ലാലും ശോഭനയും ആ പ്രേമഗാനങ്ങളും

ലാലും ശോഭനയും ആ പ്രേമഗാനങ്ങളും

ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം ലാലും ശോഭനയും തരുൺ മൂർത്തിയുടെ 'എൽ 360' എന്ന ചിത്രത്തിൽ ഒരുമിക്കുന്നു എന്ന വാർത്തക്കൊപ്പം മനസ്സിൽ ഒഴുകിയെത്തുന്ന പാട്ടുകൾ എത്രയാണ്.

നായിക ശോഭനയെങ്കിൽ മനോഹരമായ ഒരു പാട്ടുണ്ടാകും മോഹൻലാലിന്റെ ചുണ്ടിൽ. കളിയും ചിരിയും കുസൃതിയും തെല്ലു കുറുമ്പുമൊക്കെ നിറഞ്ഞ പ്രണയഗാനം.

സംശയമുണ്ടെങ്കിൽ ഈ ഗാനപ്രവാഹത്തിലൂടെ ഒന്ന് കണ്ണോടിക്കുക: കറുത്ത പെണ്ണേ, മാനം തെളിഞ്ഞേ നിന്നാൽ (തേന്മാവിൻ കൊമ്പത്ത്). വൈശാഖ സന്ധ്യേ (നാടോടിക്കാറ്റ്), അന്തിവെയിൽ പൊന്നുതിരും (ഉള്ളടക്കം), ശ്രീരാഗമോ (പവിത്രം), സൂര്യാംശുവോരോ വയൽപ്പൂവിലും (പക്ഷേ), ചിങ്കാരക്കിന്നാരം, ഒരു വല്ലം പൊന്നും പൂവും (മിന്നാരം), കൈക്കുടന്ന നിറയെ (മായാമയൂരം).....

ലാലും ശോഭനയും ആ പ്രേമഗാനങ്ങളും
സ്വപ്നമായി യോദ്ധയുടെ രണ്ടാം ഭാഗം

ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം ലാലും ശോഭനയും തരുൺ മൂർത്തിയുടെ 'എൽ 360' എന്ന ചിത്രത്തിൽ ഒരുമിക്കുന്നു എന്ന വാർത്തക്കൊപ്പം മനസ്സിൽ ഒഴുകിയെത്തുന്ന പാട്ടുകൾ അങ്ങനെ എത്രയെത്ര. പ്രണയസുഗന്ധം ചൊരിയുന്നവയാണ് അവയിൽ ഭൂരിഭാഗവും. 'പക്ഷേ' യിലെ മൂവന്തിയായ് പകലിൽ രാവിൻ വിരൽസ്പർശനവും , 'മിന്നാര'ത്തിലെ നിലാവേ മായുമോയും പോലെ വിഷാദസ്പർശമുള്ള ഗാനങ്ങൾ വേറെ.

എങ്കിലും ഈ പ്രണയസഖ്യത്തിന്റെ ഓർമ്മകൾക്കൊപ്പം ഓർമ്മയിൽ ആദ്യം വന്നു നിറയുന്ന പാട്ട് മറ്റൊന്നാണ്. അത്ര വലിയ ഹിറ്റാകാതെ പോയ പാട്ട്. ഒരു പക്ഷേ യേശുദാസിന്റെ ഭാവഗാംഭീര്യമാർന്ന ആലാപനം കൊണ്ടാവാം. അല്ലെങ്കിൽ ജീവിതത്തിലാദ്യമായി ആ പാട്ട് കേട്ട് മനസ്സിൽ പതിഞ്ഞ നിമിഷങ്ങളുടെ, കാലത്തിന്റെ ആർദ്രമായ ഓർമ്മ കൊണ്ട്. ഓർമ്മകളാണല്ലോ ഏതു പ്രിയഗാനത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നത്.

പാട്ടിതാണ്: 'കുഞ്ഞാറ്റക്കിളി' കളിലെ (1986) 'പ്രഭാതം വിടർന്നൂ പരാഗങ്ങൾ ചൂടി'. എഴുതിയത് കെ ജയകുമാർ. ജോൺസന്റെയോ രവീന്ദ്രന്റെയോ സൃഷ്ടിയായി പലരും തെറ്റിദ്ധരിക്കാറുള്ള ഈ പാട്ട് ചിട്ടപ്പെടുത്തിയത് മറ്റൊരാളാണ് -- എ ജെ ജോസഫ്. അധികം സിനിമകൾക്കൊന്നും സംഗീതം പകർന്നിട്ടില്ലെങ്കിലും ചെയ്ത പാട്ടുകളിലെല്ലാം സ്വന്തം മുദ്ര പതിപ്പിച്ചിട്ടുള്ള സംഗീത സംവിധായകൻ.

