രത്‌നവേല്‍ ആഘോഷിക്കപ്പെടുന്നതിന് പിന്നിൽ ജാതിരാഷ്ട്രീയം മാത്രമല്ല; ആ സീനുകൾ കട്ട് ചെയ്യാൻ കാരണമുണ്ട്: രവീണ അഭിമുഖം

രത്‌നവേല്‍ ആഘോഷിക്കപ്പെടുന്നതിന് പിന്നിൽ ജാതിരാഷ്ട്രീയം മാത്രമല്ല; ആ സീനുകൾ കട്ട് ചെയ്യാൻ കാരണമുണ്ട്: രവീണ അഭിമുഖം

രത്നവേലിന്റെ ഭാര്യയ്ക്ക് ആദ്യം പേര് പോലും ഉണ്ടായിരുന്നില്ല

മാരി സെൽവരാജ് ചിത്രം മാമന്നൻ ഒടിടിയിലെത്തിയതോടെ ഫഹദിന്റെ രത്നവേൽ ട്വിറ്ററിൽ തരംഗമാണ്. രത്നവേൽ ആഘോഷിക്കപ്പെടുമ്പോൾ, സംവിധായകൻ മാരി സെൽവരാജ് ആഗ്രഹിച്ചതിന് വിപരീതഫലമാണോ മാമന്നൻ ഉണ്ടാക്കുന്നത്? തമിഴ്നാട്ടിലെ ജാതി രാഷ്ട്രീയമാണോ ട്വിറ്ററിലെ രത്നവേൽ തരംഗം?... മാമന്നന്റെ വിശേഷങ്ങളുമായി രത്നവേലിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച രവീണ രവി.

രത്നവേലും ജ്യോതിയും സോഷ്യൽ മീഡിയയിലെ ആഘോഷങ്ങളും

നമ്മൾ ചെയ്ത ഒരു ചിത്രം ആഘോഷിക്കപ്പെടുന്നുവെന്ന നിലയിൽ നല്ല സന്തോഷമുണ്ട്. ആകെ കുറച്ച് സീനിലെ ഉള്ളൂവെങ്കിലും ഇത്ര വലിയ അംഗീകാരം, അതൊട്ടും പ്രതീക്ഷിക്കാത്തതാണ് ...

'ജ്യോതിയുടെ കണ്ണിൽ ഉണ്ടായിരുന്നു കഥ' എന്നൊരു കമന്റ് കണ്ടു. അതൊക്കെ അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ്. ട്രോളും മീമും ഒക്കെ മാരിക്ക് (സംവിധായകൻ മാരി സെൽവരാജ്) അയച്ചുകൊടുത്തു. മീം ഒരു ആക്ടറെ ഇവളവ് സന്തോഷപ്പെടുത്തുന്ന് ഇപ്പ താൻ തെരിയിത് (മീം ഒരു ആക്ടറെ ഇത്ര സന്തോഷിപ്പിക്കുമെന്ന് ഇപ്പോഴാണ് മനസിലാകുന്നത്) എന്നായിരുന്നു മാരിയുടെ പ്രതികരണം.

ഡയലോഗ് മാത്രമല്ല പേരും ഉണ്ടായിരുന്നില്ല

ഡയലോഗ് ഒന്നും ഉണ്ടാവില്ലെന്ന് ചിത്രത്തിലേക്ക് വിളിക്കുമ്പോൾ തന്നെ മാരി പറഞ്ഞിരുന്നു . ജാതിരാഷ്ട്രീയമാണ് പ്രമേയമെന്നും ഫഹദ്, ഉദയനിധി, വടിവേലു എന്നിവരാണ് പ്രധാന വേഷത്തിലെന്നും മാത്രമാണ് അറിയാമായിരുന്നത്. കഥ പോലും കേട്ടിരുന്നില്ല. എന്തിനേറെ കഥാപാത്രത്തിന് പേര് പോലും ഉണ്ടായിരുന്നില്ല, പക്ഷേ മാരി ഒരു നല്ല ഫിലിം മേക്കറാണെന്നതുപോലെ ഫഹദും ഉദയനിധിയും വടിവേലുവുമൊക്കെയുള്ള മികച്ച ടീമിനെയും കണ്ടാണ് മാമന്നിലെത്തുന്നത്. ഡയലോഗില്ലെങ്കിലും നല്ല സ്ക്രീൻ പ്രസൻസ് ഉണ്ടാകുമെന്ന് മാരി പറഞ്ഞിരുന്നു

