മോണ്‍സ്റ്റർ വേണ്ട; യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ലോക വ്യാപകമായി ചിത്രം 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ തിരിച്ചടി. എല്‍ജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കമാണ് ചിത്രത്തിന്റെ വിലക്കിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, സെന്‍സര്‍ പൂര്‍ത്തിയാക്കിയ ചിത്രം, വീണ്ടും സെന്‍സര്‍ ചെയ്ത് ക്ലിയറന്‍സ് നേടിയ ശേഷം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.
പുലിമുരുകന് ശേഷം മോഹന്‍ലാല്‍ -വൈശാഖ് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. 'പുലിമുരുകന്‍റെ' തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപക് ദേവാണ് സംഗീതം . ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.