കാലി കാർട്ടൽ മോഡലിൽ ഡോൺ മാത്യു ; ജയിലറിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതെങ്ങനെയെന്ന് പറഞ്ഞ് ജിഷാദ് ഷംസുദ്ദീൻ

കാലി കാർട്ടൽ മോഡലിൽ ഡോൺ മാത്യു ; ജയിലറിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതെങ്ങനെയെന്ന് പറഞ്ഞ് ജിഷാദ് ഷംസുദ്ദീൻ

മാത്യുവിനായി ഒരുക്കിയത് 17 ഡിസൈൻ

നെൽസൺ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയിലർ തീയേറ്ററിലും സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിക്കുമ്പോൾ മാത്യൂവായുള്ള മോഹൻലാലിന്റെ പ്രകടനം മാത്രമല്ല, ലുക്കും സ്റ്റൈലും കൂടിയാണ് ചർച്ചയാകുന്നത്. മൂന്ന് വർഷമായി മോഹൻലാലിനൊപ്പമുള്ള ജിഷാദ് ഷംസുദ്ദീനാണ് ഈ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. മോഹൻലാലിന്റെ ഗെറ്റപ്പ് തിരഞ്ഞെടുത്തതിനെ കുറിച്ചും വസ്ത്രധാരണത്തിൽ മോഹൻലാലിന്റെ ഇഷ്ടങ്ങളെ കുറിച്ചും ജിഷാദ് ഷംസുദ്ദീൻ

ദ അൾട്ടിമേറ്റ് ഡോൺ മാത്യു...

പാബ്ലോ എസ്കോബാർ കഥാപാത്രങ്ങളെ പോലെ, എഴുപതുകളിലേയും എൺപതുകളിലേയും കാലത്തെ ദ അൾട്ടിമേറ്റ് ഡോൺ അല്ലെങ്കിൽ എക്സ്ട്രാ ഓർഡിനറി ഡോൺ, ഇതാണ് മാത്യുവിന് സംവിധായകൻ നെൽസൺ ദിലീപ് കുമാർ തന്ന റഫറൻസ്. പാബ്ലോ എസ്കോബാർ സീരിസിലെ തന്നെ കഥാപാത്രമായ കാലി കാർട്ടലിന്റെ സ്റ്റൈൽ, മോഹൻലാലിനായി മാറ്റി പരീക്ഷിച്ചാണ് മാത്യുവിനായി കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പക്ഷേ മോഹൻലാലിനായി ആ സ്റ്റൈൽ കുറച്ചൂടെ ലൗഡ് ആക്കി.

പാൻസിന്റെ പ്ലീറ്റുകളും പാറ്റേണും വ്യത്യസ്തമാണ്. ഓപ്പൺ കോളർ ഹാവ് സ്ലീവ് ഷർട്ടുകളാണ് ഉപയോഗിച്ചത്. ആഭരണങ്ങളിൽ ടർക്കിഷ് - ടിബറ്റൻ വിന്റേജ് ലുക്കാണ് പിടിച്ചത്. ആന്റിക് ആഭരണങ്ങളാണ് എല്ലാം.

ആ ലുക്ക് തിരഞ്ഞെടുത്തത് മോഹൻലാൽ...

17 ഡിസൈൻ ആണ് മാത്യുവിനായി ചെയ്തത്. അതിൽ നിന്ന് അവസാനം 5 എണ്ണം തിരഞ്ഞെടുത്തു. ക്ലൈമാക്സ് സീനിൽ ഉപയോഗിച്ച ആ സ്റ്റൈൽ ലാൽ സാർ തന്നെ തിരഞ്ഞെടുത്തതാണ്. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളാണ് ലാൽ സാർ. അദ്ദേഹം തന്നെയാണ് രണ്ട് ബ്രേസ് ലെറ്റ് ഉപയോഗിക്കാം, ഡ്രസിങ് കുറച്ചൂടെ ലൗഡ് ആക്കാമെന്നൊക്കെയുള്ള നിർദേശങ്ങൾ തന്നത്. എല്ലാത്തിലും ഉപരിയായി ആ ഡ്രസ് അദ്ദേഹം ധരിച്ചത് കൊണ്ടാണ് ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്നത്. വേറെ ഒരാൾ ഈ ഡ്രസ് ഇട്ടാൽ ചിലപ്പോൾ ഈ ഇംപാക്ട് കിട്ടണമെന്നില്ല

ഈ ലുക്ക് അതുക്കും മേലെ ...