ഇന്റർവെല്ലിന് തൊട്ടുമുൻപുള്ള, പൂട്ടിയിടുന്ന സീനിൽ രത്നവേൽ അകത്തുകിടന്ന് വിളിക്കുന്നുണ്ട് . ആ സീൻ എടുക്കുമ്പോഴാണ് കഥാപാത്രത്തിന് പേരില്ലല്ലോ പിന്നെ എന്തുവിളിക്കുമെന്ന് ആലോചിക്കുന്നത്. ആ സമയത്ത് പെട്ടെന്നാണ് ജ്യോതി മഹാലക്ഷ്മി എന്ന് പേരിടുന്നത്. ആ സീൻ എടുക്കാൻ കാരാവനിൽനിന്ന് ഇറങ്ങി സെറ്റിലേക്ക് ചെല്ലുമ്പോഴും എന്താ സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് അറിയില്ല. അസിസ്റ്റൻസിനോട് ചോദിച്ചെങ്കിലും സാർ സൊല്ലുവാങ്കേ ( സാർ പറയും) എന്ന് പറഞ്ഞു. സീൻ എടുക്കുന്നതിന് തൊട്ടുമുൻപാണ് മാരി പറയുന്നത് രത്നവേലിനെ പൂട്ടിയിടണമെന്ന് . ഇത്രേം വലിയ ആക്ടറെ പൂട്ടിയിടണോ എന്നാണ് ആദ്യം ചിന്തിച്ചത് (ചിരിക്കുന്നു)

അതുപോലെ തന്നെ ആദ്യം എന്നെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനൊന്നും തീരുമാനിച്ചിരുന്നില്ല, അതൊക്കെ ഷൂട്ടിനിടയിൽ കൂട്ടിച്ചേർത്തതാണ്.

സീനുകൾ കട്ട് ചെയ്തതതിന് കാരണമുണ്ട്

പതിനേഴ്- പതിനെട്ട് ദിവസം ഷൂട്ട് ചെയ്തിരുന്നു. ഫഹദിനൊപ്പം കുറേയേറെ സീനുകളും ഉണ്ടായിരുന്നു. പക്ഷേ സിനിമ വന്നപ്പോൾ വളരെ കുറച്ചേയുള്ളല്ലോ എന്ന വിഷമമുണ്ടായി. അത് സ്വഭാവികവുമാണല്ലോ... പക്ഷേ ചോദിച്ചില്ലെങ്കിലും അതുമനസിലാക്കി മാരി എന്നെ വിളിച്ചു. സിനിമയെ ബാധിക്കുമെന്ന് തോന്നിയ ചില സീനുകളാണ് മാറ്റിയതെന്ന് പറഞ്ഞു. കാരണം കട്ട് ചെയ്ത സീനുകളിൽ കൂടുതലും രത്നവേൽ ഇമോഷണൽ ആകുന്ന രംഗങ്ങളാണ്. ഇത്രയും ക്രൂരനായ, വില്ലനായ, രത്നവേലിനെ ഈ ഇമോഷണൽ സീനുകൾ ദുർബലമാക്കും. അതിനാലാണ് അവ നീക്കം ചെയ്തത്. ഒരുപക്ഷേ ആ സീനുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ നമ്മൾ കാണുന്ന എഫക്ട് രത്നവേലിന് ഉണ്ടാകുമായിരുന്നില്ല. രത്നവേലിനെ ഇങ്ങനെ അവതരിപ്പിക്കാനാകും മാരി ഇഷ്ടപ്പെട്ടത്.

പക്ഷേ, രത്നവേൽ ആഘോഷിക്കപ്പെടുമ്പോൾ മാമന്നൻ വിപരീത ഫലമല്ലേ ഉണ്ടാക്കുന്നത് ?

ഈ ആഘോഷങ്ങൾക്ക് പിന്നിൽ തമിഴ്നാടിന്റെ ജാതി രാഷ്ട്രീയമുണ്ടായിരിക്കാം. ഇല്ലെന്ന് പറയാൻ പറ്റില്ല. പക്ഷേ അതിനേക്കാളുപരി ആ കഥാപാത്രത്തെ അത്രമേൽ മികച്ചതാക്കിയ ഫഹദാണ് ഈ ആഘോഷങ്ങളുടെ യഥാർത്ഥ കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതിന് മുൻപ് വന്ന വിക്രം നോക്കിയാലും നമുക്കത് മനസിലാകും. കമൽ സാറിനൊപ്പം ( കമൽഹാസൻ) ഫഹദും പ്രശംസിക്കപ്പെട്ടിരുന്നു. അത് ലഭിക്കുന്ന ഓരോ കഥാപാത്രത്തോടും ഫഹദ് പുലർത്തുന്ന നീതിക്ക് ലഭിക്കുന്ന റിസൾട്ടാണ്. ടേക്ക് എന്ന് പറയുമ്പോൾ ഫഹദിന് സംഭവിക്കുന്നൊരു മാജിക് ഉണ്ട്, അത് നേരിൽ കണ്ട ആളാണ് ഞാൻ. അതുകൊണ്ട് ഇതൊക്കെ ആ അഭിനയമികവിന് ലഭിക്കുന്ന അംഗീകാരങ്ങളായാണ് കാണുന്നത്.

