ബറോസ് ഡിസംബറില്‍: പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്ന്
മോഹൻലാൽ

ബറോസ് ഡിസംബറില്‍: പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്ന് മോഹൻലാൽ

മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ബറോസ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ചിത്രം ബറോസ് ഡിസംബറില്‍ തീയേറ്ററുകളിലെത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നും ഡിസംബറില്‍ ചിത്രമെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മോഹൻലാൽ പറഞ്ഞു

ബറോസിന്റെ റീറെക്കോര്‍ഡിങ് നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിങ്ങും സ്‌പെഷ്യല്‍ എഫക്‌സും പുരോഗമിക്കുന്നു. ബാക്കിയെല്ലാം പൂര്‍ത്തിയാക്കിയായെന്നും മഴവിൽ മനോരമ- അമ്മ എന്റർടെയ്ൻമെന്റ് അവാർഡിന്റെ ഭാഗമായി മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിൽ മോഹൻലാൽ പറഞ്ഞു

സംവിധായകനായുള്ള മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. വാസ്‌കോഡഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി ശരിയായ പിന്‍ഗാമിയെ ഏല്‍പിക്കുന്നതിന് കാത്തിരിക്കുന്ന ഭൂതത്തിൻ്റെ കഥയാണിത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ബറോസ് : ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ എന്ന നിഗൂഡ രചനയാണ് സിനിമയ്ക്ക് ആധാരം. ഇതൊരു മലബാര്‍ തീരദേശ മിത്താണെന്നും മോഹൻലാൽ പറയുന്നു.

ആശിര്‍വാദ് സിനിമാസാണ് ബറോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ മാര്‍ക്ക് കിലിയനാണ്. മുമ്പ് മാര്‍ക്ക് കിലിയനും സംവിധായകന്‍ രാജീവ് കുമാറിനുമൊപ്പമുള്ള ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

logo
The Fourth
www.thefourthnews.in