ആദ്യ കേൾവിയിലേ ഹൃദയത്തെ തൊട്ട പാട്ടാണ് "പ്രഭാതം വിടർന്നൂ''. യേശുദാസിന്റെ ശബ്ദസൗന്ദര്യം പീലിവിടർത്തി നിൽക്കുന്ന പാട്ട്. "ആൻ ഈവനിംഗ് ഇൻ പാരീസി"ൽ മുഹമ്മദ് റഫി പാടിയ "അകേലേ അകേലേ കഹാം ജാ രഹേ ഹോ" എന്ന പ്രശസ്ത ഗാനത്തിന്റെ സ്മരണയുയർത്തുന്ന തുടക്കമാവാം ആ പാട്ടിനോടുള്ള ഇൻസ്റ്റന്റ് പ്രണയത്തിന് പിന്നിൽ എന്ന് തോന്നാറുണ്ട്. എന്നാൽ ആദ്യ വരിയിലേയുള്ളു ഈ സാമ്യം. പിന്നീടങ്ങോട്ട് മെലഡിയുടെ സൗമ്യമധുരമായ പ്രവാഹമാണ്.

"വികാരവീണകൾ പാടും ഗാനത്തിൻ പൂഞ്ചിറകിൽ നീ പോരുകില്ലേ ഉഷസന്ധ്യ പോലെ" എന്ന് യേശുദാസിന്റെ ഗന്ധർവ ശബ്ദത്തിൽ മോഹൻലാൽ പ്രണയലോലമായി പാടി വിളിക്കുമ്പോൾ ഏത് കാമുകിയുടെ ഹൃദയമിടിപ്പാണ് ഒരു നിമിഷം നിശ്ചലമാകാതിരിക്കുക? ''കാപാലിക എന്ന നാടകത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ നേരത്തെ ഉപയോഗിച്ച ഈണമാണ് പ്രഭാതം വിടർന്നു എന്ന പാട്ടിന്റെ പല്ലവിക്ക് പ്രചോദനമായത്. ജയകുമാർ മനോഹരമായ വരികൾ എഴുതിത്തന്നു. ജനങ്ങൾക്ക്‌ അത് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു." -- ജോസഫിന്റെ വാക്കുകൾ.

പ്രേംപ്രകാശ്
പ്രേംപ്രകാശ്

പ്രേംപ്രകാശ് നിർമ്മിച്ച പടങ്ങളിൽ ലാൽ അഭിനയിച്ച ഒരേയൊരു പടമാണ് കുഞ്ഞാറ്റക്കിളികൾ. ജിതേന്ദ്രയെ നായകനാക്കി ഗുൽസാർ സംവിധാനം ചെയ്ത 'പരിചയ്' എന്ന ഹിന്ദി ചിത്രത്തിന്റെ ആശയമായിരുന്നു ആ പടത്തിന് പ്രചോദനം. തിരക്കഥയും സംഭാഷണവും എഴുതിയത് എസ് എൽ പുരം സദാനന്ദൻ. "ചെന്നൈയിലെ പാംഗ്രൂ ഹോട്ടലിൽ വെച്ചായിരുന്നു കംപോസിംഗ്." -- പ്രേംപ്രകാശ് ഓർക്കുന്നു. "ട്യൂണിട്ട് എഴുതിയതാണ് എല്ലാ പാട്ടും. പ്രഭാതം വിടർന്നൂ എന്ന പാട്ട് തരംഗിണിയിൽ വെച്ച് യേശുദാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത നിമിഷങ്ങൾ മറക്കാനാവില്ല. സ്പീക്കറുകളിലൂടെ ആദ്യ വരി ഒഴുകിവന്നപ്പോൾ തന്നെ കോരിത്തരിച്ചു നിന്നുപോയി എല്ലാവരും."