മന്ത്രിയെന്നോ നിർമാതാവ് എന്നോ തോന്നിപ്പിക്കാത്ത ഉദയനിധിയും തങ്കം പോലെ വടിവേലുവും

വളരെ സിംപിൾ ഹമ്പിൾ ആയ ആളാണ് ഉദയനിധി. അദ്ദേഹം മന്ത്രിയാണെന്നോ നിർമാതാവാണെന്നോ ഒന്നും നമ്മുക്ക് തോന്നില്ല. ആ രീതിയിൽ പെരുമാറാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് തോന്നിയത്. മാത്രമല്ല ഓഡിയോ ലോഞ്ചിനൊക്കെ പോകുമ്പോൾ നീങ്കെ പേശുങ്കെ സിനിമയിലെ പേശവയ്ക്കലേ ഇപ്പയാവത് പേശുങ്കേ (സിനിമയിൽ സംസാരിച്ചിട്ടില്ലല്ലോ, ഇപ്പോൾ സംസാരിക്കൂ) എന്ന് പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു.

ചെറുപ്പം മുതൽ നമ്മളെ ചിരിപ്പിച്ച ആളാണ് വടിവേലു സാർ. ഇപ്പോഴും എന്തെങ്കിലും വിഷമം വന്നാൽ വടിവേലു സാറിന്റെ പഴയ സിനിമകൾ കാണാറുണ്ട്. അത് അദ്ദേഹത്തിനോട് പറഞ്ഞപ്പോൾ അപ്പടിയാ തങ്കം എന്നാണ് ചോദിച്ചത്. വളരെ നല്ല മനുഷ്യനാണ്, ബഹുമാനവും സ്നേഹവും തോന്നുന്ന വ്യക്തിത്വം.

ഡബ്ബിങ്ങും സിനിമയുമായി തിരക്കിലാണ്

ഡോർ എന്ന സിനിമയിൽ ഭാവനയ്ക്കുവേണ്ടിയാണ് ഇപ്പോൾ ഡബ്ബ് ചെയ്യുന്നത്. അടുത്തിടെ ചെയ്തതിൽ ഏറ്റവും ഇഷ്ടം വാലാട്ടിയിൽ അമലുവിന് ഡബ് ചെയ്തതാണ്. തികച്ചും വേറെ തന്നെ എക്സ്പീരിയൻസ് ആണല്ലോ... മലയാളത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പവും ഒരു സിനിമ ചെയ്യുന്നുണ്ട്. ചിത്രീകരണം ഉടൻ തുടങ്ങും. മറ്റൊരു ചിത്രത്തിന്റെ ചർച്ച നടക്കുന്നുണ്ട്. തമിഴിലും രണ്ട് സിനിമ വരുന്നുണ്ട്.

കമന്റൊക്കെ അമ്മയെ വിഷമത്തിലാക്കുന്നുണ്ട്

അഭിനയിക്കാൻ കൂടി തുടങ്ങിയതോടെ അമ്മ നല്ല തിരക്കിലായി. പക്ഷേ അമ്മയുടെ ശബ്ദം അമ്മയ്ക്ക് ചേരില്ലെന്നുള്ള കമന്റൊക്കെ കാണുമ്പോൾ അമ്മയ്ക്ക് നല്ല വിഷമമുണ്ട്. ആർക്കൊക്കെ ഡബ്ബ് ചെയ്തെന്ന് പറഞ്ഞാലും അത് അമ്മയുടെ ശബ്ദം തന്നെയല്ലേ, അതെന്താ ആരും മനസിലാക്കാത്തത് എന്ന് തോന്നാറുണ്ട്.

 അമ്മ ശ്രീജ രവിക്കൊപ്പം രവീണ
അമ്മ ശ്രീജ രവിക്കൊപ്പം രവീണ

വളർന്നത് സിനിമയിൽ

ഞാൻ സിനിമയിലേക്ക് വന്നതല്ല, സത്യത്തിൽ ഞാൻ സിനിമയിൽ തന്നെയാണല്ലോ വളർന്നത്. കൂടുതൽ സമയവും സ്റ്റുഡിയോയിൽ തന്നെയായിരുന്നു ഭക്ഷണവും ഉറക്കവുമൊക്കെ. പഠിച്ചത് ബാങ്കിങ് ആണെങ്കിലും സിനിമയിലേക്കുള്ള വരവ് സ്വാഭാവികമായി തന്നെ സംഭവിക്കുകയായിരുന്നു. ഒന്നും പ്ലാൻ ചെയ്ത് ചെയ്തതല്ല, ഇനിയും അങ്ങനെ തന്നെ ആവും. സംഭവിക്കുന്നതൊക്കെ നല്ലതിനെന്ന് വിശ്വസിക്കാനാണിഷ്ടം...

Related Stories

No stories found.
logo
The Fourth
www.thefourthnews.in