'സുജാതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നതിൽ അട്ടിമറി'; സിബി മലയിലിന്റെ വെളിപ്പെടുത്തൽ ശരിവച്ച് രമേഷ് നാരായണൻ

'സുജാതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നതിൽ അട്ടിമറി'; സിബി മലയിലിന്റെ വെളിപ്പെടുത്തൽ ശരിവച്ച് രമേഷ് നാരായണൻ

അവാർഡ് നിർണയത്തിൽ ഉത്തരേന്ത്യൻ ലോബിയുണ്ടെന്ന് പറയേണ്ടി വരുമെന്നും ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വേർതിരിവുണ്ടെന്നും സംഗീത സംവിധായകന്‍ രമേഷ് നാരായണൻ

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം അവസാന നിമിഷം സുജാതയിൽനിന്ന് തട്ടിമാറ്റിയെന്ന സംവിധായകൻ സിബി മലയിലിന്റെ വെളിപ്പെടുത്തൽ ശരിവച്ച് സംഗീത സംവിധായകൻ രമേഷ് നാരായണൻ. തന്നെ തഴഞ്ഞ കാര്യം പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം സുജാത പറഞ്ഞിരുന്നെന്ന് രമേഷ് നാരായണൻ ദ ഫോർത്തിനോട് പറഞ്ഞു

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'പരദേശി' എന്ന സിനിമയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ...' എന്ന ഗാനത്തിനായിരുന്നു സുജാതയെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരത്തിന് തിരഞ്ഞെടുത്തത്. രമേഷ് നാരായണനായിരുന്നു ഈ ഗാനം ഒരുക്കിയത്.

സിബി മലയിൽ ഉൾപ്പെടുന്നതായിരുന്നു ആ വർഷത്തെ പുരസ്കാര നിർണയ സമിതി. ഗായികയായി സുജാതയെയാണ് ജൂറി തിരഞ്ഞെടുത്തത്. ജൂറി സുജാതയുടെ പേര് എഴുതി നൽകുകയും ചെയ്തു. എന്നാൽ ഉന്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയരക്ടറുടെ ഇടപെടലിനെത്തുടർന്ന് പുരസ്കാരം സുജാതയ്ക്ക് നിഷേധിക്കപ്പെട്ടും പകരം ശ്രേയ ഘോഷാലിന് നൽകിയെന്നുമായിരുന്നു സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

സിബി മലയിൽ പറഞ്ഞത് അറിഞ്ഞതായും സംഭവം നേരത്തെ പലരും പറഞ്ഞ് കേട്ടിരുന്നുവെന്നും സുജാത പ്രതികരിച്ചു. മികച്ച പാട്ടായിരുന്നു 'തട്ടം പിടിച്ചു വലിക്കല്ലേ...' അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നത് ശരിയാണ്. കിട്ടിയാൽ സന്തോഷമാകുമായിരുന്നു. നിർഭാഗ്യം കൊണ്ട് കിട്ടിയില്ല. ഇക്കാര്യത്തിൽ ഇനി പ്രതികരിച്ചിട്ട് എന്താണ് കാര്യമെന്നും സുജാത പ്രതികരിച്ചു.

പി ടി കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് 'പി ടി കലയും കാലവും' എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംവിധായകൻ സിബി മലയിൽ പിടി കുഞ്ഞുമുഹമ്മദിന്റെ പരദേശി എന്ന സിനിമ ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടതായും പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്ന സുജാതയെ അവസാന നിമിഷം തഴഞ്ഞതായും വെളിപ്പെടുത്തിയത്.

'സുജാതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നതിൽ അട്ടിമറി'; സിബി മലയിലിന്റെ വെളിപ്പെടുത്തൽ ശരിവച്ച് രമേഷ് നാരായണൻ
'മോഹന്‍ലാലിന് പകരം ഷാറൂഖ് ഖാന് അവാര്‍ഡ് കൊടുത്താല്‍ പരിപാടി കൊഴുക്കുമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി സിബി മലയില്‍

മികച്ച സംവിധായകൻ, നടൻ, ഗാനരചയിതാവ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവയ്ക്കും ചിത്രം പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിന് മാത്രം പുരസ്‌കാരം ലഭിക്കുകയായിരുന്നെന്നും സിബി മലയില്‍ പറഞ്ഞു.

''ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. 'പരദേശി'ക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ, ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു.

സുജാതയ്‌ക്കെന്ന് അറിഞ്ഞപ്പോൾ 'ജബ് വി മെറ്റി'ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വിഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്. ഉത്തരേന്ത്യക്കാരോടു മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയ സംഭവമാണ്,'' സിബി മലയിൽ പറഞ്ഞു.

തന്നെ തഴഞ്ഞ കാര്യം പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം മറ്റൊരു ഗാനത്തിന്റെ റെക്കോർഡിങിന് കണ്ടുമുട്ടിയപ്പോൾ വളരെ സങ്കടത്തോടെ സുജാത പറഞ്ഞതായി രമേഷ് നാരായണൻ ദ ഫോർത്തിനോട് പറഞ്ഞു. ''പുരസ്‌കാര പ്രഖ്യാപനത്തിന് തലേദിവസം തനിക്കായിരിക്കും പുരസ്‌കാരമെന്ന് സുജാതയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ അവാർഡ് പ്രഖ്യാപന സമയത്ത് മറ്റൊരാൾക്കായിരുന്നു പുരസ്‌കാരം... സമാനമായ രീതിയിൽ മകരമഞ്ഞ് എന്ന ചിത്രത്തിന് എനിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് ചാനലുകളിൽ സ്‌ക്രോളിങ് പോയിരുന്നു,'' രമേഷ് നാരായണൻ പറഞ്ഞു.

ഏറ്റവും മനോഹരമായി ഗാനങ്ങൾ മനസിലാക്കി പാടുന്ന സുജാതയ്ക്ക് ആ പുരസ്‌കാരം ലഭിക്കാത്തതിൽ തനിക്കും വലിയ വിഷമമുണ്ടായി. ഏത് ട്യൂണും ഹൃദയത്തിൽതൊട്ട് പാടാനുള്ള കഴിവ് സുജാതയ്ക്കുണ്ടെന്നും രമേഷ് നാരായണൻ പറഞ്ഞു. അവാർഡ് നിർണയത്തിൽ ഉത്തരേന്ത്യൻ ലോബിയുണ്ടെന്ന് പറയേണ്ടി വരുമെന്നും ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വേർതിരിവുണ്ടെന്നും രമേശഷ് നാരായണൻ പറഞ്ഞു.

'തട്ടം പിടിച്ച് വലിക്കല്ലേ...' എന്ന ഗാനം പിന്നീട് പലപ്പോഴും ഉത്തരേന്ത്യയിൽ അടക്കം തന്റെ പരിപാടികൾക്ക് ആലപിച്ചപ്പോൾ അവിടെയുള്ളവർ വളരെയധികം അഭിനന്ദിച്ച ഗാനമാണെന്നും അത്തരമൊരു ഗാനത്തിനെയും ഗായികയെയും തഴഞ്ഞത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

2007 ലാണ് മോഹൻലാലിനെ നായകനാക്കി പിടി കുഞ്ഞുമുഹമ്മദ് 'പരദേശി' എന്ന ചിത്രമൊരുക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമിച്ചത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മലബാറിൽനിന്ന് ജോലിതേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോയ വലിയകത്ത് മൂസയായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിലെത്തിയത്.

മികച്ച ചമയമൊരുക്കിയതിന് പട്ടണം റഷീദിന് ദേശീയപുരസ്‌കാരവും മികച്ച നടനുള്ള കേരളസംസ്ഥാന പുരസ്‌കാരം മോഹൻലാലിനും മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം പി ടി കുഞ്ഞുമുഹമ്മദിനും ചിത്രം നേടിക്കൊടുത്തിരുന്നു.

logo
The Fourth
www.thefourthnews.in