അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രം

അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷയ്ക്കും വിരാമമിട്ട് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രഖ്യാപിച്ചു. സൂപ്പര്‍ താരത്തിനോടൊപ്പമായിരിക്കും തന്‍റെ അടുത്ത സിനിമ എന്ന് ലിജോ ജോസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

"മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ് ,മാക്സ് ലാബ്സ് ,സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലാലേട്ടന്‍ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വര്‍ത്തമാനം അറിയിച്ചുകൊള്ളട്ടെ." എന്ന അടിക്കുറിപ്പോടെ മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങളും സംവിധായകന്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ തനതായ ശൈലിയിലൂടെ ഇടം നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ സംവിധായകന്‍ മലയാളത്തിന്‍റെ താരരാജാവിനോടൊപ്പം ഒന്നിക്കുന്ന സിനിമക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിരുന്നി ല്ല.

മോഹന്‍ലാലിന്‍റേതായി അവസാനം ഇറങ്ങിയ ചിത്രം മോണ്‍സ്റ്റര്‍ ആണ്. തിയറ്ററില്‍ സമ്മിശ്ര അഭിപ്രായമാണ് ചിത്രം നേടിയത് . അതിന് മുമ്പിറങ്ങിയ 12th മാനും, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹവും വിജയം നേടാതെ പോയി. ലിജോ ജോസ് പെല്ലിശ്ശേരി യോടൊപ്പമുളള ചിത്രം താരത്തിന്‍റെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളില്‍ ഒന്നായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെയും നടനെയും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ ലിജോയ്ക്ക് സാധിക്കുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്

logo
The Fourth
www.thefourthnews.in