അരങ്ങിൽ നിറഞ്ഞ് മയ്യഴി; അരനൂറ്റാണ്ടാകുന്ന 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' നാടകമായി അരങ്ങേറി

അരങ്ങിൽ നിറഞ്ഞ് മയ്യഴി; അരനൂറ്റാണ്ടാകുന്ന 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' നാടകമായി അരങ്ങേറി

ഒരു നോവലിൻ്റെ പെരുപ്പിൽനിന്ന് നാടകത്തിൻ്റെ അരങ്ങിലേക്ക്. എം. മുകുന്ദൻ്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിന് ''എമിൽ മാധവി നടത്തിയ നാടകാവിഷ്കാരം കണ്ണൂരിൽ നിറഞ്ഞ സദസിൽ അരങ്ങേറി

"നിറഞ്ഞ കാണികൾ,

നടുത്തളത്തിൽ അരങ്ങ്.

വെളിച്ചമണഞ്ഞ് ഇരുട്ടായി.

ഇരുട്ടിൽ ദൂരെനിന്ന് മിന്നാമിന്നികൾ വരുന്നതുപോലെ റാന്തൽ വെളിച്ചവുമായി മയ്യഴിയിലെ മനുഷ്യർ വരികയാണ് . അഴിമുഖത്തു നിന്നും കടൽ തിരയുടെ ശബ്ദം. മയ്യഴിക്കരയിലെവിടയോ ഏതോ കാലം.

ഒരു നോവലിൻ്റെ പെരുപ്പിൽനിന്ന് നാടകത്തിൻ്റെ അരങ്ങിലേക്ക്. എം മുകുന്ദൻ്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിന് എമിൽ മാധവി നടത്തിയ നാടകാവിഷ്കാരം കണ്ണൂരിൽ നിറഞ്ഞ സദസിൽ അരങ്ങേറി.

'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതി, നോവൽ വായനയ്ക്കപ്പുറം മലയാളി വായനക്കാരെ ആഴത്തിൽ അത്ഭുതപ്പെടുത്തിയ എം മുകുന്ദൻ്റെ എഴുത്താണ്. ഭാഷയും സംസ്കാരവും കൊണ്ട് കേരളീയരാവുകയും അതേസമയം സങ്കേതികമായി മാത്രം കേരളീയരല്ലാതിരിക്കുകയും ചെയ്യുന്ന ദേശക്കാരാണ് മയ്യഴിക്കാർ. ആ നാടിൻ്റ സ്വാതന്ത്ര്യത്തിനുവേണ്ടി അവർ നടത്തിയ ശക്തമായ പ്രതിരോധസമരങ്ങളുടെയും അവിടുത്തെ മനുഷ്യജീവിതങ്ങളുടെ കഥ.

നാടകത്തിൽനിന്ന്
നാടകത്തിൽനിന്ന്

പ്രതീക്ഷയും നിരാശയും ആശങ്കയുമൊക്കെ നിറഞ്ഞ ആ ദേശത്തിൻ്റെ പരിചയപെടുത്തലുകൂടിയായിരുന്നു മുകുന്ദൻ്റെ വിസ്മയിപ്പിക്കുന്ന രചന. ദാസനും ചന്ദ്രികയും ദാമു റൈട്ടറും കുറുമ്പിയമ്മയും കുഞ്ഞനന്ദൻ മാഷും ഗസ്തോൻ സായ്പ്പും എല്ലാത്തിനും മീതെ മരിച്ചവരുടെ ആത്മാവുകൾ തുമ്പികളായി പറക്കുന്ന വെള്ളിയാങ്കല്ലും ഉൾപ്പെടെ കാഴ്ചകൾ കൊണ്ട് അമ്പരിപ്പിക്കുന്നതായിരുന്നു നാടകാവതരണം.

'മയ്യഴിപ്പുഴയുടെ തീരങ്ങൾ' വായനയുടെ അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് ഈ രചനയെ അരങ്ങിലെത്തിക്കാനുള്ള ശ്രമകരമായ ദൗത്യം നടത്തിയത്. വ്യത്യസ്തമായ നാടക രൂപകൽപ്പനകളിൽ സജീവമായ യുവ നാടകകൃത്ത് എമിൽ മാധവിയാണ് 'മയ്യഴിപ്പുഴയുടെതീരങ്ങളിൽ' നാടകരൂപമെഴുതി അവതരിപ്പിച്ചത്.

ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം: എമിൽ മാധവി

ഏതൊരു മലയാളി വായനക്കാരനെയും പോലെ തന്നെ മയ്യഴിപ്പുഴയുടെ വായനയുടെ മാന്ത്രികത എന്നെയും ചെറുപ്പത്തിലെ ആഴത്തിൽ സ്പർശിച്ചിരുന്നു. അതിനാൽ വായനയിൽ ആ നോവലിനുള്ള ജനപ്രിയതയും അംഗീകാരവും എല്ലാം തിരിച്ചറിഞ്ഞതുമാണ്. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നാടകമാക്കണമെന്ന ആഗ്രഹവുമായി പ്രിയപ്പെട്ട കഥാകാരൻ എം മുകുന്ദനെ സമീപിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

എമിൽ മാധവി
എമിൽ മാധവി

ഇത്ര ബൃഹത്തായ മയ്യഴി ജീവിതം നാടകത്തിലെ അരങ്ങിലേക്ക് എങ്ങനെ ചുരുങ്ങുമെന്ന് അൽപ്പം ആശങ്കയുണ്ടായിരുന്നെങ്കിലും അത് വെല്ലുവിളിയായി ഞങ്ങളുടെ ടീം ഏറ്റെടുക്കുകയായിരുന്നു. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലായിരുന്നില്ല എന്റെ മനസ്സിൽ, നോവലിലെ മനുഷ്യരുടെ ജീവിതത്തെയാണ് ഞാൻ നോക്കിയത്. അതിലെ ചില കഥാപാത്രങ്ങൾ എന്നെ വല്ലാതെ ഉലച്ചിരുന്നു. അതിലൊന്നാണ് ഉത്തമൻ- കമ്മ്യൂണിസ്റ്റുകാരനാവുകയും തെയ്യം കെട്ടുകയും ചെയ്യുന്ന മനുഷ്യൻ. ഒരേസമയം വിശ്വാസിയും കമ്മ്യൂണിസ്റ്റുകാരനും ആവേണ്ടി വരുന്ന പ്രതിസന്ധിയിൽ പലപ്പോഴും പെട്ടുപോകുന്ന സാധാരണ മനുഷ്യൻ. എന്നാൽ അതിനെയെല്ലാം മറികടക്കുന്ന മനുഷ്യജീവിതം. ഇങ്ങനെ വ്യത്യസ്തമായ ജീവിത പരിസരങ്ങളുള്ള മനുഷ്യരാണ് മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന നോവൽ നിറയെ. ആഴ്ചകൾ മയ്യഴിയിൽ അന്വേഷണം നടത്തിയാണ് ഇതിലെ നടീനടന്മാരെ കണ്ടെത്തിയത്. പത്തൊമ്പത് ദിവസം നീണ്ട പരിശീലനത്തിനുശേഷമാണ് കണ്ണൂരിൽ ഇങ്ങനെ അരങ്ങ് ഒരുക്കിയത്.

ഇതൊരു ശ്രമം മാത്രമാണ്. പല ഘട്ടങ്ങളിലായുള്ള പുതുക്കലുകൾ തുടർന്നും ഇതിൽ വേണ്ടതുണ്ടെന്നും എമിൽ മാധവി ദി ഫോർത്തിനോട് പ്രതികരിച്ചു.

മറക്കാൻ കഴിയാത്ത കാലത്തെ ഓർമിപ്പിച്ച നാടകം: എം. മുകുന്ദൻ

നാടകാവതരണം മനോഹരമായിരുന്നു. കഥാപാത്രങ്ങളെ വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. എമിൽ മാധവി അത് നന്നായി ചെയ്യാൻ ശ്രമിച്ചു. കൂടുതലാളുകൾക്ക് നാടകം കാണാനുള്ള വേദികൾ ഉണ്ടാവട്ടെയെന്നും എം മുകുന്ദൻ പ്രതികരിച്ചു.

വേറിട്ട നാടകാനുഭവം

വ്യത്യസ്തമായ ഒരു നാടകാനുഭവം ആയിരുന്നു 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' അരങ്ങിലെത്തിയപ്പോൾ. കാണികളും അഭിനേതാക്കളുമെന്ന് വേറിട്ടുനിൽക്കാതെ ഒരേ കാലത്തിൽ ജീവിക്കുന്ന അനുഭവം. കാണിയും അരങ്ങും ഒന്നായ പോലുള്ള നാടകാനുഭവം. അരങ്ങുകളുടെ വ്യവസ്ഥാപിത രീതികളെ മാറ്റി നിർമിക്കുന്ന ' ത്രസ്റ്റ് ' നാടക സങ്കേതമാണ് ഇതിൽ ഉപയോഗിച്ചത്. ഇതാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

നാടകാരങ്ങിറങ്ങി കാണികളുടെ ഇടയിലേക്കു വരുന്ന കഥാപാത്രങ്ങൾ കാണികളോട് പ്രതികരിക്കുന്ന അനുഭവങ്ങൾ. നോവൽ വായനപോലെ തന്നെ മനോഹരമായ അനുഭവം ഉണ്ടാക്കിയ നാടകാവതരണം. നാടകത്തിൻ്റെ കലാസംവിധാനം അനൂപ് മാവണ്ടിയൂർ, ലൈറ്റ് ഡിസൈൻ അലക്സ് വി.എസ്, ക്രിയേറ്റീവ് സപ്പോർട്ട് ഡോ.റോഷ്നി സ്വപ്ന എം.എസ് പ്രവീൺ.

logo
The Fourth
www.thefourthnews.in