ലാലും ശോഭനയും ആ പ്രേമഗാനങ്ങളും
പറമ്പിലെ അരളിയല്ല പാട്ടിലെ അരളി

അതേ ചിത്രത്തിൽ വേറെയുമുണ്ടായിരുന്നു മനോഹര ഗാനങ്ങൾ. "നാടകത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ച ഈണം അനുയോജ്യമായ മറ്റൊരു സന്ദർഭത്തിൽ ഗാനമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാണു എന്റെ പക്ഷം."-- സംഗീതസംവിധായകൻ ജോസഫിന്റെ വാക്കുകൾ ഓർമ്മവരുന്നു. "കുഞ്ഞാറ്റക്കിളികളിൽ ശോഭനയുടെ കഥാപാത്രം പിയാനോ വായിച്ചു കുട്ടികളെ പാട്ട് പാടിക്കേൾപ്പിക്കുന്ന ഒരു സിറ്റുവേഷൻ ഉണ്ട്. മുൻപ് എൻ എൻ പിള്ള സാറിന്റെ ഡാം എന്ന നാടകത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ച ഒരു ട്യൂണ്‍ അവിടെ നന്നായി ഇണങ്ങുമെന്ന് തോന്നി എനിക്ക്. അതേ ഈണം ക്വയർ സോംഗ് ആയി മുൻപ് ചിട്ടപ്പെടുത്തിയിട്ടുണ്ട് ഞാൻ: രാജാധിരാജാ ദേവാദിദേവാ എന്നാണ് തുടക്കം. അതേ ഈണത്തിന് അനുസരിച്ച് ജയകുമാർ ലളിതവും മനോഹരവുമായ ആശയം ഉൾക്കൊള്ളുന്ന ഒരു പാട്ട് എഴുതിത്തന്നു. അങ്ങനെയാണ് ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം എന്ന ഗാനത്തിന്റെ പിറവി."

കുഞ്ഞാറ്റക്കിളികൾക്ക് പിന്നാലെ എത്രയോ ചിത്രങ്ങളിൽ ലാൽ --ശോഭന ജോഡിയെ കണ്ടു നാം; എത്രയോ ഗാനരംഗങ്ങളിൽ അവരുടെ പ്രണയം ആസ്വദിച്ചു. എങ്കിലും "പ്രഭാതം വിടർന്നു"വിന്റെ ഭംഗി ഒന്നു വേറെ

"പ്രഭാതം വിടർന്നൂ" എന്ന ഗാനത്തെ ജോൺസൺ മാസ്റ്ററുടെ സൃഷ്ടിയായി വിശേഷിപ്പിച്ചു കേൾക്കാറുണ്ട് പലരും. ഈ തെറ്റിദ്ധാരണയുടെ പൊരുളെന്തെന്ന സംശയത്തിന് ഉത്തരം തന്നത് പ്രേംപ്രകാശ് തന്നെ. "ജോൺസണും രാജാമണിയും ചേർന്നാണ് ഗാനങ്ങളുടെ വാദ്യവിന്യാസം നിർവഹിച്ചത്. പക്ഷേ ട്യൂൺ പൂർണ്ണമായും ജോസഫിന്റേത് തന്നെ. നേരത്തെ ഞാൻ നിർമ്മിച്ച എന്റെ കാണാക്കുയിൽ എന്ന പടത്തിലും പാട്ടുകൾ ഒരുക്കിയിട്ടുണ്ട് ജോസഫ്."

മറ്റൊരു ചരിത്ര നിയോഗം കൂടി ഉണ്ടായിരുന്നു പ്രഭാതം വിടർന്നൂ എന്ന പാട്ടിന്. ഈ ഗാനത്തിന്റെ റെക്കോർഡിംഗിന് പിന്നാലെയാണ് തരംഗിണിയുടെ സ്നേഹപ്രതീകം എന്ന കൃസ്തീയ ഭക്തിഗാന ആൽബത്തിന് സംഗീതം പകരാൻ ജോസഫിനെ യേശുദാസ് ക്ഷണിച്ചത്. ആ ആൽബത്തിലെ ഒരു ഗാനം ഇന്ന് ചരിത്രമാണ്: "യഹൂദിയായിലെ ഒരു ഗ്രാമത്തിൽ.." 2015 ആഗസ്റ്റ് 15 നായിരുന്നു ജോസഫിന്റെ വിയോഗം.

കുഞ്ഞാറ്റക്കിളികൾക്ക് പിന്നാലെ എത്രയോ ചിത്രങ്ങളിൽ ലാൽ --ശോഭന ജോഡിയെ കണ്ടു നാം; എത്രയോ ഗാനരംഗങ്ങളിൽ അവരുടെ പ്രണയം ആസ്വദിച്ചു. എങ്കിലും "പ്രഭാതം വിടർന്നു"വിന്റെ ഭംഗി ഒന്നു വേറെ. വിദൂര സ്മൃതികളുടെ ഭാഗമായ ഒരു കാലത്തേക്ക് "നിശാഗന്ധികൾ പൂക്കും ഏകാന്തയാമങ്ങളിൽ നീ പോരുകില്ലേ നിലാദീപ്തി പോലെ" എന്ന് പ്രണയപൂർവം ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു ആ ഗാനം; 38 വർഷങ്ങൾക്ക് ശേഷവും.

logo
The Fourth
www.thefourthnews.in