മോഹൻലാലിനൊപ്പമെത്തി മമ്മൂട്ടി; ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലൂടെ ആദ്യം മികച്ച നടനായത് മമ്മൂട്ടി

മോഹൻലാലിനൊപ്പമെത്തി മമ്മൂട്ടി; ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലൂടെ ആദ്യം മികച്ച നടനായത് മമ്മൂട്ടി

ഇരുവർക്കും പുരസ്കാരം ലഭിച്ചത് ആറുതവണ; പ്രത്യേക പരാമർശത്തിനും ഓരോ പ്രാവിശ്യം അർഹരായി

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും അധികം തവണ മികച്ച നടനുള്ള പുരസ്കാരം നേടിയവരുടെ പട്ടികയിൽ മോഹൻലാലിനൊപ്പമെത്തി മമ്മൂട്ടി. രണ്ടുപേർക്കും ആറുതവണ വീതമാണ് പുരസ്കാരം ലഭിച്ചത്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനായെന്നതും ചരിത്രം. ഇരുവരും ഓരോ തവണ പ്രത്യേക പരാമർശത്തിനും അർഹരായിട്ടുണ്ട്

1981 ൽ അഹിംസ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടി, 1984 ൽ ആണ് ആദ്യമായി മികച്ച നടനാകുന്നത്, മമ്മൂട്ടിക്കൊപ്പം മോഹൻലാലും പ്രധാന വേഷത്തിൽ അഭിനയിച്ച അടിയൊഴുക്കുകൾ എന്ന ചിത്രമാണ് മമ്മൂട്ടിക്ക് പുരസ്കാരം നേടികൊടുത്തത്

രണ്ടുവർഷം കൂടി കഴിഞ്ഞ് 1986 ൽ ആണ് മോഹൻലാൽ ആദ്യമായി മികച്ച നടനുള്ള പുരസ്കാരം നേടുന്നത്. ചിത്രം,സത്യൻ അന്തിക്കാടിന്റെ ടി പി ബാലഗോപാലൻ എം എ

1985 ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി പ്രത്യേക പരാമർശം നേടിയപ്പോൾ 1988 ലാണ് ആ നേട്ടം മോഹൻലാലിനെ തേടിയെത്തിയത് (പാദമുദ്ര, ചിത്രം, ഉത്സവ പിറ്റേന്ന്, ആര്യൻ, വെള്ളാനകളുടെ നാട് ) പ്രേംജിയായിരുന്നു ആ വർഷത്തെ മികച്ച നടൻ.

1989 ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരങ്ങളുടെ എണ്ണം രണ്ടാക്കി. ആദ്യത്തേത് പോലെ തന്നെ രണ്ടു വർഷത്തിന് ശേഷമാണ് മോഹൻലാലിനെ തേടി മികച്ച നടനുള്ള രണ്ടാമത്തെ പുരസ്കാരം എത്തുന്നത്. അഭിമന്യൂ, ഉള്ളടക്കം,കിലുക്കം എന്നിവയായിരുന്നു സിനിമകൾ

മൂന്നാമത്തെ പുരസ്കാരം ആദ്യം ലഭിച്ചതും മമ്മൂട്ടിക്ക്. 1993 ൽ വിധേയൻ , പൊന്തൻമാട, വാത്സല്യം എന്നിവയായിരുന്നു ചിത്രങ്ങൾ. പതിവു പോലെ രണ്ടുവർഷം കഴിഞ്ഞ് 95 ൽ കാലാപാനിയിലൂടെ മോഹൻലാലും പട്ടികയിൽ ഒപ്പത്തിനൊപ്പമെത്തി

എന്നാൽ നാലാമത്തെ പുരസ്കാരം ആദ്യം തേടിയെത്തിയത് മോഹൻലാലിനെ. 1999 ൽ വാനപ്രസ്ഥത്തിലൂടെയായിരുന്നു നേട്ടം. 93 ന് ശേഷം 2004 ൽ ബ്ലസി ചിത്രം കാഴ്ചയിലൂടെയാണ് മമ്മൂട്ടി വീണ്ടും മികച്ച നടനായത്.

തൊട്ടടുത്ത വർഷം 2005 ൽ തന്മാത്രയിലൂടെയും 2007 ൽ പരദേശിയിലൂടെയും മോഹൻലാലിന്റെ പുരസ്കാരം നേട്ടം ആറിലെത്തി. 2009 ൽ പാലേരി മാണിക്യത്തിലൂടെ ലഭിച്ച നേട്ടം മമ്മൂട്ടിയുടെ പട്ടികയിൽ അഞ്ച് അടയാളപ്പെടുത്തി

വീണ്ടും പത്തൊമ്പത് വർഷത്തിന് ശേഷമാണ് ഇരുവരും പുരസ്കാര പട്ടികയിൽ ഒപ്പത്തിനൊപ്പമെത്തുന്നത്. എന്നാൽ ദേശീയ അവാർഡ് നേട്ടത്തിൽ മമ്മൂട്ടിയാണ് മുന്നിൽ, മമ്മൂട്ടി മൂന്നു തവണ മികച്ച നടനായപ്പോൾ മോഹൻലാൽ രണ്ടു തവണ മികച്ച നടനുള്ള പുരസ്കാരം നേടി. മോഹൻലാലിന് രണ്ടു തവണ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്

logo
The Fourth
www.thefourthnews.in