു സ്ഥിരം അജണ്ടയായി മാറി ആ ഗാനം. ക്യാംപസുകളിലായിരുന്നു പാട്ടിന് ആരാധകർ ഏറെ.

"ഇന്ദിരയെ കരിതേച്ചു കാണിക്കാൻ കരുതിക്കൂട്ടി എഴുതിയ ഗാനമാണ് അതെന്നു ചിത്രീകരിക്കാൻ വരെ നീക്കമുണ്ടായി. മുടിചൂടാ മന്നന്റെ പ്രിയസന്തതി, മൂളിയലങ്കാരിയുടെ വക്രബുദ്ധി, എള്ളുകൊറിച്ചാൽ എള്ളോളം പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം എന്നൊക്കെയുണ്ട് പാട്ടിൽ. അതൊക്കെ വേറൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പല കോളേജുകളിലും ഈ പാട്ടുപാടി വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ കോലം കത്തിക്കുന്ന സ്ഥിതിവരെ എത്തി.

ഇന്നത്തെ പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളികൾ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന കാലമല്ല. പ്രതിഷേധിക്കുന്നവർ ഇരുചെവിയറിയാതെ നേരെ തടവറയിലേക്കാണ് പോകുക.

ആലപ്പുഴ എസ് ഡി കോളേജിൽ വിദ്യാർഥിനിയായിരുന്ന എന്റെ പെങ്ങൾ ഒരു ദിവസം ക്ലാസ് വിട്ടുവന്ന് പറഞ്ഞതുകേട്ടപ്പോഴാണ് സ്ഥിതിഗതികൾ കൈവിട്ടുപോകാൻ ഇടയുണ്ടെന്ന് എനിക്ക് തോന്നിയത്. ഈ പാട്ടിന്റെ പേരിൽ രണ്ടു സംഘടനകൾ തമ്മിൽ സംഘട്ടനം വരെ ഉണ്ടായത്രേ അവിടെ.''

ഇന്നത്തെ പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളികൾ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന കാലമല്ല. പ്രതിഷേധിക്കുന്നവർ ഇരുചെവിയറിയാതെ നേരെ തടവറയിലേക്കാണ് പോകുക. മാധ്യമങ്ങൾ പോലുമുണ്ടാകില്ല അവർക്കുവേണ്ടി വാദിക്കാൻ. മങ്കൊമ്പിന് ചെറിയൊരു ഉൾക്കിടിലം തോന്നിയത് സ്വാഭാവികം. "ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ നോട്ടപ്പുള്ളിയായതിലായിരുന്നു എനിക്ക് ദുഃഖം. എത്രയും വേഗം പ്രായശ്ചിത്തം ചെയ്തേ പറ്റൂ. ഇന്ദിരാ വിരുദ്ധൻ എന്ന പ്രതിച്ഛായയിൽനിന്ന് പുറത്തുകടക്കണം. പക്ഷേ, എങ്ങനെ?''

അധികം കാത്തിരിക്കേണ്ടി വന്നില്ല അതിനുള്ള അവസരം വീണുകിട്ടാൻ. 'തെമ്മാടി വേലപ്പന്' തൊട്ടുപിന്നാലെ ഹരിഹരൻ സംവിധാനം ചെയ്ത 'സംഗമം' എന്ന ചിത്രം. പതിവുപോലെ മങ്കൊമ്പ് - എം എസ് വിശ്വനാഥൻ ടീമാണ് ഗാനശിൽപ്പികൾ. കുട്ടികൾ ചേർന്ന് നടത്തുന്ന ഒരു ശ്രമദാനത്തിന്റെ രംഗമുണ്ട് പടത്തിൽ. ദേശീയോദ്ഗ്രഥനം വിഷയമാക്കി ഒരു പാട്ട് വേണം അവിടെ. ഹരിഹരനുമായി ആലോചിച്ച് ഒരു കാര്യം തീരുമാനിക്കുന്നു മങ്കൊമ്പ്. അടിയന്തരാവസ്ഥയുടെ ഭാഗമായി നടപ്പിലാക്കിയ ഇരുപതിന പരിപാടിയെ പ്രകീർത്തിച്ചു കൊണ്ടാകണം ഗാനം.

യേശുദാസും സംഘവും പാടിയ "ആദികവിയുടെ ആശ്രമമേ ആർഷഭാരതമേ' എന്ന ഗാനത്തിന്റെ ചരണത്തിൽ ``ഇതളിട്ടു വിടർന്നു നിൻ തിരുമുറ്റത്ത് ഇരുപത് ദളമുള്ള പുഷ്പം, അമൃത നിഷ്യന്തിയാം അതിൻ പരാഗങ്ങളണിയും ജനഗണഹൃദയങ്ങൾ'' എന്നീ വരികൾ എഴുതിച്ചേർക്കുന്നു മങ്കൊമ്പ്. "എഴുതുക മാത്രമല്ല ആ പാട്ടിന്റെ ഇംഗ്ലീഷ് തർജമ പടത്തിന്റെ നിർമാതാവായ പി വി ഗംഗാധരൻ വഴി നേരിട്ട് ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് കത്ത് കിട്ടിയ ശേഷമേ എനിക്ക് സമാധാനമായുള്ളൂ.''

പ്രായശ്ചിത്തം അൽപ്പം കടന്നുപോയില്ലേ എന്ന് ചോദിക്കുന്നവരോട് മങ്കൊമ്പിന് പറയാനുള്ളത് ഇത്രമാത്രം: "സന്ദർഭത്തിന് ഇണങ്ങുന്ന പാട്ടെഴുതുകയാണ് പ്രൊഫഷണൽ ഗാനരചയിതാവിന്റെ ധർമം. ആ ധർമമേ ഇവിടെയും നിർവഹിച്ചിട്ടുള്ളൂ ഞാൻ. ജീവനിൽ കൊതിയുള്ള ആരും അതേ ചെയ്യൂ അന്ന്.''

logo
The Fourth
www.thefourthnews.in