ഒടിടിയിലും വിസ്മയിപ്പിച്ച് മമ്മൂട്ടി; ട്രെൻഡിങ്ങായി നൻപകൽ നേരത്ത് മയക്കം

ഒടിടിയിലും വിസ്മയിപ്പിച്ച് മമ്മൂട്ടി; ട്രെൻഡിങ്ങായി നൻപകൽ നേരത്ത് മയക്കം

'നന്‍പകല്‍ നേരത്ത് മയക്കം' കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒടിടിയിലെത്തിയത്

മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലും തരംഗം സൃഷ്ടിക്കുകയാണ്. ഫെബ്രുവരി 23 ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ലിജോ പല്ലിശ്ശേരി ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സിനിമയോടുള്ള ഇഷ്ടവും മമ്മൂട്ടിയ്ക്കുള്ള പ്രശംസകളുമായി 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി നില്‍ക്കുകയാണ്.

പ്രശസ്ത എഴുത്തുകാരനായ എന്‍.എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ- 'നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മലയാളിയായ ജെയിംസ് തമിഴനായ സുന്ദരത്തിന്റെ ലുങ്കിക്കായി മുണ്ട് മാറ്റിയിടുന്നത് എനിക്ക് രോമാഞ്ചം തോന്നിയ നിമിഷങ്ങളാണ്. ആ സമയം മമ്മൂക്കയുടേത് അമ്പരിപ്പിക്കുന്ന പരിവര്‍ത്തനമാണ്. സെക്കന്റുകള്‍ക്കൊണ്ട് അയാളുടെ ശരീര ഭാഷയും പെരുമാറ്റവും മാറുകയാണ്. സല്യൂട്ട്, മാസ്റ്റര്‍ തെസ്പിയന്‍'.

നന്‍പകല്‍ നേരത്ത് മയക്കം വളരെ രസകരവും മനോഹരവുമാണ്. സിനിമ ചിന്തിപ്പിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും ശ്രമിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ നിങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ സിനിമയെ വ്യാഖ്യാനിക്കാന്‍ വേണ്ട സൂചനകള്‍ ചിത്രം ബാക്കിവയ്ക്കുന്നെന്നായിരുന്നു അവാര്‍ഡ് ജേതാവായ എഴുത്തുകാരനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്റെ ട്വീറ്റ്.

വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേയ്ക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ വലയം പ്രാപിക്കുന്നതുമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ പ്രമേയം. ലിജോയുടെ തന്നെ കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in