പോരാട്ട വീര്യം പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുമ്പോള്‍; മാമന്നന്‍ - ഒരു വ്യത്യസ്ത കാഴ്ച

പോരാട്ട വീര്യം പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുമ്പോള്‍; മാമന്നന്‍ - ഒരു വ്യത്യസ്ത കാഴ്ച

'മാമന്നനിലെ'ത്തുമ്പോള്‍ പോരാട്ട വീര്യത്തെ പാര്‍ലിമെന്ററി പൊളിറ്റിക്‌സ് എന്ന ഒറ്റ സംവിധാനത്തില്‍ മാത്രം തളച്ചിട്ട് അവരുടെ പോരാട്ട വീര്യത്തെ നിഷ്പ്രഭമാക്കുകയാണ് മാമന്നനിലൂടെ മാരി ചെയ്യുന്നത്..

സ്ഥലപേരുകളില്‍ മുതല്‍ ചായ ഗ്ലാസുകളില്‍ വരെ ജാതി നിറഞ്ഞു നില്‍ക്കുന്ന, സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ജാതിയെ കൃത്യതയോടെ അഡ്രസ് ചെയ്ത ഫിലിം ആയിരുന്നു 'പരിയേറും പെരുമാള്‍' എന്ന മാരി സെല്‍വരാജിന്റെ തമിഴ് ചിത്രം. മേല്‍ജാതിക്കാര്‍ അക്രമോത്സുക ആള്‍കൂട്ടങ്ങളെ അഴിച്ച് വിട്ട് തങ്ങളേക്കാള്‍ താഴ്ന്ന ജാതിയില്‍ ഉള്ളവരുടെ കുടിലുകള്‍ക്ക് തീയിടുന്നതും, കൊന്നും കൊലവിളിച്ചും അവരുടെ ഭൂമി കയ്യടക്കുന്നതും, അതുവഴി അവരുടെ സാമൂഹികപരവും സാമ്പത്തികവും ആയ പരിമിതമായ അധികാരങ്ങള്‍ നേടാനുള്ള ശേഷി നിശ്ശേഷം തകര്‍ക്കുന്നത് എങ്ങിയെന്ന് നല്ല വെടിപ്പായിട്ട് തമിഴ് സംവിധായകന്‍ വെട്രിമാരനും 'അസുരനി'ലൂടെ നമ്മെ കാട്ടി തന്നു.

പോരാട്ട വീര്യം പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുമ്പോള്‍; മാമന്നന്‍ - ഒരു വ്യത്യസ്ത കാഴ്ച
'മാമന്നൻ' ജാതി ഉന്മൂലനത്തിനായുളള പ്രതിരോധത്തിന്റെ രാഷ്ട്രീയം

ഇന്ത്യയില്‍ ജാതി എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നും അത് അധികാരകേന്ദ്രങ്ങളുടെയും പോലീസിന്റെയും ഇടപെടലുകളിലൂടെ, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ മേല്‍ എങ്ങനെ പ്രയോഗിക്കുന്നു എന്നും യുപി പോലുള്ള ഇന്ത്യന്‍ ഗ്രാമങ്ങളുടെ നേര്‍ചിത്രം വരച്ചുകാട്ടികൊണ്ട് 'ആര്‍ട്ടിക്കിള്‍ 15' എന്ന ഹിന്ദി സിനിമയിലൂടെ അനുഭവ സിന്‍ഹയും, എല്ലാകാലവും മര്‍ദ്ദിതര്‍ അപമാനവും ചൂഷണവും സഹിച്ച് ജീവിതം തള്ളി നീക്കുമെന്ന് കരുതി പോരുന്ന വരേണ്യ വര്‍ഗ്ഗങ്ങള്‍ക്കെതിരെ, തങ്ങളെ അടിമയാക്കി അടക്കി ഭരിക്കുന്ന വ്യവസ്ഥിതിക്കെതിരെ വര്‍ദ്ധിത വീര്യത്തോടടെ പോരാടാന്‍, പ്രതിരോധം തീര്‍ക്കാന്‍ ഒരിക്കല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ തയ്യാറാവും എന്നും അന്ന് ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് കൂട്ടില്‍ കിടക്കുന്ന നായയ്ക്ക് വരെ സ്വാതന്ത്ര്യം ഉണ്ടാവുമെന്നും അത്രയ്ക്ക് നീതിബോധത്തോട് കൂടിയ പോരാട്ടമായിരിക്കും മര്‍ദ്ദിതരുടെ പോരാട്ടമെന്ന നിലപാട് മുന്നോട്ട് വെച്ച് കൊണ്ട് രോഹിത് വി എസിന്റെ സംവിധാനത്തില്‍ 'കള' എന്ന പേരില്‍ മലയാളത്തിലും,ഇന്ത്യയില്‍ നടക്കുന്ന ദുരഭിമാന ജാതികൊലപതാകങ്ങളെ ആസ്പദമാക്കി മറാത്തിയില്‍ നിന്ന് 'സൈറാത്തും', 'ഫാന്‍ഡ്രി' പോലുള്ള സിനിമകള്‍ക്കും ശേഷം മാരി സെല്‍വരാജിന്റെ രണ്ടാം സിനിമയായ കര്‍ണ്ണനും മര്‍ദ്ദിതരുടെ പോരാട്ടം പ്രമേയമാക്കി വ്യക്തമായ രാഷ്ട്രീയം തന്നെയാണ് പറയുന്നത്.