ട്രയൽ കാണിച്ചപ്പോൾ നെൽസൺ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ സംവിധായകന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാനായത് രണ്ടുകാര്യങ്ങളാണ്, ഒന്ന് അദ്ദേഹം പ്രതീക്ഷിച്ച പോലെ, അല്ലെങ്കിൽ അതുക്കും മേലെ... നെൽസൺ ആ ലുക്കിൽ സംതൃപ്തനായിരുന്നു

അദ്ദേഹം ഒരു റഫറൻസ് തന്നിരുന്നതിനാൽ തന്നെ മാത്യുവിന്റെ കോസ്റ്റ്യൂം ഡിസൈനിങ് ഒരു വെല്ലുവിളിയായിരുന്നില്ല. നെൽസൺ തന്ന റഫറൻസിനെ നമ്മുടെ രീതിയിൽ മനോഹരമാക്കുക എന്നതായിരുന്നു ടാസ്ക്, അത് ഭംഗിയായി ചെയ്യാനായി എന്ന് കരുതുന്നു

പ്രശംസയും വിമർശനങ്ങളും

മോഹൻലാലിന്റെ ലുക്കിന് കൈയടിക്കുന്നവരും കോലം കെട്ടിച്ചുവെന്ന് വിമർശിക്കുന്നവരും ഉണ്ട്. പോസിറ്റീവെന്നോ നെഗറ്റീവെന്നോ കരുതുന്നില്ല, എല്ലാവരുടേയും അഭിപ്രായങ്ങളെ മാനിക്കുന്നു.

ഇളം കളറുകളും ബ്ലാക്കും ഇഷ്ടപ്പെടുന്ന മോഹൻലാൽ

വൈറ്റ് , ബ്ലൂ, ബ്ലാക്ക് തുടങ്ങിയവയൊക്കെയാണ് മോഹൻലാലിന്റെ ഇഷ്ട നിറങ്ങൾ. പൊതുവിൽ ഇളം കളറുകളിലുള്ള ഡ്രസ് ആണ് അദ്ദേഹത്തിന്റെ ചോയിസ്. ജാപ്പനീസ് ഫാഷന്റെ ഫാനാണ് മോഹൻലാൽ. ഫാഷനും ട്രൻഡ്സും നന്നായി ഫോളോ ചെയ്യും. അപ്പോഴും കംഫർട്ടിനാണ് പ്രാധാന്യം

മോഹൻലാലിനൊപ്പമുള്ള മൂന്ന് വർഷം

മൂന്ന് വർഷം മുൻപ് മൈ ജിയുടെ പരസ്യത്തിന് വേണ്ടി ശ്രീകുമാരമേനോൻ വഴിയാണ് മോഹൻലാലിന്റെ ഡിസൈനറായി എത്തുന്നത്. ഇപ്പോൾ മൈ ജി യുടെ പരസ്യം, ബിഗ് ബോസ് ഷോ തുടങ്ങി മോഹൻലാലിന്റെ എല്ലാ ഷോകൾക്കുമുള്ള ഡ്രസ് ഡിസൈൻ ചെയ്യുന്നുണ്ട്. ആറാട്ടായിരുന്നു ആദ്യ സിനിമ. ഇനി വരാനുള്ളത് എമ്പുരാൻ...

മോഹൻലാലിന് പുറമേ ആസിഫ് അലി, മമ്ത മോഹൻദാസ് എന്നിവർക്കായി കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നതും ജിഷാദ് ആണ്. കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങൾക്കായും കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്

logo
The Fourth
www.thefourthnews.in