പോരാട്ട വീര്യം പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുമ്പോള്‍; മാമന്നന്‍ - ഒരു വ്യത്യസ്ത കാഴ്ച
സിനിമയെ സിനിമയായി കാണണം; മാമന്നനെ വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി, ഹർജി തള്ളി

'പരിയേറും പെരുമാള്‍' നു ശേഷം ഒരുപടി കൂടെ കടന്ന് മര്‍ദ്ദിതന്റെ പ്രതിരോധം ന്യായമാണ് എന്ന കൃത്യമായി മര്‍ദ്ദിതപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചു കൊണ്ട് മാരി സെല്‍വരാജിന്റെ രണ്ടാം വരവാണ് 'കര്‍ണന്‍' എന്ന ശക്തമായ സിനിമ. ഇന്ത്യയില്‍ വളരെ സൂക്ഷ്മമായും സ്വഭാവികവുമായും ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് 'മാടസാമിയുടെ മകന് എന്ത് കൊണ്ട് കര്‍ണ്ണന്‍ എന്ന് പേരിട്ടുകൂടാ' എന്ന ഒറ്റ ഡയലോഗിലൂടെ സംവിധായാകന്‍ കാട്ടി തരുന്നുമുണ്ട്. പരിയേറും പെരുമാളിലെ കൂട്ട് ഒരു ജാതിയെ പോലും പേരെടുത്തു പറയാതെ ജാതി എത്രമാത്രം ഭീകരമായാണ് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണ്ണനിലൂടെ കാണിച്ചുതരുന്നതില്‍ സംവിധായാകന്റെ ആഖ്യാന മികവ് എടുത്ത് പറയേണ്ടത്താണ്.

ഭരണകൂടം അവഗണിച്ചിട്ടിരിക്കുന്ന, നുറ്റാണ്ടുകളായി ജാതിയമായി അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിന്റെ ഐക്യപ്പെട്ടു കൊണ്ടുള്ള പോരാട്ടത്തിന്റെ കഥയാണ് കര്‍ണന്‍. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ഭൂമിക്ക് വേണ്ടിയുള്ള, അതിജീവനത്തിന് വേണ്ടിയുള്ള, ആദിവാസി, ദലിത് സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമര പോരാട്ടങ്ങളെ, മറ്റ് ജനകീയ സമരങ്ങളെ ഭരണകൂടങ്ങളും പോലീസും കൂടി എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നുള്ളതിന്റെ നേര്‍കാഴ്ചകൂടി തമിഴ്നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നടക്കുന്ന കഥയുടെ പശ്ചാതലത്തില്‍ സംവിധായകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

മര്‍ദ്ദിത ജനത നീതിക്ക് വേണ്ടി ഭരണകൂടത്തിന്റെ മര്‍ദ്ദനോപകാരണമായ പോലീസിനെയും അതിന്റെ അധികാര സ്ഥാപനത്തേയയും ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതും, ബ്രാഹ്‌മണിക്കല്‍ ഭരണകൂടങ്ങളുടെ സായുധശക്തിക്കൊണ്ട് എല്ലാകാലത്തും ഒരു ജനതയെ അടിച്ചമര്‍ത്തി കാല്‍കീഴിലിട്ട് സുഖിക്കാമെന്ന് കരുതുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കുള്ള ഒരു താക്കീത് കൂടിയായിട്ടാണ് കര്‍ണ്ണന്‍ എന്ന സിനിമയില്‍ കാണിക്കുന്ന മര്‍ദ്ദിത ജനതയുടെ പോരാട്ട വീര്യം..

ഇത്രയും വിശദീകരിച്ചത്, മാരി സെല്‍വരാജിന്റെ മൂന്നാമത്തെ സിനിമയായ 'മാമന്നനിലെ'ത്തുമ്പോള്‍ ആ പോരാട്ട വീര്യത്തെ പാര്‍ലിമെന്ററി പൊളിറ്റിക്‌സ് എന്ന ഒറ്റ സംവിധാനത്തില്‍ മാത്രം തളച്ചിട്ട് അവരുടെ പോരാട്ട വീര്യത്തെ നിഷ്പ്രഭമാക്കുകയാണ് മാമന്നനിലൂടെ മാരി ചെയ്യുന്നത്. സിനിമയുടെ ആദ്യ പകുതിയില്‍ പ്രതിരോധമില്ലാത്ത മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും എതിരായ അക്രമങ്ങളും, അടിച്ചമര്‍ത്തലിനെതിരായി മര്‍ദ്ദിതര്‍ നടത്തുന്ന അക്രമവും തമ്മിലുള്ള വ്യത്യാസങ്ങളും നായയിലൂടെയും പന്നിയിലൂടെയും ആയോധനവിദ്യ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളിലൂടെയുമൊക്കെ ക്രോസ് കട്ട് ചെയ്ത് കാണിക്കുന്നുമുണ്ട്. അടിച്ചമര്‍ത്തലിനെതിരായ ഏക പോംവഴി പ്രക്ഷോഭമാണ് എന്ന് അടിവരയിടുന്നുമുണ്ട്.

സാമൂഹ്യനീതി എന്ന മുദ്രാവാക്യം ഉയത്തിപിടിച്ചു കൊണ്ട് നിലകൊള്ളുന്ന ഒരു പാര്‍ട്ടിയില്‍ പോലും തിരഞ്ഞെടുപ്പ് വിജയുവുമായി ബന്ധപ്പെട്ട് ജാതി വഹിക്കുന്ന പ്രധാന പങ്ക് വളരെ ശക്തമാണ്. മാമന്നനിൽ മാരി അത് വ്യക്തമായി തന്നെ ചിത്രീകരിക്കുന്നുമുണ്ട്. മഹത്തായ ജനാധിപത്യത്തില്‍ രാം നാഥ് കോവിന്ദ്, ദ്രൗപദി മുര്‍മുവിനെപോലുള്ള ദലിത്, ആദിവാസി പ്രാധിനിധ്യങ്ങള്‍ ഉണ്ടായിട്ടും ദലിത്-ആദിവാസികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കും. അവര്‍ക്കെതിരെയുള്ള, അവരെയീ സാമൂഹിക ജീവിതത്തില്‍ നിന്നൊക്കെ പുറത്താക്കുന്ന നടപടികള്‍ക്ക് മേല്‍ ഈ പ്രാതിനിധ്യങ്ങള്‍ ഒപ്പുവെച്ചു കൊണ്ടേയിരിക്കും.

എന്നിട്ടും നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ച് മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന സംവിധായകന്റെ വ്യാമോഹത്തിന്റെ ഫലമാണ് രണ്ടാം പകുതിയില്‍ ഒരു സാധാരണ വാണിജ്യ സിനിമയുടെ ചേരുവകളുമായി സിനിമ കൂപ്പു കുത്തുന്നത്. ജാതീയതയുടെ മേല്‍ സാമൂഹിക നീതിക്ക് വിജയം കൈവരിക്കാന്‍ പ്രതീക്ഷയുള്ള ഏക ഇടം ജനാധിപത്യം തന്നെയാണ് എന്നതാണ് സിനിമയുടെ രണ്ടാം പകുതിയിലൂടെ സംവിധായകന്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത്. ആ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ അതിന് നിലവിലെ പാർലിമെന്ററി പൊളിറ്റിക്സ് കൊണ്ട് മറി കടക്കാൻ കഴിയുമെന്ന് യാതൊരു പ്രതീക്ഷയുമില്ല.

മര്‍ദ്ദിതരുടെ പ്രതിരോധം ന്യായമാണെന്നുള്ള മര്‍ദ്ദിതപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള പ്രതിരോധങ്ങളും പോരാട്ട വീര്യങ്ങളും പാര്‍ലിമെന്റ്‌റി പൊളിറ്റിക്‌സില്‍ കൊണ്ടു പോയി കെട്ടി പരിഹാരം തേടുകയാണ് മാമന്നനിലൂടെ സംവിധായകന്‍ ചെയ്യുന്നത്.

ഇതൊക്കെയാണെങ്കിലും അതിമനോഹരമായ ഒരു ഇടവേള സീക്വന്‍സും, തേവര്‍ മകനിലെ എസക്കിയില്‍ നിന്നുള്ള വടിവേലുവിന്റെ മാമനിലേക്കുള്ള മാറ്റം നല്‍കുന്ന രാഷ്ട്രീയമാനവും,തന്റെ സങ്കടങ്ങള്‍ പാട്ടില്‍ ഒതുക്കി കൊണ്ട് വളരെ നിസ്സഹായനായ അച്ഛനായും പിന്നീട് ഉണ്ടാകുന്ന ട്രാന്‍സ്ഫര്‍മേഷനും റിയലിസത്തോട് പറ്റിചേര്‍ന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ അഭിനയവും എ ആര്‍ റഹ്‌മാന്റെ സ്‌ക്കോറിങ്ങും ഫഹദ് ഫാസിലിന്റെ സാന്നിധ്യവും സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചും അധികാരത്തോടൊപ്പം വരുന്ന സ്ഥാനത്തിന്റെയും ഉത്തരവാദിത്തങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടും അധികാരം, പ്രതാപം, ആധിപത്യം തുടങ്ങിയവയെയൊക്കെ വിശകലന വിധേയമാക്കുന്നുമുണ്ട് സിനിമ.

logo
The Fourth
www.thefourthnews.in